കെ. സുരേഷ്
15 June 2025, 04:00 PM IST

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ജേതാക്കളായ ദക്ഷിണാഫ്രിക്കൻ ടീം | AFP
ചരിത്രം തെളിഞ്ഞുനിൽക്കുന്ന ലോർഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടിൽ ദക്ഷിണാഫ്രിക്കൻ ടീമിനുവേണ്ടി തെംബ ബവുമ എന്ന ആഫ്രിക്കക്കാരനായ ക്യാപ്റ്റൻ ലോക ടെസ്റ്റ് കിരീടം ഏറ്റുവാങ്ങുമ്പോൾ ക്രിക്കറ്റിൽ അവർ സൃഷ്ടിച്ച അപമാനത്തിന്റെ കറ മായ്ച്ചുകളയുകകൂടിയായിരുന്നു. ആഫ്രോ വംശജർക്കെതിരായ വർണവിവേചനത്തിന്റെപേരിൽ ഒരിക്കൽ ലോകക്രിക്കറ്റിൽ വിലക്കുനേടുകയും പാശ്ചാത്യ രാജ്യങ്ങൾക്കുമുന്നിൽ അപമാനിതരാവുകയും ചെയ്ത ടീമാണ് ദക്ഷിണാഫ്രിക്ക. രണ്ടു ദശകത്തിലേറെക്കാലം വിലക്കുനേരിട്ട ടീം 1991-ൽ തിരിച്ചുവന്നെങ്കിലും ലോകകിരീടത്തിനുവേണ്ടിയുള്ള കാത്തിരിപ്പ് തുടർന്നു. ഒടുവിലൊരു ലോകകിരീടം ഏറ്റുവാങ്ങുന്നത് ആഫ്രിക്കൻ വംശജനായ നായകനാണെന്നത് ചരിത്രത്തിന്റെ വിസ്മയകരമായ തിരുത്തുകൂടിയായി. 1889-ൽ ടെസ്റ്റ് കളിച്ചുതുടങ്ങിയ ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി ഈ ഫോർമാറ്റിൽ സെഞ്ചുറി നേടിയ ആദ്യ ആഫ്രോ വംശജനാണ് ബവുമ. വർഷങ്ങൾക്കുശേഷം, ടീമിനെ നയിക്കുന്ന ആദ്യ തദ്ദേശീയ വംശജനുമായി.
2014 ഡിസംബറിൽ വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റിലൂടെ അന്താരാഷ്ട്ര ക്രിക്കറ്റിലെത്തിയ ബവുമ ബാറ്റിങ്ങിലെ മികവിനൊപ്പം ശാന്തമായ പ്രകൃതവും സഹപ്രവർത്തകരോടുള്ള ഉദാരമായ സമീപനങ്ങളുംകൊണ്ടാണ് ടീമിലെ സ്ഥിരസാന്നിധ്യമായത്. 2016-ൽ ഏകദിനത്തിലും 2019-ൽ ട്വന്റി 20 യിലും അരങ്ങേറ്റംകുറിച്ചു.
2023 തുടക്കത്തിൽ ഷുക്രി കോൺറാഡ് ദക്ഷിണാഫ്രിക്കൻ ടീമിന്റെ പരിശീലകനായി എത്തിയതോടെയാണ് ക്യാപ്റ്റന്റെ ചുമതല ഏറ്റെടുത്തത്. കോൺറാഡിന്റെ നിർബന്ധമായിരുന്നു അത്. ‘എന്നെ എന്തിനു ക്യാപ്റ്റനാക്കുന്നു’ എന്നുചോദിച്ചപ്പോൾ ഇപ്പോൾ ടീമിലെ മികച്ച കളിക്കാരനും ഏറ്റവും ബഹുമാന്യനും നിങ്ങളാണെന്നായിരുന്നു കോച്ചിന്റെ മറുപടി. അത് തനിക്ക് വലിയ ആത്മവിശ്വാസംനൽകിയെന്ന് ബവുമ പിന്നീട് പറഞ്ഞു. ഇരുവരും തമ്മിലുണ്ടായ ഗാഢമായ സൗഹൃദം അവിടെത്തുടങ്ങി, ലോകകിരീടത്തിലേക്കുള്ള യാത്രയും. ബവുമയുടെ ബാറ്റിങ് മികവിനൊപ്പം ടീമും വളർന്നു. പത്തു ടെസ്റ്റുകളിൽ ടീമിനെ നയിച്ചതിൽ ഒമ്പതു ജയവും ഒരു സമനിലയുമുണ്ട്. ഇത്രയും മത്സരത്തിൽ 56 റൺ ശരാശരിയിൽ 911 റൺസും നേടി.
ഫൈനലിലെ രണ്ടാം ഇന്നിങ്‌സിൽ രണ്ടുറൺസിൽനിൽക്കേ ക്യാച്ചിൽനിന്ന് രക്ഷപ്പെട്ട ബവുമ പിന്നീട് പേശിവലിലുകാരണം ഓടാൻ ബുദ്ധിമുട്ടി. ബാറ്റിങ് നിർത്താൻ കോച്ച് പറഞ്ഞെങ്കിലും പിൻമാറിയില്ല. മാർക്രത്തിനൊപ്പം 147 റൺസിന്റെ ഉജ്ജ്വലമായ കൂട്ടുകെട്ടുണ്ടാക്കി ചരിത്രവിജയത്തിൽ പങ്കാളിയായി. 66 റൺസുമായി ബവുമ മടങ്ങുമ്പോൾ ടീം വിജയം ഉറപ്പിച്ചിരുന്നു.
Content Highlights: southbound africa satellite trial title cricket winners








English (US) ·