Published: July 19 , 2025 12:53 PM IST
1 minute Read
സിംഗപ്പൂർ ∙ ലോക നീന്തൽ ചാംപ്യൻഷിപ്പിനു ചൈനയിൽനിന്ന് ഒരു മെഡൽ അലർട്ട്! സിംഗപ്പൂരിൽ കഴിഞ്ഞയാഴ്ച ആരംഭിച്ച നീന്തൽ ചാംപ്യൻഷിപ്പിൽ പങ്കെടുക്കാൻ ചൈനയിൽനിന്ന് ഒരു പന്ത്രണ്ടുകാരി വരുന്നതു കാത്തിരിക്കുകയാണു ലോകം.യു സിദി എന്നാണ് ഈ പെൺകുട്ടിയുടെ പേര്. നീന്തൽക്കുളത്തിലെ ഇതുവരെയുള്ള നേട്ടങ്ങളുടെ കണക്കെടുത്താൽ പ്രായത്തെക്കാൾ വലുതാണ് സിദിയുടെ പ്രകടനം. ഈ വർഷം പങ്കെടുത്ത 3 മത്സരങ്ങളിൽ സിദിയുടെ പ്രകടനം പരിശോധിച്ചാൽ, പാരിസ് ഒളിംപിക്സിലായിരുന്നു അതെങ്കിൽ മെഡൽ നേട്ടങ്ങൾക്ക് അരികിലെത്തുമായിരുന്നു അവ.
മേയിൽ നടന്ന ചൈനീസ് നീന്തൽ ചാംപ്യൻഷിപ്പിലായിരുന്നു യു സിദിയുടെ മാസ്മരിക പ്രകടനം അരങ്ങേറിയത്. 200 മീറ്റർ ബട്ടർഫ്ലൈ സ്ട്രോക്കിൽ സിദിയുടെ ഫിനിഷിങ് ടൈം പാരിസ് ഒളിംപിക്സിലെ നാലാം സ്ഥാനത്തിനു തുല്യമായിരുന്നു.ഇതേ ചാംപ്യൻഷിപ്പിൽ 200 മീറ്റർ വ്യക്തിഗത മെഡ്‌ലെയിൽ 2 മിനിറ്റ് 10.63 സെക്കൻഡിലായിരുന്നു സിദിയുടെ ഫിനിഷ്. ഈയിനത്തിൽ 12 വയസ്സുകാരിൽ ആൺ പെൺ വ്യത്യാസമില്ലാതെ, ഏറ്റവും വേഗം ഫിനിഷ് ചെയ്ത താരം എന്ന റെക്കോർഡാണ് സിദിക്കു ലഭിച്ചത്.
സിംഗപ്പൂരിൽ ലോക നീന്തൽ ചാംപ്യൻഷിപ്പിൽ 200, 400 മീറ്റർ വ്യക്തിഗത മെഡ്‍ലെ, 200 മീറ്റർ ബട്ടർഫ്ലൈ എന്നീ ഇനങ്ങളിലാണു യു സിദി മത്സരിക്കുക. ഇത്ര ചെറുപ്പത്തിൽ തന്നെ ഒളിംപിക്സ് നിലവാരത്തിലുള്ള പ്രകടനം നടത്താൻ സാധിക്കുന്ന യു സിദിയെ നീന്തൽക്കുളത്തിലെ ഭാവിതാരമെന്ന നിലയ്ക്കാണ് കായികലോകം കാണുന്നത്.
English Summary:








English (US) ·