Published: July 18 , 2025 12:41 PM IST
1 minute Read
മുംബൈ∙ ലോകത്തിലെ തന്നെ ഏറ്റവും പണക്കൊഴുപ്പുള്ള ക്രിക്കറ്റ് ബോർഡ് എന്ന ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ (ബിസിസിഐ) പ്രശസ്തിക്ക് സമീപകാലത്തെങ്ങും ഭീഷണിയുണ്ടാകില്ലെന്ന് ഉറപ്പാക്കി, കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ വരുമാനക്കണക്ക് പുറത്ത്. 2023–24 സാമ്പത്തിക വർഷം ബിസിസിഐയുടെ ആകെ വരുമാനം 9741.7 കോടി രൂപയാണെന്ന് വ്യക്തമാക്കുന്ന കണക്കുകൾ പുറത്തുവന്നു. ഇതിൽ 5761 കോടി രൂപയും ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) നിന്നു മാത്രമുള്ള വരുമാനമാണ്!
ആകെ വരുമാനത്തിന്റെ 60 ശതമാനത്തോളമാണ് ഐപിഎലിൽ നിന്നു മാത്രം ബിസിസിഐയ്ക്ക് ലഭിക്കുന്നത്. 2007ൽ ബിസിസിഐ ആരംഭിച്ച ഇന്ത്യൻ പ്രിമിയർ ലീഗിൽ, നിലവിൽ 10 ടീമുകളാണ് കളിക്കുന്നത്. ഇന്ത്യൻ താരങ്ങൾക്കു പുറമേ പാക്കിസ്ഥാൻ ഒഴികെയുള്ള വിദേശ ടീമുകളിൽ നിന്നും താരങ്ങൾ ഐപിഎലിന്റെ ഭാഗമാണ്.
ക്രിക്കറ്റ് ബോർഡിന്റെ മാത്രമല്ല, വലുപ്പച്ചെറുപ്പമെന്യേ ഇന്ത്യൻ താരങ്ങളുടെ കരിയറിൽത്തന്നെ വൻ മാറ്റങ്ങൾക്ക് വഴിമരുന്നിട്ട ഐപിഎലിൽ വരുമാനത്തിന്റെ സിംഹഭാഗവും വരുന്നത് സംപ്രേക്ഷണാവകാശത്തിൽ നിന്നാണ്. ഐപിഎലിനു പുറമേയുള്ള ബിസിസിഐയുടെ പ്രധാന വരുമാനവും സംപ്രേക്ഷണാവകാശത്തിൽ നിന്നാണ്. രാജ്യാന്തര മത്സരങ്ങളുടെ സംപ്രേക്ഷണാവകാശത്തിൽ നിന്ന് ബിസിസിഐയ്ക്ക് കഴിഞ്ഞ സാമ്പത്തിക വർഷം ലഭിച്ചത് 361 കോടി രൂപയാണെന്ന് കണക്കുകൾ പറയുന്നു.
വൻ സാമ്പത്തിക ശക്തിയായ ബിസിസിഐയുടെ പക്കൽ 30,000 കോടിയിൽപ്പരം രൂപയുണ്ടെന്നാണ് കണക്കെന്ന് സാമ്പത്തിക വിദഗ്ധനായ സന്ദീപ് ഗോയൽ പറയുന്നു. അതായത് പലിശയിനത്തിൽ മാത്രം ബിസിസിഐയ്ക്ക് ലഭിക്കുന്നത് പ്രതിവർഷം 1000 കോടി രൂപയോളമാണ്. ഇതിനെല്ലാം പുറമേ, ബിസിസിഐയുടെ വാർഷിക വരുമാനത്തിൽ പ്രതിവർഷം 10 മുതൽ 12 ശതമാനം വരെ വളർച്ചയുണ്ടെന്നും ഗോയൽ ചൂണ്ടിക്കാട്ടുന്നു.
ഇതിനെല്ലാം പുറമേ, ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്റുകൾ വാണിജ്യവൽക്കരിക്കുന്നതിലൂടെ കോടിക്കണക്കിന് രൂപയുടെ വരുമാനം നേടാനുള്ള സാധ്യതയും ബിസിസിഐയ്‌ക്കു മുന്നിലുണ്ടെന്ന് സന്ദീപ് ഗോയൽ ചൂണ്ടിക്കാട്ടി. രഞ്ജി ട്രോഫി, ദുലീപ് ട്രോഫി, സികെ നായിഡു ട്രോഫി തുടങ്ങിയ ടൂർണമെന്റുകളിൽനിന്ന് ഐപിഎൽ ഇതര വരുമാനം വർധിപ്പിക്കാനുള്ള സാധ്യത ബിസിസിഐയ്ക്ക് മുന്നിൽ അവശേഷിക്കുകയാണെന്നാണ് ഗോയൽ ചൂണ്ടിക്കാട്ടുന്നത്.
English Summary:








English (US) ·