Published: July 11 , 2025 01:30 PM IST Updated: July 11, 2025 03:00 PM IST
1 minute Read
ലണ്ടൻ∙ ടെസ്റ്റ് ക്രിക്കറ്റിൽ പരീക്ഷിച്ച് വിജയിച്ച ബാസ്ബോളിന്റെ അതിവേഗ ശൈലി മാറ്റിവച്ച് ലോഡ്സ് ക്രിക്കറ്റ് ടെസ്റ്റിൽ പ്രതിരോധത്തിലേക്ക് വലിഞ്ഞ ഇംഗ്ലണ്ടിനെ ഗ്രൗണ്ടിൽവച്ച് പരിഹസിച്ച് ഇന്ത്യൻ നായകൻ ശുഭ്മൻ ഗിൽ. ആക്രമണം മാറ്റിവച്ച് പ്രതിരോധത്തിലേക്ക് വലിഞ്ഞ ഇംഗ്ലണ്ടിനായി, ജോ റൂട്ടും ഒലി പോപ്പും ചേർന്ന് സെഞ്ചറി കൂട്ടുകെട്ടു തീർത്തിരുന്നു. ഈ കൂട്ടുകെട്ടിനിടെ ഇംഗ്ലിഷ് താരങ്ങൾ തുടർച്ചയായി 28 പന്തുകൾ റണ്ണെടുക്കാതെ പ്രതിരോധിച്ചതിനു പിന്നാലെയാണ്, ‘ബോറൻ കളി’യെന്ന പരാമർശവുമായി ഗില്ലിന്റെ പരിഹാസം. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ പ്രചരിക്കുകയും ചെയ്തു.
ഒലി പോപ്പും റൂട്ടും ക്രീസിൽ നിൽക്കെ രണ്ടാം സെഷനിൽ ഒരു ഘട്ടത്തിൽ ഓവറിൽ മൂന്നിനും താഴെ റൺറേറ്റിലാണ് ഇംഗ്ലണ്ട് സ്കോർ ചെയ്തത്. ബാസ്ബോൾ ശൈലിയിലേക്ക് മാറിയതിനു ശേഷം കളിച്ച 73 ഇന്നിങ്സുകളിൽ ഇത് രണ്ടാം തവണ മാത്രമാണ് ഇംഗ്ലിഷ് താരങ്ങളുടെ റൺറേറ്റ് ആദ്യ 40 ഓവറിൽ മൂന്നിനു താഴേക്കു പതിക്കുന്നത്. ഇതിനു മുൻപ് 2022ൽ ലോഡ്സിൽ ന്യൂസീലൻഡിനെതിരെയാണ് ഇംഗ്ലണ്ട് ആദ്യ 40 ഓവറിൽ മൂന്നിനു താഴെ റൺറേറ്റിൽ സ്കോർ ചെയ്തത്.
ഇന്ത്യയ്‌ക്കെതിരെ ലോഡ്സിൽ രണ്ടാം സെഷനിൽ 24 ഓവറിൽ വെറും 70 റൺസാണ് ഇംഗ്ലണ്ട് താരങ്ങൾ നേടിയത്. റൺറേറ്റ് 2.91 മാത്രം. ഇതിനിടയിലാണ് ഇംഗ്ലണ്ട് താരങ്ങൾ തുടർച്ചയായി 28 പന്തുകൾ റണ്ണെടുക്കാതെ വിട്ടതും ഇന്ത്യൻ നായകൻ പരിഹാസവുമായി രംഗത്തെത്തിയതും. ‘‘തൽക്കാലം യാതൊരു എന്റർടെയ്ൻമെന്റും ഇല്ലാത്ത ക്രിക്കറ്റ് ഇതാ. അറുബോറൻ ടെസ്റ്റ് ക്രിക്കറ്റിലേക്ക് എല്ലാവർക്കും സ്വാഗതം’ – ഇതായിരുന്നു ഗില്ലിന്റെ വാക്കുകൾ.
ഇന്ത്യൻ നായകന്റെ വാക്കുകൾ സ്റ്റംപ് മൈക്ക് പിടിച്ചെടുത്തതിനു പിന്നാലെ കമന്ററി ബോക്സിലും അതിന്റെ പ്രതികരണമുണ്ടായി. ‘‘ഇപ്പോഴത്തെ റൺറേറ്റ് നോക്കിയാൽ എന്തുകൊണ്ടാണ് ശുഭ്മൻ ഗിൽ അങ്ങനെ പറഞ്ഞതെന്ന് മനസ്സിലാകും. 2.95 ആണ് റൺറേറ്റ്. ബാസ്ബോൾ എവിടെയോ അപ്രത്യക്ഷമായിരിക്കുന്നു’– കമന്റേറ്റർ ചൂണ്ടിക്കാട്ടി.
ബാസ്ബോൾ യുഗത്തിലെ ചേസിങ് വിജയങ്ങളുടെ റെക്കോർഡിനിടെ ഹോം മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുക്കുകയെന്ന അപൂർവതയുമായാണ് ഇംഗ്ലണ്ട് മത്സരം തുടങ്ങിയത്. പക്ഷേ ടോസ് വിജയിച്ചപ്പോൾ ക്യാപ്റ്റൻ ബെൻ സ്റ്റോക്സിന്റെ മുഖത്തുണ്ടായ ആവേശം ഇംഗ്ലിഷ് താരങ്ങളുടെ ബാറ്റിങ്ങിലുണ്ടായില്ല. ജസ്പ്രീത് ബുമ്രയുടെ തിരിച്ചുവരവിലൂടെ മൂർച്ചകൂടിയ ഇന്ത്യൻ ബോളിങ് നിരയെ കരുതലോടെ നേരിട്ട ഇംഗ്ലിഷ് ഓപ്പണർമാരായ ബെൻ ഡക്കറ്റും സൗക് ക്രൗലിയും പ്രതിരോധത്തിലൂന്നിയാണ് കളിച്ചത്. ബുമ്രയുടെയും ആകാശ് ദീപിന്റെയും മുഹമ്മദ് സിറാജിന്റെയും പരീക്ഷണ പന്തുകൾക്കു മുൻപിൽ പതറാതെ നിന്ന ഓപ്പണർമാർക്കു മുൻപിലേക്ക് 13–ാ ഓവറിൽ മീഡിയം പേസർ നിതീഷ് റെഡ്ഡിയെ കൊണ്ടുവന്ന ഗില്ലിന്റെ പരീക്ഷണം വിജയിച്ചു.
ഓവറിലെ മൂന്നാം പന്തിൽ ഡക്കറ്റിനെയും (23) ആറാം പന്തിൽ സാക് ക്രൗലിയെയും (18) വിക്കറ്റ് കീപ്പർ പന്തിന്റെ കൈകളിലെത്തിച്ച നിതീഷ് പരമ്പരയിലാദ്യമായി തന്റെ ‘വില’ തെളിയിച്ചു. എന്നാൽ പരിചയ സമ്പന്നരായ ജോ റൂട്ടും ഒലീ പോപ്പും (44) ക്രീസിലൊന്നിച്ചതോടെ കൂടുതൽ അപകടങ്ങളില്ലാതെ ഇംഗ്ലണ്ട് മുന്നോട്ടുപോയി. ആദ്യ സെഷനിൽ 83 റൺസ് നേടിയ റൂട്ട്–പോപ്പ് സഖ്യം രണ്ടാം സെഷനിലും ഇന്ത്യയ്ക്ക് വിക്കറ്റിന്റെ ആശ്വാസം നൽകിയില്ല. പക്ഷേ 24 ഓവറിൽ 70 റൺസ് മാത്രം നേടിയ സ്കോറിങ് നിരക്ക് ഇംഗ്ലണ്ടിന്റെ ബാസ്ബോൾ ശൈലിയെ അപ്പാടെ അട്ടിമറിക്കുന്നതായി.
English Summary:








English (US) ·