
ധനുഷ് കുബേര എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചടങ്ങിൽ | ഫോട്ടോ: X
ചെന്നൈ: തനിക്കെതിരെ നടക്കുന്ന കുപ്രചരണങ്ങൾക്കെതിരെ തുറന്നടിച്ച് നടൻ ധനുഷ്. എന്ത് കുപ്രചരണങ്ങൾ വേണമെങ്കിലും തനിക്കെതിരെ നടത്തിക്കോളൂ എന്ന് അദ്ദേഹം പരിഹസിച്ചു. എന്ത് നെഗറ്റിവിറ്റി വേണമെങ്കിലും പ്രചരിപ്പിച്ചോളൂ എന്നും തന്നെ നശിപ്പിക്കാൻ ശ്രമിക്കുന്നവർ സ്വയം വിഡ്ഢികളാവുകയേ ഉള്ളൂവെന്നും ധനുഷ് പറഞ്ഞു. തന്റെ പുതിയ ചിത്രമായ കുബേരയുടെ ഓഡിയോ ലോഞ്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തന്റെ ഓരോ സിനിമ പുറത്തിറങ്ങുന്നതിനും ഏതാണ്ട് ഒന്നര മാസം മുൻപ് തനിക്കെതിരെ ശക്തമായ നെഗറ്റീവ് പ്രചാരണം നടക്കുന്നതായി ധനുഷ് പറഞ്ഞു. പക്ഷേ 23 വർഷമായി തനിക്കൊപ്പം തൂണുപോലെ നിലകൊള്ളുന്ന ആരാധകരുള്ളിടത്തോളം അവർക്ക് ഒന്നും ചെയ്യാനാവില്ല. അവർ തന്റെ സുഹൃത്തുക്കളാണ്. എത്ര കിംവദന്തികൾ വേണമെങ്കിലും പ്രചരിപ്പിക്കാം. തന്നെക്കുറിച്ച് എന്ത് മോശം വാർത്തകളും പ്രചരിപ്പിക്കാം. പക്ഷേ കിംവദന്തികൾ പ്രചരിപ്പിച്ച് നശിപ്പിക്കാം എന്ന് കരുതുന്നുണ്ടെങ്കിൽ അതിനേക്കാൾ വലിയ മണ്ടത്തരം വേറെയില്ലെന്നും ധനുഷ് ഊന്നിപ്പറഞ്ഞു.
"നിങ്ങൾ ആരായിരുന്നാലും, എങ്ങനെ ചിന്തിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് ജീവിതം മുന്നോട്ടുപോകുന്നത്. നിങ്ങൾക്ക് വരേണ്ടത് നിങ്ങൾക്കുതന്നെ വരും. അത് നിങ്ങളിൽനിന്ന് ആർക്കും തട്ടിപ്പറിക്കാൻ കഴിയില്ല. സന്തോഷമായിരിക്കുക. സന്തോഷം ഒരു തിരഞ്ഞെടുപ്പാണ്. അത് നിങ്ങളുടെ ഉള്ളിലാണ്. ഒരു ദിവസം ഒരു നേരത്തെ ഭക്ഷണം പോലും കഴിക്കാൻ ബുദ്ധിമുട്ടിയ ഒരു കാലമുണ്ടായിരുന്നു. ഇന്ന് ഞാൻ നല്ല നിലയിലാണ്. പക്ഷേ, ഏത് അവസ്ഥയിലായിരുന്നാലും ഞാൻ സന്തോഷവാനാണ്. കാരണം ഞാൻ ഒരിക്കലും പുറത്ത് സന്തോഷം തേടിയിട്ടില്ല. ഞാൻ എന്നിലെ സന്തോഷമാണ് തേടിയത്.
ജീവിതത്തിൽ സമാധാനത്തിനും സന്തോഷത്തിനും അപ്പുറം മറ്റൊന്നുമില്ല. ഇത്രയധികം വർഷളായി എന്റെ ജീവിതത്തിൽ ഉയർച്ചകളും താഴ്ചകളും ഉണ്ടായിട്ടും, എന്റെ ഈ യാത്രയിലുടനീളം നിങ്ങളെല്ലാവരും എന്റെ കൂടെയുണ്ടായിരുന്നു. ഞാൻ ഭാഗ്യവാനും നന്ദിയുള്ളവനുമാണ്." ധനുഷിന്റെ വാക്കുകൾ. 2026-ൽ വെട്രിമാരൻ സംവിധാനം ചെയ്യുന്ന വട ചെന്നൈ-2ൽ താൻ ജോയിൻ ചെയ്യുമെന്നും ധനുഷ് പറഞ്ഞു. മുൻഭാര്യ ഐശ്വര്യ രജനികാന്തും മക്കളും ഓഡിയോ ലോഞ്ചിൽ പങ്കെടുത്തിരുന്നു.
നിമിഷനേരംകൊണ്ടാണ് ധനുഷിന്റെ വാക്കുകൾ വൈറലായത്. നയൻതാരയെ ആണോ ധനുഷ് ലക്ഷ്യംവെയ്ക്കുന്നതെന്നായിരുന്നു വിവിധ സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളിൽ വന്ന പ്രതികരണങ്ങൾ. നയൻതാരയും ധനുഷുമായി ഉടലെടുത്ത പകർപ്പവകാശ സംബന്ധമായ കേസാണ് ഇങ്ങനെയൊരു ചർച്ച ഉയർന്നുവരാനുള്ള കാരണം. ധനുഷ് നിർമിച്ച നാനും റൗഡി താൻ എന്ന ചിത്രത്തിലെ ഒരു രംഗം നയൻതാരയെക്കുറിച്ചുള്ള നെറ്റ്ഫ്ളിക്സ് ഡോക്യുമെന്ററിയിൽ ഉൾപ്പെടുത്താൻ ധനുഷ് വിസമ്മതിച്ചതാണ് ഇരുവരും തമ്മിൽ നിയമയുദ്ധമുണ്ടാകാൻ കാരണം.
ശേഖർ കമ്മുലയാണ് കുബേര സംവിധാനം ചെയ്തത്. നാഗാർജുന, രശ്മിക മന്ദാന, സായാജി ഷിൻഡേ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ദേവി ശ്രീ പ്രസാദാണ് സംഗീതം നൽകിയിരിക്കുന്നത്. ചിത്രം ഈ മാസം 20-ന് റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ട്.
Content Highlights: Dhanush addresses rumors, discusses happiness, Kuberaa`s audio launch, Vada Chennai 2 update





English (US) ·