ആരാധനാ ബിംബങ്ങളിൽ അഭിരമിക്കുന്ന പതിവ് ഇന്ത്യൻ ക്രിക്കറ്റ് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഇന്ത്യയിൽ ക്രിക്കറ്റ് മോഹത്തിനു വിത്തുപാകിയത് 1983ൽ ‘കപിലിന്റെ ചെകുത്താൻമാരുടെ’ ആദ്യ ലോകകപ്പ് നേട്ടമായിരുന്നെങ്കിൽ ആ വിത്തിനു വെള്ളവും വളവും നൽകി വളർത്തിയെടുത്തത് സച്ചിൻ തെൻഡുൽക്കറായിരുന്നു. ഇന്ത്യക്കാർക്ക് ക്രിക്കറ്റ് ഒരു മതവും സച്ചിൻ അവരുടെ ദൈവവുമാണെന്ന് ലോകം വാഴ്ത്തിപ്പാടി.
സച്ചിന്റെ വിരമിക്കലോടെ വിരാമമാകുമെന്ന് കരുതിയ ക്രിക്കറ്റ് അഭിനിവേശത്തെ കൂടുതൽ ആവേശത്തോടെ ആളിക്കത്തിച്ചത് വിരാട് ‘കിങ്’ കോലിയുടെ വരവായിരുന്നു. കാലം കോലിക്കും കർട്ടനിടാൻ ഒരുങ്ങിയപ്പോൾ ആരാധകർക്ക് ആശ്വാസമായി സിലക്ടർമാർ അവതരിപ്പിച്ച താരമാണ് ശുഭ്മൻ ഗിൽ. ‘പ്രിൻസ്’ എന്ന വിളിപ്പേരുനൽകി ക്രിക്കറ്റ് ലോകം ഗില്ലിനെ ആഘോഷിച്ചു തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. അതിനിടെയാണ്, ട്വന്റി20 ലോകകപ്പ് ടീമിൽനിന്ന്, നിലവിലെ വൈസ് ക്യാപ്റ്റൻ കൂടിയായ ഇരുപത്തിയാറുകാരൻ താരത്തെ സിലക്ടർമാർ നിർദാക്ഷിണ്യം തഴഞ്ഞത്. ഇന്ത്യൻ ക്രിക്കറ്റിലെ ‘പോസ്റ്റർ ബോയ്’ സംസ്കാരത്തിനുള്ള മരണമണി കൂടിയാണ് ഈ തീരുമാനത്തോടെ മുഴങ്ങുന്നത്.
ഗില്ലിന്റെ വരവ്അണ്ടർ 19 തലത്തിൽ ഗില്ലിന്റെ പ്രകടനം കണ്ട്, ‘എന്തൊരു പ്രതിഭ’ എന്ന് അമ്പരന്നതു സാക്ഷാൽ വിരാട് കോലിയാണ്. സാങ്കേതികത്തികവിൽ തന്നെക്കാൾ എത്രയോ മുന്നിലാണ് ഗിൽ എന്നു കോലി നൽകിയ സർട്ടിഫിക്കറ്റാണ് പഞ്ചാബിൽ നിന്നുള്ള യുവതാരത്തെ ഇന്ത്യൻ ക്രിക്കറ്റിലെ നോട്ടപ്പുള്ളിയാക്കിയത്.
ചുരുങ്ങിയ കാലംകൊണ്ട് ഇന്ത്യൻ ടീമിന്റെ ഓൾ ഫോർമാറ്റ് ഓപ്പണറായ ഗിൽ, രോഹിത് ശർമയ്ക്കു പിന്നാലെ ഇന്ത്യയുടെ ടെസ്റ്റ്, ഏകദിന ടീമുകളുടെ ക്യാപ്റ്റൻസിയും ഏറ്റെടുത്തു. നിലവിലെ ട്വന്റി20 ക്യാപ്റ്റനായ മുപ്പത്തിയഞ്ചുകാരൻ സൂര്യകുമാർ യാദവ്, അടുത്ത ലോകകപ്പോടെ കളമൊഴിയുമെന്നു മുന്നിൽ കണ്ടാണ്, ട്വന്റി20 ടീമിൽ ഗില്ലിനെ വൈസ് ക്യാപ്റ്റനായി നിയമിച്ചത്. എല്ലാ ഫോർമാറ്റിനുമായി ഒരു ക്യാപ്റ്റൻ മതിയെന്ന തീരുമാനത്തിലേക്ക് ടീം ഇന്ത്യ മടങ്ങിപ്പോകുകയാണെന്ന സൂചനയും ബിസിസിഐ നൽകി.
ട്വന്റി20യിലെ പതർച്ചടെസ്റ്റിൽ ക്യാപ്റ്റൻസി അരങ്ങേറ്റം ഗംഭീരമാക്കിയ ഗിൽ, ഏകദിനത്തിൽ ഭേദപ്പെട്ട പ്രകടനമാണ് നടത്തിവരുന്നത്. എന്നാൽ ട്വന്റി20യിൽ ഒരു വർഷത്തോളമായി ഗില്ലിന് അത്ര നല്ലകാലമല്ല. ഈ വർഷം 15 ട്വന്റി20 മത്സരങ്ങളിൽ നിന്ന് 24.25 ശരാശരിയിൽ 291 റൺസാണ് ഗില്ലിന് ആകെ നേടാനായത്.
ഈ വർഷം ഒരു സെഞ്ചറിയോ അർധ സെഞ്ചറിയോ ഗില്ലിന്റെ പേരിലില്ല. അവസാനമായി നടന്ന ദക്ഷിണാഫ്രിക്കൻ പരമ്പരയിൽ 4, 0, 28 എന്നിങ്ങനെയാണ് ഗില്ലിന്റെ സ്കോർ. ഇതോടെയാണ് ഗില്ലിനെ ലോകകപ്പ് ടീമിലേക്കു പരിഗണിക്കേണ്ടതുണ്ടോ എന്ന കാര്യത്തിൽ രണ്ടാമതൊരു ചിന്ത സിലക്ടർമാർക്കിടയിൽ വന്നത്.
ബിസിസിഐയുടെ ഇടപെടൽപ്രതിഭാ ധാരാളിത്തമുള്ള ഇന്ത്യൻ ട്വന്റി20 ടീമിൽ, തുടർച്ചയായി ഫോം ഔട്ട് ആയിട്ടും ഗില്ലിന് അവസരം നൽകുന്നതിനെതിരെ മുൻതാരങ്ങൾ ഉൾപ്പെടെ രംഗത്തെത്തിയതോടെയാണ് ബിസിസിഐ വിഷയത്തിൽ ഇടപെട്ടത്. ഇതിന്റെ ഭാഗമായി ദക്ഷിണാഫ്രിക്കയ്ക്കെതിരായ നാലാം ട്വന്റി20ക്കു മുൻപായി ചീഫ് സിലക്ടർ അജിത് അഗാർക്കർ ഇന്ത്യൻ ക്യാംപിലെത്തി. ഗില്ലിനെ ടീം ഇന്ത്യയുടെ ട്വന്റി20 ലോകകപ്പ് പ്ലാനിൽ ഒഴിവാക്കിയതായി അഗാർക്കർ നേരിട്ട് അറിയിച്ചതായാണ് വിവരം.
സഞ്ജുവിന്റെ സാധ്യതഗില്ലിനു പകരം ട്വന്റി20 ടീമിന്റെ ഓപ്പണറായി സിലക്ടർമാർ പരിഗണിച്ചത് സഞ്ജു സാംസണെയാണ്. വമ്പൻ ഇന്നിങ്സുകളെക്കാൾ പവർപ്ലേയിലെ വെടിക്കെട്ട് തുടക്കങ്ങളാണ് സഞ്ജുവിന്റെ കരുത്ത്. ന്യൂസീലൻഡിനെതിരായ ട്വന്റി20 പരമ്പരയ്ക്കു ശേഷമാണ് ടീം ഇന്ത്യ ലോകകപ്പിന് ഇറങ്ങുക.
അടുത്ത 3 മാസത്തിനിടെ കുറഞ്ഞത് 10 ട്വന്റി20 മത്സരങ്ങളെങ്കിലും ഇന്ത്യ കളിക്കും. ഇതിൽ മികവു തെളിയിക്കാൻ സാധിച്ചാൽ, സൂര്യ കളംവിടുന്നതിനു പിന്നാലെ ഇന്ത്യൻ ട്വന്റി20 ടീമിന്റെ സാരഥ്യം ഏറ്റെടുക്കാൻ സഞ്ജുവിന് അവസരം ലഭിച്ചേക്കും. പുതിയ വൈസ് ക്യാപ്റ്റൻ അക്ഷർ പട്ടേലാണ് ട്വന്റി20 ക്യാപ്റ്റൻസി സ്ഥാനത്തിനായി രംഗത്തുള്ള മറ്റൊരു താരം. എന്നാൽ നേതൃപാടവത്തോടൊപ്പം ആരാധക പിന്തുണകൂടി പരിഗണിച്ചാണ് ഇന്ത്യൻ ടീമിൽ ക്യാപ്റ്റൻമാരെ തീരുമാനിക്കുന്നതെന്നതിനാൽ സഞ്ജുവിന് തന്നെയാണ് കൂടുതൽ സാധ്യത.
പിഴച്ചതെവിടെ?അതിവേഗം കുതിക്കുന്ന ട്വന്റി20 സംസ്കാരത്തിനൊപ്പം ഓടിയെത്താൻ ഗില്ലിനു സാധിക്കുന്നില്ല എന്നതാണ് ടീമിനെ അലട്ടുന്ന പ്രധാന പ്രശ്നം. 200ന് അരികെ സ്ട്രൈക്ക് റേറ്റുമായി തകർത്തടിക്കുന്ന അഭിഷേക് ശർമയ്ക്കൊപ്പം ഇന്നിങ്സ് ഓപ്പൺ ചെയ്യാനെത്തുന്ന ഗില്ലിന്റെ പ്രഹരശേഷി 138.60 ആണ്.
അഭിഷേക് തുടക്കത്തിലേ പുറത്തായാൽ ആക്രമണത്തിന്റെ ചുമതല ഏറ്റെടുക്കേണ്ട ഗില്ലിനു പക്ഷേ അതു സാധിക്കുന്നില്ല. വർഷങ്ങളോളം ഇന്ത്യൻ ട്വന്റി20 ടീമിൽ വിരാട് കോലി നടപ്പാക്കിയ ആങ്കർ റോൾ ഏറ്റെടുക്കുക എന്നതായിരുന്നു ഗില്ലിനു മുൻപിലുള്ള മറ്റൊരു സാധ്യത. എന്നാൽ സ്ട്രൈക്ക് റേറ്റിന്റെ സമ്മർദം കാരണം ഗില്ലിന് അതും സാധിക്കുന്നില്ല.
English Summary:








English (US) ·