20 July 2025, 12:26 PM IST

തരുൺ മൂർത്തിയും ലോകേഷ് കനകരാജും | ഫോട്ടോ: Instagram
രണ്ട് ഇൻഡസ്ട്രികളിലെ വലിയ താരങ്ങളുമായി ചിത്രങ്ങൾ ചെയ്ത് ബ്ലോക്ക്ബസ്റ്റർ ഹിറ്റുകളടിച്ച രണ്ട് യുവസംവിധായകർ ഒന്നിച്ച് ഒരു ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നു. തരുൺ മൂർത്തിയും ലോകേഷ് കനകരാജുമാണ് അവർ. തരുൺ മൂർത്തി കഴിഞ്ഞദിവസം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രം പുതിയ വാർത്തകൾക്കും അഭ്യൂഹങ്ങൾക്കും ഇടയാക്കിയിരിക്കുകയാണ്.
തുടരും എന്ന ചിത്രം മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായതിനുപിന്നാലെ ടോർപ്പിഡോ എന്ന പുതിയ ചിത്രത്തിന്റെ പണിപ്പുരയിലാണ് തരുൺ മൂർത്തി. ബിനു പപ്പുവാണ് തിരക്കഥ. ഫഹദ് ഫാസിൽ, അർജുൻദാസ്, നസ്ലിൻ എന്നിവരാണ് ചിത്രത്തിൽ മുഖ്യവേഷങ്ങളിൽ. ലോകേഷ് കനകരാജ് ആകട്ടെ രജനികാന്ത് നായകനാവുന്ന കൂലി എന്ന ചിത്രം ആഗസ്റ്റ് 14-ന് റിലീസിനൊരുങ്ങുന്നതിന്റെ തിരക്കിലും. ഇതിനിടയിലാണ് ഈ രണ്ട് ഹിറ്റ്മേക്കർമാരും ഒരുമിച്ചൊരു ചിത്രം പുറത്തുവന്നിരിക്കുന്നത്.
കാഴ്ചപ്പാടുകൾ ഒന്നുചേരുമ്പോൾ എന്നാണ് തരുൺ മൂർത്തി ചിത്രത്തിന് നൽകിയിരിക്കുന്ന തലക്കെട്ട്. പോസ്റ്റ് ചെയ്ത് അധികനേരമാവുന്നതിനുമുൻപ് ഇരുസംവിധായകരുടേയും ആരാധകർ ചേർന്ന് ചിത്രം അക്ഷരാർത്ഥത്തിൽ വൈറലാക്കി. രണ്ടുപേരും ചേർന്ന് ഒരു സിനിമ വരുന്നുണ്ടെന്നാണ് ആരാധകർ ഈ കൂടിക്കാഴ്ചയ്ക്ക് നൽകിയിരിക്കുന്ന വ്യാഖ്യാനം. നടൻ ഫർഹാൻ ഫാസിലും കമന്റിട്ടവരിൽ ഉണ്ട്.
എന്തോ വലുത് വരാനിരിക്കുന്നുവെന്നാണ് ഒരാളുടെ കമന്റ്. രണ്ട് ക്വിന്റൽ ഇടി മാസ്റ്റേഴ്സ് എന്നാണ് മറ്റൊരു പ്രതികരണം. തുടരും സിനിമയിലെ മോഹൻലാലിന്റെ കഥാപാത്രമായ ഷൺമുഖം ജയിലിൽ നിന്നിറങ്ങി എൽസിയുവിൽ കയറാൻ ചാൻസ് ഉണ്ടോ എന്ന് ചോദിച്ചവരുണ്ട്. തരുൺ മൂർത്തി നിലവിൽ പ്രഖ്യാപിച്ചിരിക്കുന്ന ടോർപ്പിഡോ എന്ന ചിത്രം ലോകേഷ് കനകരാജ് സിനിമാറ്റിക് യൂണിവേഴ്സിൽ പെട്ടതാണോ എന്നാണ് മറ്റൊരാളുടെ സംശയം. ടോർപ്പിഡോയിലെ അർജുൻ ദാസിന്റെ സാന്നിധ്യമാണ് ഇതിനുകാരണം.
ലോകേഷ് നിർമിക്കുന്ന ചിത്രം തരുൺ മൂർത്തിയാണോ സംവിധാനം ചെയ്യുന്നതെന്ന് ചോദിച്ചവരും ഉണ്ട്. എന്തായാലും ഇരുവരും ഒരുമിച്ച് ഒരു സിനിമ വന്നാൽ നന്നായിരിക്കും എന്നാണ് ഭൂരിഭാഗം പേരുടേയും അഭിപ്രായം.
Content Highlights: A photograph of deed directors Tharun Moorthy and Lokesh Kanagaraj sparks instrumentality theories
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·