Published: August 13, 2025 02:33 PM IST Updated: August 13, 2025 03:37 PM IST
2 minute Read
ഡാർവിൻ∙ ‘ബേബി എബി’ അഥവാ ‘ജൂനിയർ ഡിവില്ലിയേഴ്സ്’ എന്ന് ഡിയേവാൾഡ് ബ്രെവിസിന് പേരു വന്നത് എങ്ങനെയെന്ന് ഇനിയും സംശയിക്കുന്നവർ ഉണ്ടെങ്കിൽ, ദക്ഷിണാഫ്രിക്ക – ഓസ്ട്രേലിയ രണ്ടാം ട്വന്റി20 മത്സരത്തിന്റെ ഹൈലൈറ്റ്സ് കാണുക. ജോഷ് ഹെയ്സൽവുഡിന്റെ നേതൃത്വത്തിലുള്ള ഓസീസ് ബോളർമാരെ ഡാർവിനിലെ മരാര ക്രിക്കറ്റ് ഗ്രൗണ്ടിൽ തലങ്ങും വിലങ്ങും പായിച്ച് ബ്രെവിസ് നേടിയ ഐതിഹാസിക സെഞ്ചറി പ്രകടനത്തോടെ തകർന്നുവീണത് രാജ്യാന്തര ക്രിക്കറ്റിലെ ഒട്ടേറെ റെക്കോർഡുകൾ. ബ്രെവിസ് അടിച്ചുകൂട്ടിയ റെക്കോർഡുകൾ അകമ്പടിയായതോടെ, ട്വന്റി20യിൽ റൺ അടിസ്ഥാനത്തിൽ ഓസ്ട്രേലിയ വഴങ്ങുന്ന രണ്ടാമത്തെ വലിയ തോൽവിയും ഈ മത്സരത്തിലേതായി.
മത്സരത്തിലാകെ 56 പന്തിൽ 125 റൺസുമായി പുറത്താകാതെ നിന്ന ബ്രെവിസാണ് ദക്ഷിണാഫ്രിക്ക നേടിയ 53 റൺസ് വിജയത്തിന്റെ പ്രധാന ശിൽപി. 12 ഫോറും എട്ടു പടുകൂറ്റൻ സിക്സറുകളും ഉൾപ്പെടുന്നതാണ് ഐപിഎലിൽ ചെന്നൈ സൂപ്പർ കിങ്സ് താരം കൂടിയായ ബ്രെവിസിന്റെ പ്രകടനം. ട്വന്റി20യിൽ ഒരു ദക്ഷിണാഫ്രിക്കൻ താരത്തിന്റെ ഉയർന്ന സ്കോർ എന്ന റെക്കോർഡും മത്സരത്തിൽ ബ്രെവിസ് സ്വന്തമാക്കി. ബ്രെവിസാണ് പ്ലെയർ ഓഫ് ദ് മാച്ച്.
ഓസീസ് നിരയിൽ നേരിട്ട അഞ്ച് ബോളർമാർക്കെതിരെയും 20നു മുകളിൽ റൺസ് നേടിയാണ് ബ്രെവിസ് സെഞ്ചറിയിലെത്തിയത്. ഗ്ലെൻ മാക്സ്‌വെലിനെതിരെ എട്ടു പന്തിൽ 30, ജോഷ് ഹെയ്‍സൽവുഡിനെതിരെ 9 പന്തിൽ 26, ആദം സാംപയ്‌ക്കെതിരെ 13 പന്തിൽ 26, ഷോൺ ആബട്ടിനെതിരെ 13 പന്തിൽ 22, ഡ്വാർഷ്യൂസിനെതിരെ 13 പന്തിൽ 21 എന്നിങ്ങനെയാണ് ബ്രെവിസിന്റെ സമ്പാദ്യം. രാജ്യാന്തര ക്രിക്കറ്റിൽ ഒരു ട്വന്റി20 ഇന്നിങ്സിൽ അഞ്ച് വ്യത്യസ്ത ബോളർമാർക്കെതിരെ 20നു മുകളിൽ റൺസ് നേടുന്ന രണ്ടാമത്തെ മാത്രം താരമാണ് ബ്രെവിസ്. 2024ൽ സെഞ്ചൂറിയനിൽ പാക്കിസ്ഥാനെതിരെ ഈ നേട്ടം കൈവരിച്ച ദക്ഷിണാഫ്രിക്കയുടെ തന്നെ റീസ ഹെൻഡ്രിക്സാണ് ഒന്നാമൻ.
രാജ്യാന്തര ട്വന്റി20യിൽ ദക്ഷിണാഫ്രിക്കൻ താരങ്ങളിൽ ഉയർന്ന വ്യക്തിഗത സ്കോർ ബ്രെവിസിന്റെ പേരിലായി. മുൻ ക്യാപ്റ്റൻ ഫാഫ് ഡുപ്ലേസി 2015ൽ വിൻഡീസിനെതിരെ നേടിയ 119 റൺസാണ് മറികടന്നത്. രാജ്യാന്തര ട്വന്റി20യിൽ ഓസീസിനെതിരായ ഉയർന്ന വ്യക്തിഗത സ്കോറും ബ്രെവിസിന്റെ 125 റൺസാണ്. 2023ൽ ഇന്ത്യൻ താരം ഋതുരാജ് ഗെയ്ക്‌വാദ് നേടിയ 123 റണ്‍സിന്റെ റെക്കോർഡ് മറികടന്നു.
ഓസ്ട്രേലിയൻ മണ്ണിൽ രാജ്യാന്തര ട്വന്റി20യിൽ പിറക്കുന്ന ഉയർന്ന വ്യക്തിഗത സ്കോറും ഇനി ബ്രെവിസിനു സ്വന്തം. 2016ൽ സിഡ്നിയിൽ ഇന്ത്യയ്ക്കെതിരെ ഷെയ്ൻ വാട്സൻ നേടിയ 124 റൺസാണ് പിന്നിലായത്. 41 പന്തിൽ സെഞ്ചറി പിന്നിട്ട ബ്രെവിസ്, രാജ്യാന്തര ട്വന്റി20യിൽ ദക്ഷിണാഫ്രിക്കൻ താരത്തിന്റെ രണ്ടാമത്തെ വേഗമേറിയ സെഞ്ചറിയെന്ന നേട്ടവും സ്വന്തമാക്കി. 2017ൽ ബംഗ്ലദേശിനെതിരെ 35 പന്തിൽ സെഞ്ചറി കടന്ന ഡേവിഡ് മില്ലർ മാത്രം മുന്നിൽ.
ഇതിനെല്ലാം പുറമേ, രാജ്യാന്തര ട്വന്റി20യിൽ സെഞ്ചറി നേടുന്ന പ്രായം കുറഞ്ഞ താരവുമായി ഇരുപത്തിരണ്ടുകാരനായ ബ്രെവിസ്. 24–ാം വയസിൽ ന്യൂസീലൻഡിനെതിരെ സെഞ്ചറി കുറിച്ച റിച്ചാർഡ് ലെവിയാണ് പിന്നിലായത്. രാജ്യാന്തര ട്വന്റി20യിലെ ഏതാനും റെക്കോർഡുകൾ ദക്ഷിണാഫ്രിക്കയും സ്വന്തമാക്കി. ദക്ഷിണാഫ്രിക്ക കുറിച്ച 218 റൺസ്, ഓസ്ട്രേലിയയ്‌ക്കെതിരെ അവരുടെ ഉയർന്ന സ്കോറാണ്. മാത്രമല്ല, ഈ തോൽവിയോടെ തുടർച്ചയായി 9 മത്സരങ്ങളിൽ തോൽവിയറിയാതെ കുതിച്ച ഓസീസിന്റെ അജയ്യപ്രയാണത്തിനും വിരാമമായി.
ബ്രെവിസിന്റെ (56 പന്തിൽ 125 നോട്ടൗട്ട്) വെടിക്കെട്ട് സെഞ്ചറിക്കരുത്തിൽ രണ്ടാം ട്വന്റി20യിൽ ദക്ഷിണാഫ്രിക്ക 53 റൺസിനാണ് ഓസ്ട്രേലിയയെ വീഴ്ത്തിയത്. ജയത്തോടെ 3 മത്സര പരമ്പരയിൽ ദക്ഷിണാഫ്രിക്ക ഓസ്ട്രേലിയയ്ക്ക് ഒപ്പമെത്തി (1–1). 16നാണ് പരമ്പരയിലെ മൂന്നാം മത്സരം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 218 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ ഓസ്ട്രേലിയ 17.4 ഓവറിൽ 165ന് ഓൾഔട്ടായി. ടിം ഡേവിഡിന് ഒഴികെ (24 പന്തിൽ 50) മറ്റാർക്കും ഓസീസ് നിരയിൽ പിടിച്ചുനിൽക്കാൻ സാധിച്ചില്ല.
English Summary:








English (US) ·