Published: July 01 , 2025 10:04 AM IST
1 minute Read
ലണ്ടൻ∙ ഒരു വാംഅപ് മത്സരം കളിക്കുന്ന ലാഘവത്തോടെയാണ് വിമ്പിൾഡൻ ടെന്നിസ് വനിതാ സിംഗിൾസിൽ തന്റെ ആദ്യ മത്സരത്തിനായി ടോപ് സീഡ് അരീന സബലേങ്ക ഇറങ്ങിയത്. ക്വാളിഫയർ റൗണ്ട് ജയിച്ചെത്തിയ കനേഡിയൻ താരം കാഴ്സൻ ബ്രാസ്റ്റിൻ കാര്യമായ വെല്ലുവിളി ഉയർത്തിയില്ലെങ്കിലും ലണ്ടനിലെ ചൂട് ബെലാറൂസ് താരം സബലേങ്കയെ അടിക്കടി പരീക്ഷിച്ചു.
ഐസ് ബാഗുകൾ അടിക്കടി ഉപയോഗിച്ചും മെഡിക്കൽ ടൈംഔട്ടുകൾ എടുത്തും തന്നെ ‘തണുപ്പിച്ചു’ നിർത്തിയ സബലേങ്ക, മത്സരം 6-1, 7-5 ന് സ്വന്തമാക്കി. ആദ്യ സെറ്റിൽ ചിത്രത്തിലേ ഇല്ലാതിരുന്ന ബ്രാസ്റ്റിനു രണ്ടാം സെറ്റിൽ പൊരുതിത്തോറ്റതായി സമാധാനിക്കാം. വനിതാ സിംഗിൾസിലെ മറ്റു പ്രധാന മത്സരങ്ങളിൽ സെർബിയയുടെ ഓൾഗ ഡാനിലോവിച്ച്, റഷ്യയുടെ ഡയാന ഷ്നൈഡർ, യുക്രെയ്ൻ താരം എലീന സ്വിറ്റോലിന എന്നിവർ രണ്ടാം റൗണ്ടിൽ കടന്നു.
മെദ്‌വദേവ് പുറത്ത്പുരുഷ സിംഗിൾസിൽ മുൻ ലോക ഒന്നാം നമ്പർ റഷ്യയുടെ ഡാനിൽ മെദ്‌വദേവ് ആദ്യ റൗണ്ടിൽ പുറത്തായി. ഫ്രാൻസിന്റെ ബെഞ്ചമിൻ ബോൺസിയാണ് ഒൻപതാം റാങ്കുകാരൻ താരത്തെ വീഴ്ത്തിയത്. സ്കോർ: 7–6, 3–6, 7–6, 6–2. വിമ്പിൾഡനിൽ 3 വർഷത്തിനിടെ, ബെഞ്ചമിന്റെ ആദ്യ ജയമാണിത്. ആദ്യമായാണ് റാങ്കിങ്ങിൽ ആദ്യ പത്തിലുള്ള ഒരു താരത്തെ ബെഞ്ചമിൻ തോൽപിക്കുന്നത്.
മുൻ ലോക മൂന്നാം നമ്പർ സ്റ്റെഫാനോസ് സിറ്റ്സിപാസ് മത്സരത്തിനിടെ പരുക്കുമൂലം പിൻമാറി. ഫ്രാൻസിന്റെ വലന്റൈൻ റോയറുമായുള്ള മത്സരത്തിൽ 6–3, 6–2 നു പിന്നിൽ നിൽക്കെയാണ് ഗ്രീക്ക് താരം സിറ്റ്സിപാസ് പുറംവേദനമൂലം മത്സരത്തിൽനിന്നു പിൻമാറാൻ തീരുമാനിച്ചത്.
English Summary:








English (US) ·