17 June 2025, 08:47 PM IST

ജസ്പ്രീത് ബുംറ | Photo: AFP
ന്യൂഡല്‍ഹി: വിരാട് കോലിയും രോഹിത് ശര്‍മയും വിരമിച്ചതിനു പിന്നാലെ ഇന്ത്യന്‍ ടെസ്റ്റ് ടീമിനെ ആര് നയിക്കുമെന്ന വലിയ ചോദ്യം മുന്നിലുണ്ടായിരുന്നു. ടീമിലെ മുതിര്‍ന്ന താരം ജസ്പ്രീത് ബുംറയ്ക്കായിരിക്കും ചുമതല എന്ന് പലരും പ്രതീക്ഷിച്ചു. ടീമിലെ മുതിര്‍ന്ന താരമെന്നതും, രോഹിത്ത് ശര്‍മയുടെ അഭാവത്തില്‍ മുന്‍പ് നായകനായി ടെസ്റ്റ് ജയിപ്പിച്ച അനുഭവസമ്പത്തും ബുംറയ്ക്ക് അനുകൂലമായിരുന്നു. പക്ഷേ, ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ നായകനെയും ഉപനായകനെയും പ്രഖ്യാപിച്ചപ്പോള്‍ അതില്‍ ബുംറയില്ല. പകരം നയിക്കാന്‍ ശുഭ്മാന്‍ ഗില്ലും വൈസ് ക്യാപ്റ്റനായി ഋഷഭ് പന്തും.
ടീമിലെ മുതിര്‍ന്ന താരമായ ബുംറയെ എന്തുകൊണ്ട് ആ ചുമതല ഏല്‍പ്പിച്ചില്ല എന്ന ചോദ്യം അന്നുമുതല്‍ ശക്തമായി ഉയര്‍ന്നു. ഇക്കാര്യത്തില്‍ ബുംറതന്നെ അവ്യക്തത നീക്കി രംഗത്തെത്തിയിരിക്കുകയാണിപ്പോള്‍. എസ്‌കെവൈ സ്‌പോര്‍ട്‌സ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മുന്‍താരം ദിനേഷ് കാര്‍ത്തിക്കിന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ബുംറ. അജിത് അഗാര്‍ക്കറിന്റെ നേതൃത്വത്തിലുള്ള ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി തന്നെ സമീപിച്ചിരുന്നെന്നും എന്നാല്‍ വര്‍ക്ക്‌ലോഡ് മാനേജ്‌മെന്റ് കാരണം നായകനാകാനില്ലെന്ന് കമ്മിറ്റിയെ അറിയിക്കുകയായിരുന്നെന്നും ബുംറ പറഞ്ഞു.
രോഹിത് ശര്‍മയും വിരാട് കോലിയും വിരമിക്കുന്നതിനു മുന്‍പേ ബിസിസിഐയുമായി തന്റെ ജോലിഭാരത്തെക്കുറിച്ച് സംസാരിച്ചിരുന്നതായി ബുംറ പറഞ്ഞു. തന്നെ പരിചരിച്ച ഡോക്ടര്‍മാരോടും ജോലിഭാരം സംബന്ധിച്ച് ചര്‍ച്ചചെയ്തു. തുടര്‍ന്ന് നായകസ്ഥാനത്തേക്ക് വരാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ അഞ്ച് മത്സരങ്ങളും കളിക്കാന്‍ കഴിയില്ലെന്നും അറിയിച്ചു. മൂന്ന് മത്സരങ്ങള്‍ക്ക് ഒരു ക്യാപ്റ്റന്‍, രണ്ടെണ്ണത്തില്‍ മറ്റൊരാള്‍ എന്നത് ടീമിനെ സംബന്ധിച്ച് നീതിയല്ലെന്നും ബുംറ അഭിമുഖത്തില്‍ വിശദീകരിച്ചു.
Content Highlights: jasprit bumrah captaincy workload management








English (US) ·