
അദ്നൻ സമി | ഫോട്ടോ: Instagram
പാകിസ്താനെതിരെ നിരന്തരം വിമർശനം ഉന്നയിക്കുന്നയാളാണ് ഗായകൻ അദ്നൻ സമി. പാകിസ്താനിൽനിന്ന് തനിക്ക് എതിരെയുള്ള വെറുപ്പും വിദ്വേഷത്തെക്കുറിച്ചും തുറന്നുപറഞ്ഞിരിക്കുകയാണ് അദ്ദേഹം ഇപ്പോൾ. ഒരു ബന്ധം വേർപിരിയുന്നതിനോടാണ് അദ്ദേഹം ഇതിനെ ഉപമിച്ചത്. വെറുക്കാൻ കാരണങ്ങൾ കണ്ടെത്തുന്നത് മറക്കാൻ കഴിയാത്തുകൊണ്ടാണെന്ന് സമി പറഞ്ഞു. തന്നെ ആഘോഷിച്ചത് ഇന്ത്യക്കാരാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
"ഇതൊരു മുൻ പ്രണയിതാവിനെപ്പോലെയാണ്. നിങ്ങൾ മറ്റൊരാളോടൊപ്പം മുന്നോട്ട് പോകുന്നത് കാണുമ്പോൾ, നിങ്ങളെ വെറുക്കാൻ അവർ എപ്പോഴും കാരണങ്ങൾ കണ്ടെത്തും. എന്നാൽ അവർ യഥാർത്ഥത്തിൽ അങ്ങനെ ചെയ്യുന്നത് നിങ്ങളെ അവർക്ക് മറക്കാൻ കഴിയാത്തതുകൊണ്ടാണ്. ഇത് സ്നേഹമാണ്, സ്നേഹം പല വിചിത്രമായ വഴികളിലൂടെയും പ്രകടമാകാം." അദ്‌നാൻ പറഞ്ഞു. തനിക്കെതിരെ ഉയരുന്ന നീരസം യുക്തിക്ക് പകരം അസൂയയിൽ നിന്ന് ഉടലെടുക്കുന്നതാണെന്ന് അദ്ദേഹം വിശദീകരിച്ചു.
തന്റെ ദീർഘകാലമായുള്ള അമർഷം പാകിസ്ഥാൻ സർക്കാരിനോടാണെന്നും അവിടുത്തെ പൗരന്മാരോടല്ലെന്നും അദ്ദേഹം ആവർത്തിച്ചു. നിരവധി ഹിറ്റുകൾ സ്വന്തമായുള്ള ലോകപ്രശസ്തനായ കലാകാരനായിട്ടും, പാകിസ്ഥാൻ സർക്കാർ തന്റെ സംഭാവനകളെ ഒരിക്കലും അംഗീകരിച്ചിട്ടില്ലെന്ന് അദ്‌നാൻ കുറ്റപ്പെടുത്തി. "എന്റെ പ്രശ്നങ്ങൾ എപ്പോഴും പാകിസ്ഥാൻ സർക്കാരുമായിട്ടായിരുന്നു. അവർ എന്റെ സൃഷ്ടികളെ ഒരിക്കലും അംഗീകരിക്കുകയോ ഏതെങ്കിലും വിധത്തിൽ എന്നെ ആദരിക്കുകയോ ചെയ്തിട്ടില്ല."അദ്ദേഹത്തിന്റെ വാക്കുകൾ.
ഒരു കലാകാരനെ സംബന്ധിച്ചിടത്തോളം, ഏറ്റവും വലിയ പോഷണം സ്നേഹമാണെന്ന് അദ്നൻ സമി പറഞ്ഞു. അതിനാൽ, ലോകത്തിന്റെ ഏത് കോണിൽ നിന്ന് ആ സ്നേഹം ലഭിച്ചാലും, കലാകാരന്മാർ അതിനോട് വളരെ നന്ദിയുള്ളവരായിരിക്കും. തന്റെ സംഗീതം എല്ലാവർക്കുമുള്ളതാണ്. സംഗീതത്തിന് താൻ അതിരുകളൊന്നും വെച്ചിട്ടില്ലെന്നും സമി കൂട്ടിച്ചേർത്തു.
ഇതാദ്യമായല്ല സമി പാകിസ്താനെതിരെ വിമർശനം ഉന്നയിക്കുന്നത്. ലോകത്തിന് മുന്നിൽ കശ്മീർ പ്രശ്നം ഉയർത്തിക്കാട്ടി സ്വന്തം കീശ വീർപ്പിക്കുകയും ചെയ്യുന്നവരാണ് പാകിസ്താൻ സൈന്യമെന്ന് സമി ആരോപിച്ചിരുന്നു. അദ്‌നന്റെ പിതാവ് പാകിസ്താനിയും മാതാവ് ഇന്ത്യക്കാരിയുമാണ്. യുകെയിലാണ് അദ്ദേഹം ജനിച്ചത്. 2001-ൽ അദ്ദേഹം ഇന്ത്യയിലേക്ക് താമസം മാറി. 2016-ലാണ് സമിയ്ക്ക് ഇന്ത്യൻ പൗരത്വം ലഭിച്ചത്. താൻ പാകിസ്താൻ വിടാൻ കാരണം പാകിസ്താൻ ഭരണകൂടമാണെന്ന് 2022-ൽ അദ്ദേഹം പറഞ്ഞിരുന്നു.
Content Highlights: Adnan Sami addresses online hatred from Pakistan, comparing it to an "ex-lover syndrome"
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·