'എന്നെ അനുകരിച്ചാല്‍ എന്തുകിട്ടും, എനിക്ക് അത്രയേ വിലയുള്ളോ' ; വിഎസിനെ അനുസ്മരിച്ച് മനോജ് ഗിന്നസ്

6 months ago 6

VS Achuthanandan-Manoj Guinness

Photo: Facebook/Manoj Guinness

മുന്‍മുഖ്യമന്ത്രിയും സിപിഎം നേതാവുമായ വി.എസ്. അച്യുതാനന്ദന്റെ വിയോഗത്തില്‍ അനുശോചിച്ച് ഓര്‍മക്കുറിപ്പ് പങ്കുവെച്ച് നടനും മിമിക്രി ആര്‍ടിസ്റ്റുമായ മനോജ് ഗിന്നസ്. എന്നെ അനുകരിക്കുന്നതില്‍ താങ്കളെയാണ് എനിക്കേറെ ഇഷ്ടമെന്ന് അദ്ദേഹം പറഞ്ഞ വാക്കുകളാണ് തനിക്ക് ഏറ്റവുമധികം അഭിമാനം സമ്മാനിച്ചിട്ടുള്ളതെന്ന് മനോജ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. വിഎസിനെ ഏറ്റവും മികച്ച രീതിയില്‍ അനുകരിക്കുന്നതില്‍ ശ്രദ്ധ നേടിയിട്ടുള്ള കാലാകാരനാണ് മനോജ് ഗിന്നസ്.

സിനിമാലയിലാണ് ആദ്യമായി സഖാവിന്റെ രൂപസാദൃശ്യം അവതരിപ്പിച്ചത്. ലോകമലയാളികള്‍ അത് ഏറ്റെടുക്കുകയായിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. പിന്നീട് ഒരിക്കല്‍ സഖാവിനെ നേരിട്ട് കാണാന്‍ അവസരം ലഭിച്ചപ്പോഴാണ് എന്നെ അനുകരിക്കുന്നതില്‍ എനിക്ക് ഏറെ ഇഷ്ടം നിങ്ങളെയാണെന്ന് അച്യുതാനന്ദന്‍ പറഞ്ഞതെന്നാണ് മനോജ് കുറിക്കുന്നത്.

തന്നെ അനുകരിക്കുന്നതിലൂടെ താങ്കള്‍ക്ക് എന്ത് കിട്ടുമെന്നായിരുന്നു അദ്ദേഹത്തിന് പിന്നീട് അറിയേണ്ടിയിരുന്നത്. 2500 രൂപ കിട്ടുമെന്ന് അറിയിച്ചപ്പോള്‍ എനിക്ക് അത്രയേ വിലയുള്ളോയെന്ന് ചോദിച്ച് പൊട്ടിച്ചിരിക്കുകയായിരുന്നുവെന്നും മനോജ് ഓര്‍ത്തെടുക്കുന്നു.

മനോജ് ഗിന്നസിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്

പ്രിയ സഖാവിനു വിട...

ഏഷ്യാനെറ്റ് സിനിമാലയില്‍ ആദ്യമായി സഖാവിന്റെ രൂപ സാദൃശ്യം ഞാന്‍ അവതരിപ്പിച്ചു. ലോക മലയാളികള്‍ അതേറ്റുവാങ്ങി... ഒരിക്കല്‍ സഖാവിനെ നേരിട്ട് കാണുവാനും സാധിച്ചു. അന്നെന്റെ തോളില്‍ തട്ടി കൊണ്ട് പറഞ്ഞു 'എന്നെ അനുകരിക്കുനതില്‍ താങ്കളെ ആണ് എനിക്കേറെ ഇഷ്ടം എന്ന്. അഭിമാനം തോന്നിയ നിമിഷമായിരുന്നു എനിക്ക്. പിന്നീട് ചിരിച്ചു കൊണ്ട് എന്നോട് ചോദിച്ചു, 'എന്നെ അനുകരിക്കുന്നതില്‍ താങ്കള്‍ക്ക് എന്തു കിട്ടുമെന്ന്. ഞാന്‍ പറഞ്ഞു 2500 രൂപ കിട്ടുമെന്ന്.' അപ്പോള്‍ എനിക്കത്രയേ വിലയൊള്ളോ' എന്ന് പറഞ്ഞു ചിരിച്ചു...

ഇഷ്ടപ്പെട്ട കമ്മ്യൂണിസ്റ്റ് നേതാക്കളില്‍ എനിക്കേറ്റവും പ്രിയപ്പെട്ട വിഎസ് ന് കണ്ണീരില്‍ കുതിര്‍ന്ന ആദരാഞ്ജലികള്‍

തിങ്കളാഴ്ച വൈകിട്ട് 3.20-ഓടെയായിരുന്നു വി.എസിന്റെ വിയോഗം. മുഖ്യമന്ത്രിസ്ഥാനമൊഴിഞ്ഞ ശേഷം വാര്‍ധക്യസഹജമായ അവശതകളുമായി വിശ്രമജീവിതം നയിച്ചുവന്ന വി.എസിനെ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ജൂണ്‍ 23-ന് തിരുവനന്തപുരം എസ്.യു.ടി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഭാര്യ വസുമതിയും മക്കളായ വി.എ. അരുണ്‍കുമാറും വി.വി. ആശയും മരണസമയത്ത് ഒപ്പമുണ്ടായിരുന്നു.

Content Highlights: Actor and mimicry creator Manoj Guinness shares a touching tribute to erstwhile CM VS Achuthanandan

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article