Published: November 16, 2025 04:36 PM IST Updated: November 16, 2025 05:05 PM IST
1 minute Read
ബെംഗളൂരു∙ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 19–ാം സീസണിനു മുന്നോടിയായി നിലനിർത്തിയ താരങ്ങളുടെ പട്ടിക പുറത്തുവിട്ടതിനു പിന്നാലെ നിലവിലെ ചാംപ്യന്മാരായ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ രൂക്ഷ വിമർശനം. പേസർ യഷ് ദയാലിനെ ടീമിൽ നിലനിർത്താനുള്ള തീരുമാനത്തിനെതിരെയാണ് വിമർശനം. താരത്തിനെതിരെ രണ്ടു പീഡനക്കേസുകൾ നിലനിൽക്കെ ടീമിൽ തുടരാൻ അനുവദിച്ചതിനെതിരെ ആരാധകർ സമൂഹമാധ്യമത്തിൽ പൊട്ടിത്തെറിച്ചു. അഞ്ച് കോടി രൂപയ്ക്കാണ് താരത്തെ ഫ്രാഞ്ചൈസി നിലനിർത്തിയത്.
ഗാസിയാബാദിലും ജയ്പുരിലുമായി രണ്ടു യുവതികളാണ് യഷ് ദയാലിനെതിരെ പരാതി നൽകിയിരിക്കുന്നത്. ദീർഘകാലം താരത്തിന്റെ പങ്കാളിയായിരുന്ന യുവതിയാണ് ഗാസിയാബാദ് കേസിനാസ്പദമായ സംഭവത്തിൽ പരാതി നൽകിയിരിക്കുന്നത്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നും ശാരീരികമായി ഉപദ്രവിച്ചെന്നുമാണ് ഗാസിയാബാദ് സ്വദേശിയായ യുവതിയുടെ പരാതി. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പരാതിപരിഹാര പോർട്ടലിലൂടെ ഇക്കാര്യം അറിയിച്ചത്. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ഇന്ദിരാപുരം പൊലീസാണ് എഫ്ഐആർ റജിസ്റ്റർ ചെയ്തത്.
വിവിധ ആവശ്യങ്ങൾ പറഞ്ഞ് ഇന്ത്യൻ ക്രിക്കറ്റ് താരം പണം തട്ടിയെടുത്തെന്നും ഒരുപാടു പെണ്‍കുട്ടികളെ ഇങ്ങനെ പറ്റിച്ചിട്ടുണ്ടെന്നും പരാതിയിൽ ആരോപിക്കുന്നു. തെളിവായി ചാറ്റ് സ്ക്രീൻഷോട്ടുകൾ, വിഡിയോ കോൾ രേഖകൾ എന്നിവ തന്റെ കൈവശമുണ്ടെന്നാണു യുവതിയുടെ അവകാശവാദം. 2025 ജൂലൈയിലാണ് പൊലീസ് കേസെടുത്തത്. യഷ് ദയാൽ കോടതിയെ സമീപിച്ചതിനെ തുടർന്ന് അലഹബാദ് ഹൈക്കോടതി താരത്തെ അറസ്റ്റ് ചെയ്യുന്നതു തടഞ്ഞു.
ഇതിലും ഗുരുതരമായ ആരോപണമാണ് താരത്തിനെതിരെ ജയ്പുരിലുള്ളത്. 17–ാം വയസ്സു മുതൽ രണ്ടു വർഷത്തിലേറെ യഷ് ദയാൽ തുടർച്ചയായി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. ക്രിക്കറ്റ് കരിയറിൽ സഹായിക്കാമെന്നു വാഗ്ദാനം ചെയ്തായിരുന്നു പീഡനം. ഐപിഎലിനിടെ ഹോട്ടലുകളിൽ വച്ചു പീഡിപ്പിച്ചതായും പരാതിയുണ്ട്. തുടർന്നു പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് താരത്തിനെതിരെ കേസെടുത്തത്.
ഇതിനു പിന്നാലെ ഉത്തർപ്രദേശ് ട്വന്റി20 ലീഗിൽ പങ്കെടുക്കുന്നതിൽനിന്ന് യഷ് ദയാലിനെ വിലക്കിയിരുന്നു. എന്നിട്ടും ഐപിഎലിൽ താരത്തെ നിലനിർത്തിയതിനെതിരെയാണ് വിമർശനം ഉയർന്നത്. ക്രിമിനിൽ കേസ് നേരിടുന്ന താരങ്ങളെ ഒഴിവാക്കണമെന്ന് നിയമമില്ലെങ്കിലും ധാർമികമായി താരത്തെ ഒഴിവാക്കുന്നതായിരുന്നു നല്ലതെന്നാണ് ആരാധകപക്ഷം. ആർസിബി മാനേജ്മെന്റ് പീഡനക്കേസ് പ്രതിയെ സംരക്ഷിക്കുകയാണെന്നും കോലിയെയും യഷ് ദയാലിനെയും ഒരേ പോസ്റ്ററിൽ കാണേണ്ടി വരുന്നത് നാണക്കേടാണെന്നും സമൂഹമാധ്യമങ്ങളിൽ കമന്റ് നിറഞ്ഞു.
2025 ഐപിഎലിൽ കിരീട ജേതാക്കളായ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനായി 15 മത്സരങ്ങൾ കളിച്ച ദയാൽ 13 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. അടുത്ത വർഷത്തെ ഐപിഎലിനുള്ള ലേലത്തിനു മുന്നോടിയായി ലിയാം ലിവിങ്സ്റ്റൻ, ലുങ്കി എൻഗിഡി, മയാങ്ക് അഗർവാൾ ഉൾപ്പെടെ ആറു താരങ്ങളെയാണ് ബെംഗളൂരു റിലീസ് ചെയ്തത്. എന്നാൽ യഷ് ദയാലിനെ നിലനിർത്താൻ മാനേജ്മെന്റ് തീരുമാനിക്കുകയായിരുന്നു.
English Summary:








English (US) ·