ലണ്ടൻ∙ ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഉപയോഗിക്കുന്ന പന്തുമായി ബന്ധപ്പെട്ട് മൂന്നാം ദിനവും ഇന്ത്യൻ താരങ്ങൾ അംപയർമാർക്കു മുന്നിൽ തുടർച്ചയായി പരാതികൾ ഉന്നയിച്ചതിനു പിന്നാലെ, അതേക്കുറിച്ച് എന്തെങ്കിലും പറഞ്ഞ് മാച്ച് ഫീ കളയാനില്ലെന്ന് ഇന്ത്യൻ താരം ജസ്പ്രീത് ബുമ്ര. അംപയർമാർ തരുന്ന പന്തുകൊണ്ടാണ് എറിയുന്നതെന്നും, ചിലപ്പോൾ ലഭിക്കുന്നത് മോശം പന്തായിരിക്കുമെന്നും ബുമ്ര പ്രതികരിച്ചു. അതേക്കുറിച്ച് എന്തെങ്കിലും പറഞ്ഞ് വിവാദത്തിൽ ചാടി മാച്ച് ഫീ കളയാനില്ലെന്ന് ബുമ്ര വ്യക്തമാക്കി.
ഇംഗ്ലണ്ട് പര്യടനത്തിൽ ഇത്തവണ മത്സരത്തിനിടെ പലതവണ ഇന്ത്യൻ താരങ്ങൾ പന്തുമായി ബന്ധപ്പെട്ട് അംപയർമാർക്കു മുന്നിൽ പരാതി ഉന്നയിച്ചിരുന്നു. പന്തിന് പതിവിലും വേഗം രൂപം നഷ്ടപ്പെടുന്നതായാണ് ഇന്ത്യൻ താരങ്ങളുടെ പരാതി. മാത്രമല്ല, പകരം നൽകുന്ന പന്തുകൾ കൂടുതൽ പഴകിയതാണെന്നും ആക്ഷേപമുണ്ട്. ലോഡ്സ് ടെസ്റ്റിന്റെ മൂന്നാം ദിനവും മാറ്റിനൽകിയ പന്തുമായി ബന്ധപ്പെട്ട് ക്യാപ്റ്റൻ ശുഭ്മൻ ഗില്ലും പേസ് ബോളർ മുഹമ്മദ് സിറാജും പരാതി ഉന്നയിച്ചിരുന്നു.
‘‘പന്തിന് മാറ്റം സംഭവിച്ചുകൊണ്ടിരിക്കും. അത് നമുക്ക് നിയന്ത്രിക്കാനാകില്ലല്ലോ. കളത്തിൽ കഠിനാധ്വാനം ചെയ്താണ് ഞാൻ കുറേ ഓവറുകൾ എറിയുന്നത്. ആ പണം നഷ്ടപ്പെടുത്തുന്നില്ല. എന്തെങ്കിലും പറഞ്ഞ് മാച്ച് ഫീ കളയാൻ ഞാനില്ല’ – ബുമ്ര പറഞ്ഞു.
‘‘അംപയർമാർ തന്ന പന്തുകൊണ്ടാണ് ഞങ്ങൾ ബോൾ ചെയ്തത്. അങ്ങനയല്ലേ വേണ്ടത്. നമുക്ക് സ്വന്തം നിലയ്ക്ക് പന്തു മാറ്റാനാകില്ലല്ലോ. അതിന്റെ പേരിൽ വഴക്കിനു പോകാനും പറ്റില്ല. ചിലപ്പോൾ എല്ലാം നമ്മൾ ആഗ്രഹിച്ച രീതിയിൽ നടക്കും. ചിലപ്പോൾ ലഭിക്കുന്ന പന്ത് മോശമായിരിക്കും. ഇതെല്ലാം സ്ഥിരം സംഭവിക്കുന്നതല്ലേ’ – ബുമ്ര ചൂണ്ടിക്കാട്ടി.
അതേസമയം, പന്തുമായി ബന്ധപ്പെട്ട പ്രശ്നം ഇന്ത്യയിലാണ് സംഭവിച്ചിരുന്നതെങ്കിൽ ബ്രിട്ടീഷ് മാധ്യമങ്ങൾ എന്തൊക്കെ പ്രശ്നങ്ങളുണ്ടാക്കുമായിരുന്നുവെന്ന് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ സുനിൽ ഗാവസ്കർ ചോദിച്ചു.
‘‘മാറ്റിനൽകിയ പന്തിന് 10 ഓവറല്ല പഴക്കമെന്നും കുറഞ്ഞത് 20 ഓവർ പഴക്കമുണ്ടെന്നും ഇവിടെനിന്ന് നോക്കിയാൽ പോലും നമുക്കു മനസ്സിലാകും. ഇത് ഇന്ത്യയിലാണ് സംഭവിച്ചിരുന്നതെങ്കിൽ എന്ന് ആലോചിച്ചു നോക്കൂ. മാറ്റിയ പന്തിന്റെ പഴക്കത്തിന് തത്തുല്യമായ പഴക്കമുള്ള പന്തല്ല നൽകുന്നതെങ്കിൽ ബ്രിട്ടിഷ് മാധ്യമങ്ങൾ എന്തൊക്കെ കോലാഹലമുണ്ടാക്കുമായിരുന്നു’ – ഗാവസ്കർ ചോദിച്ചു.
രൂപമാറ്റത്തിന്റെ പേരിൽ തുടർച്ചയായി പന്തു മാറ്റുന്നത് അംഗീകരിക്കാനാകില്ലെന്ന് ഇംഗ്ലണ്ട് മുൻ താരം സ്റ്റുവാർട്ട് ബ്രോഡും പ്രതികരിച്ചു. ക്രിക്കറ്റ് പന്ത് നല്ലൊരു വിക്കറ്റ് കീപ്പറിനേപ്പോലെ ആയിരിക്കണമെന്ന് ബ്രോഡ് ചൂണ്ടിക്കാട്ടി. അപൂർവ അവസരങ്ങളിൽ മാത്രമാകണം അത് ചർച്ചയിൽ വരേണ്ടത്. ഇവിടെ പന്ത് തുടർച്ചയായി മാറ്റുകയും അത് ചർച്ചയാവുകയും ചെയ്യുന്നുണ്ടെങ്കിൽ എന്തോ പ്രശ്നമുണ്ടെന്ന് തീർച്ച. അത് പരിഹരിക്കണം. ഒരു പന്തു കുറഞ്ഞത് 80 ഓവറെങ്കിലും ഉപയോഗിക്കേണ്ടേ?’ – ബ്രോഡ് ചോദിച്ചു.
English Summary:








English (US) ·