എന്ത് എങ്ങനെ ചെയ്യുമെന്ന് യാതൊരു ബോധവുമില്ലാത്തവരാണ് പാകിസ്താൻ, വിജയം ഇന്ത്യയ്ക്ക്- നവ്യാ നായർ

8 months ago 9

10 May 2025, 09:45 AM IST

navya nair

നവ്യാ നായർ | Photo: Facebook/ Navya Nair., Screen grab/ YouTube: KOTTARAKKARA MEDIA

പാകിസ്താന്‍ ആക്രമണവും തിരിച്ചടിയും തുടരുന്നതിനിടെ ഇന്ത്യന്‍ സൈന്യത്തിനുവേണ്ടി പ്രാര്‍ഥിക്കാന്‍ ആഹ്വാനംചെയ്ത് നടി നവ്യാ നായര്‍. സ്വന്തം ഇഷ്ടങ്ങളും ആഗ്രഹങ്ങളും പ്രാര്‍ഥിക്കുന്നതിനൊപ്പം ഇന്ത്യന്‍ സൈന്യത്തിനുവേണ്ടി ഒരുനിമിഷം പ്രാര്‍ഥിക്കണമെന്ന് നവ്യാ നായര്‍ പറഞ്ഞു. കൊട്ടാരക്കര പടിഞ്ഞാറ്റിന്‍കര ശ്രീമഹാദേവര്‍ ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട പരിപാടിയില്‍ സംസാരിക്കുകയായിരുന്നു നവ്യ. പ്രസംഗത്തിനിടെ താരം വന്ദേമാതരം മുഴക്കി.

നവ്യയുടെ വാക്കുകള്‍:
ഇപ്പോള്‍ വരുന്നവഴി വായിച്ചതാണ്, മിസൈല്‍ നമ്മുടെ മുറ്റത്തേക്ക് വീഴാത്ത കാലത്തോളം നമ്മളെ സംബന്ധിച്ച് യുദ്ധം മറ്റെവിടെയോ നടക്കുന്ന പൂരമാണ്. നമ്മള്‍ ആരും ആ യുദ്ധത്തിന്റെ തീവ്രതയോ ഭീകരതയോ അറിയുന്നില്ല. പക്ഷേ, നമുക്ക് ചെയ്യാന്‍ പറ്റുന്നത് ഒന്നേയുള്ളൂ.

നമുക്ക് ദൈവത്തോട് പറയാന്‍ നൂറുകൂട്ടം കാര്യങ്ങളുണ്ടാവുമല്ലേ? പ്രാര്‍ഥനകളുടെ പെരുമഴയാണ്. നിങ്ങളുടെ ഇഷ്ടങ്ങളും ആഗ്രഹങ്ങളും പ്രാര്‍ഥിക്കുന്നതിനൊപ്പം, നമുക്കുവേണ്ടി യുദ്ധംചെയ്യാന്‍ സന്നദ്ധരായി പോകുന്ന, നമുക്കുവേണ്ടി ജീവന്‍ പണയപ്പെടുത്തി മുന്നിലേക്കിറങ്ങുന്ന ഇന്ത്യന്‍ ആര്‍മിക്കുവേണ്ടി നമുക്ക് ഒരുനിമിഷം പ്രാര്‍ഥിക്കണം. യുദ്ധം എന്നും ഒരുപാട് നഷ്ടങ്ങളുണ്ടാക്കുന്ന അവസ്ഥയാണ്.

ഇന്ന് നമ്മള്‍ ഏവരും ഉറ്റുനോക്കുന്നത് പാകിസ്താനെതിരെ ഇന്ത്യ എന്തുചെയ്തു എന്നായിരിക്കും. എന്ത് ചെയ്യും എങ്ങനെ ചെയ്യുമെന്ന് യാതൊരു ബോധ്യവുമില്ലാത്ത ആള്‍ക്കാരാണ് അപ്പുറത്തുനില്‍ക്കുന്ന പാകിസ്താന്‍. അതുകൊണ്ട് ഇപ്പുറത്തുനില്‍ക്കുന്ന ഇന്ത്യക്കാര്‍ ഒന്നൊരുമിച്ച്, വന്ദേമാതരം വിളിക്കണം. അതുമാത്രമേ പ്രാര്‍ഥിക്കാനുള്ളൂ. നമ്മുടെ ഇന്ത്യന്‍ ആര്‍മിക്ക് നമ്മള്‍ കൊടുക്കേണ്ട് ഈ ഇന്‍സ്പിരേഷനാണ്. ഒന്നിച്ച് ഒറ്റക്കെട്ടായിനിന്ന് പോരാടണം. വിജയം സുനിശ്ചിതം, ഇന്ത്യ തന്നെയായിരിക്കും വിജയിക്കുന്നുണ്ടാവുക. എല്ലാ അര്‍ഥത്തിലും സമാധാനം നിലനിര്‍ത്താന്‍ കഴിയട്ടെ. ഇനിയൊരു പഹല്‍ഗാം ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്നോടിയായി മാറട്ടെ. ഇത് വലിയൊരു യുദ്ധത്തിലേക്ക് കലാശിക്കാതിരിക്കട്ടെ. പെട്ടെന്ന് തന്നെ ഇതൊക്കെ മാറട്ടെ. നമ്മുടെയും നമ്മുടെ സഹോദരങ്ങളുടേയും ജീവിതം സമാധാനത്തിലാവട്ടെ. ഇന്ത്യയില്‍ സമാധാനം നിലനിര്‍ത്താന്‍ സാധിക്കട്ടെ.

Content Highlights: Actress Navya Nair calls for prayers for the Indian Army amidst ongoing tensions with Pakistan

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article