എന്നെ കണ്ടാല്‍ മൈക്കല്‍ ജാക്‌സണെപ്പോലുണ്ടെന്ന് പറഞ്ഞത് കടയില്‍ ചെരിപ്പുവാങ്ങാന്‍ വന്ന പയ്യനാണ്-സിബി

7 months ago 6

ജോലി ചെയ്തിരുന്ന കടയില്‍ ചെരുപ്പുവാങ്ങാന്‍ വന്ന ഒരു പയ്യന് തോന്നിയ സംശയമാണ് ചാലക്കുടിക്കാരന്‍ സിബി കുട്ടപ്പനെ മൈക്കല്‍ ജാക്‌സണ്‍ എന്ന ഇതിഹാസത്തിലേക്കും നൃത്തത്തിലേക്കും കൂടുതല്‍ അടുപ്പിച്ചത്. ചേട്ടനെ കണ്ടാല്‍ മൈക്കല്‍ ജാക്‌സണെ പോലെയുണ്ടല്ലോ എന്നാണ് ആ പയ്യന്‍ സിബിയോട് പറഞ്ഞത്. അന്നുതുടങ്ങിയ സിബിയുടെ യാത്ര ഇന്ന് മൂണ്‍വാക്ക് എന്ന സിനിമയില്‍ എത്തിനില്‍ക്കുന്നു. മൂണ്‍വാക്കിലെ സുര എന്ന കഥാപാത്രമായി നിറഞ്ഞാടുകയായിരുന്നു സിബി. ഇതിനിടെ ഈ കഥാപാത്രത്തിന് റാപ്പര്‍ വേടന്റെ ജീവിതവുമായി സാദൃശ്യമുണ്ടെന്ന ചര്‍ച്ചകളും ഉയര്‍ന്നു. വലിയ ഡാന്‍സ് ഷോകള്‍ ചെയ്യണമെന്നായിരുന്നു മുന്‍പെല്ലാം സിബിയുടെ ആഗ്രഹം. മൂണ്‍വാക്ക് ഇറങ്ങിയശേഷം സിനിമയോട് ഇഷ്ടം കൂടിയിട്ടുണ്ടെന്നാണ് സിബി പറയുന്നത്. സിബി കുട്ടപ്പന്‍ മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുന്നു.

ഡാന്‍സ് ഒരു പ്രൊഫഷനാക്കുന്നത് എങ്ങനെയാണ്?

2009ല്‍ മൈക്കല്‍ ജാക്‌സന്റെ മരണത്തിനുശേഷമാണ് ഡാന്‍സ് ഒരു പ്രൊഫഷനാക്കുന്നത്. അതിനുമുന്‍പ് സ്‌കൂളില്‍വെച്ച് ആരെങ്കിലും ഡാന്‍സ് ചെയ്യാന്‍ പറയുമ്പോള്‍ ചെയ്യും. 2009-ല്‍ ഞാന്‍ ഒരു ചെരിപ്പുകടയില്‍ ജോലി ചെയ്യുകയായിരുന്നു. പത്താംക്ലാസ് പഠനത്തിനുശേഷം നേരെ ജോലിക്കിറങ്ങുകയായിരുന്നു. കുടുംബത്തിലെ സാഹചര്യം അങ്ങനെയായിരുന്നു. അച്ഛന്‍ നേരത്തേ പോയി. അമ്മ ഹോം നഴ്‌സാണ്. കുടുംബം നോക്കാന്‍ പണിക്കിറങ്ങേണ്ടിവന്നു.

siby kuttappan

കാണാന്‍ മൈക്കല്‍ ജാക്‌സണെപ്പോലെയുണ്ടെന്ന് ആദ്യമായി പറഞ്ഞതാരാണ്?

ഒരിക്കല്‍ ചെരിപ്പ് വാങ്ങാന്‍ വന്ന പയ്യനാണ് എന്നെക്കണ്ടാല്‍ മൈക്കല്‍ ജാക്‌സണെപ്പോലെയുണ്ടെന്ന് ആദ്യമായി പറഞ്ഞത്. അതാരാണെന്ന് ഞാന്‍ ചോദിച്ചു. ആ പയ്യനാണ് ജാക്‌സണെക്കുറിച്ച് പറഞ്ഞത്. മൂണ്‍വാക്ക് എന്ന പേരൊക്കെ അന്നാണ് കേള്‍ക്കുന്നത്. പക്ഷേ മൈക്കല്‍ ജാക്‌സണേയും അദ്ദേഹത്തിന്റെ മൂണ്‍വാക്കുമെല്ലാം ഞാന്‍ നേരത്തേ ടി.വിയില്‍ കണ്ടിട്ടുണ്ട്. പക്ഷേ അതാരാണെന്നോ എന്തുതരം ഡാന്‍സ് മൂവ്‌മെന്റാണെന്നോ അറിയില്ലായിരുന്നു. കടയില്‍ വെച്ചുണ്ടായ ആ സംഭവത്തിനുശേഷമാണ് മൈക്കല്‍ ജാക്‌സണെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ശ്രമിച്ചത്. അദ്ദേഹത്തിന്റെ ത്രില്ലറാണ് അങ്ങനെ ആദ്യം കാണുന്നത്. ഡാന്‍സിലേക്കും മൈക്കല്‍ ജാക്‌സണിലേക്കും ഞാന്‍ ആകര്‍ഷിക്കപ്പെട്ടത് അങ്ങനെയാണ്.

ഡാന്‍സിന്റെ അടിസ്ഥാനപാഠങ്ങള്‍ മനസിലാക്കിയത് എവിടെ നിന്നാണ്?

ചാലക്കുടിയില്‍ ഒരു ഡാന്‍സ് സ്‌കൂളുണ്ടായിരുന്നു. ജോലി കഴിഞ്ഞിട്ട് വൈകുന്നേരങ്ങളിലായിരുന്നു നൃത്ത പഠനം. ഞായറാഴ്ചയും പോകും. ഡാന്‍സിന്റെ അടിസ്ഥാനപാഠങ്ങള്‍ മനസിലാക്കിയത് അവിടെനിന്നാണ്. അവിടത്തെ അധ്യാപകനായ രാജേഷ് മാസ്റ്റര്‍ ജാക്‌സണെ വേദികളില്‍ അവതരിപ്പിക്കാറുണ്ടെന്ന് പിന്നീട് മനസിലായി. കോറിയോഗ്രാഫിയുമായി ബന്ധപ്പെട്ട് മാസ്റ്റര്‍ മറ്റേതെങ്കിലും സംസ്ഥാനത്തൊക്കെയായിരിക്കും. അദ്ദേഹത്തെ കാണുന്നത് വളരെ കുറവായിരുന്നു. ഒരിക്കല്‍ അദ്ദേഹത്തിനൊപ്പം ഷോയ്ക്ക് പോയപ്പോഴാണ് മാസ്റ്റര്‍ മൈക്കല്‍ ജാക്‌സണെ അനുകരിക്കുന്നത് കണ്ടത്. അന്ന് ഡെയ്ഞ്ചറസ് എന്ന ഗാനത്തിനൊപ്പമാണ് അദ്ദേഹം നൃത്തംചെയ്തത്. പുള്ളിക്ക് നല്ല പൊക്കവും ജാക്‌സണെപ്പോലെയുള്ള ശരീരപ്രകൃതിയുമാണ്. അതുകൊണ്ട് ശരിക്കുമുള്ള ജാക്‌സണാണ് അതെന്ന് തോന്നി. അതെനിക്ക് വലിയ പ്രചോദനമായി. ഞാന്‍ ചോദിക്കുമ്പോള്‍ അദ്ദേഹം ഓരോ സ്‌റ്റെപ്പ് കാണിച്ചുതരും. അവിടെ മൈക്കല്‍ ജാക്‌സന്റെ നമ്പറുകള്‍ പ്രത്യേകം പഠിപ്പിക്കുന്നില്ലായിരുന്നു. സിനിമാറ്റിക് ഡാന്‍സായിരുന്നു കൂടുതലും പഠിപ്പിച്ചിരുന്നത്.

മൈക്കല്‍ ജാക്‌സന്റെ ചുവടുകള്‍ പഠിക്കാന്‍ എന്തെല്ലാം ശ്രമങ്ങളാണ് നടത്തിയിരുന്നത്?

മൈക്കല്‍ ജാക്‌സന്റെ സ്റ്റെപ്പുകള്‍ പഠിക്കാന്‍ പിന്നെയൊരു വഴിയുള്ളത് സിഡി വാങ്ങുക എന്നതായിരുന്നു. വീട്ടില്‍ ഇടയ്ക്കിടെ കണ്ടുകൊണ്ടിരിക്കും. പിന്നീടുള്ള ഹോബി ഇതായി. അങ്ങനെയാണ് മൂവ്‌മെന്റുകള്‍ പഠിക്കാന്‍ തുടങ്ങിയത്. ഒരു സ്റ്റെപ്പ് പഠിക്കാന്‍ പത്തും ഇരുപതും തവണ സിഡി പ്ലേ ചെയ്യും. അന്ന് അമ്മയ്ക്ക് വല്യ ദേഷ്യമായിരുന്നു. കാരണം അവര്‍ കേട്ടതുതന്നെ വീണ്ടും വീണ്ടും കേള്‍ക്കുകയാണല്ലോ. പിന്നെ അദ്ദേഹത്തിന്റെ പാട്ടുകള്‍ പാടാന്‍ തുടങ്ങി. കൃത്യമായതൊന്നുമായിരുന്നില്ല, വായില്‍ കിട്ടുന്ന വാക്കുകള്‍കൊണ്ട് അങ്ങോട്ട് പാടും. രാജേഷ് മാസ്റ്റര്‍ കാരണമാണ് കലാഭവനിലെ ജയന്‍ ചേട്ടനെ കണ്ടുമുട്ടിയത്. അദ്ദേഹം മണിച്ചേട്ടന്റെയൊപ്പം പണ്ട് കലാഭവനില്‍ ഉണ്ടായിരുന്നയാളാണ്. ജയന്‍ ചേട്ടനാണ് ഞാന്‍ നന്നായി പാടുന്നുണ്ടെന്നും പുള്ളിയുടെ ടീമിലേക്ക് വിട്ടോളാനും രാജേഷ് മാസ്റ്ററോട് പറഞ്ഞത്. രാജേഷ് മാസ്റ്ററുടെ ആശീര്‍വാദത്തോടെയാണ് ജയന്‍ ചേട്ടന്റെ സംഘത്തിലെത്തിയത്. അവിടെ എത്തിയശേഷമാണ് ജാക്‌സണെ വേദിയില്‍ അവതരിപ്പിക്കാന്‍ തുടങ്ങിയത്. മൈക്കല്‍ ജാക്‌സണെ വേദിയില്‍ അവതരിപ്പിക്കാന്‍ ജയന്‍ ചേട്ടനാണ് എനിക്ക് ആദ്യമായി അവസരം തന്നത്. ആദ്യത്തെ അവതരണത്തിന് പോകുമ്പോള്‍ എന്റെ വേഷമോ, മേയ്ക്കപ്പോ, പാട്ടിന്റെ വാക്കുകളോ ഒന്നും കൃത്യമായിരുന്നില്ല. എന്നിട്ടും എനിക്കദ്ദേഹം ചാന്‍സ് തന്നു. നിന്നെക്കൊണ്ട് പറ്റില്ല എന്ന് അദ്ദേഹം അന്ന് പറഞ്ഞിരുന്നെങ്കില്‍ ഇന്ന് ഞാനിവിടെയുണ്ടാകുമായിരുന്നില്ല.

മൂണ്‍വാക്കിലേയ്ക്ക് എങ്ങനെയാണ് തിരഞ്ഞെടുക്കപ്പെട്ടത്?

അന്ന് ആ ജാക്‌സണ്‍ ചെയ്തതാണ് കരിയറിലെ വഴിത്തിരിവ്. അതുകാരണമാണ് ഞാനിന്ന് സിനിമയില്‍ എത്തിനില്‍ക്കുന്നത്. ജയന്‍ ചേട്ടന്റെ ടീമില്‍ എത്തിയതിനുശേഷമാണ് ചാനല്‍ പ്രോഗ്രാമുകള്‍ കിട്ടാന്‍ തുടങ്ങിയത്. ഒരു ചാനലില്‍ ഡാന്‍സ് ചെയ്തതുകണ്ടാണ് സംവിധായകന്‍ വിനോദ് സാര്‍ എന്നെ സുര എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ക്ഷണിച്ചത്. മൂണ്‍വാക്ക് സിനിമയിലെ ഞാനൊഴികെയുള്ളവരെ വലിയ ഓഡിഷന്‍ നടത്തിയാണ് എടുത്തത്. എനിക്ക് വേറെ സെലക്ഷന്‍ ആയിരുന്നു. ജോമിത് എന്നയാള്‍ വഴിയാണ് എന്നെ വിളിച്ചത്. എന്റെ വീട്ടിലേക്ക് നേരിട്ടുവന്ന് സിനിമയേക്കുറിച്ചുള്ള വിവരങ്ങള്‍ പറയുകയായിരുന്നു. ചെറിയ ഓഡിഷനുണ്ടാവുമെന്ന് കേട്ടപ്പോള്‍ ചെറിയ ടെന്‍ഷനുണ്ടായി. സിനിമയില്‍ അഭിനയിക്കുന്ന സ്വപ്‌നം ഞാന്‍ കണ്ടിരുന്നില്ല. അമേരിക്കയിലൊക്കെ പോയി വലിയ ഷോ ചെയ്യണമെന്നായിരുന്നു മനസില്‍. മൂണ്‍വാക്കിന്റെ ഓഡിഷന് ചെല്ലുമ്പോള്‍ പേടി പോലെയായിരുന്നു ഉള്ളില്‍. നീയൊരു വേഷം ചെയ്യണം, എന്താണെന്ന് പറയാം എന്നാണ് അറിയിച്ചത്. അഭിനയിക്കാന്‍ അറിയില്ലെന്നുപറഞ്ഞപ്പോള്‍ ഞങ്ങള്‍ പറയുന്നതുപോലെ ചെയ്താല്‍ മതിയെന്നായിരുന്നു സാറിന്റെ മറുപടി. തിരക്കഥാകൃത്ത് സുനിച്ചേട്ടനും എന്നെ നന്നായി പ്രോത്സാഹിപ്പിച്ചു. സിനിമയിലെ ഒരു രംഗം ചെയ്യാന്‍പറഞ്ഞു. ഞാന്‍ ചെയ്തത് അവര്‍ക്കിഷ്ടപ്പെട്ടു.

moonwalk

ചിത്രത്തിനുവേണ്ടി പ്രത്യേകം തയ്യാറെടുപ്പുകള്‍ ഉണ്ടായിരുന്നോ?

മൂന്ന് മാസമുണ്ടായിരുന്നു ട്രെയിനിംഗ്. ട്രെയിനിംഗ് സെഷന്റെ സമയത്താണ് കൂടെ അഭിനയിക്കുന്ന മറ്റ് കലാകാരന്മാരെ കണ്ടത്. ഡാന്‍സ് ക്ലാസും ഭാഷാശൈലി പഠനവും ഉണ്ടായിരുന്നു. ബ്രേക്ക് ഡാന്‍സ് എന്ന ഘടകംകൂടി ഈ സിനിമയിലുണ്ട്. ആ ശൈലി പഠിക്കാന്‍ എല്ലാവര്‍ക്കും പ്രത്യേകം ക്ലാസുണ്ടായിരുന്നു. പഴയ ബ്രേക്ക് ഡാന്‍സ് ശൈലി പഠിക്കാന്‍ അല്പം ബുദ്ധുമുട്ടുണ്ടായിരുന്നു. അതിലേക്കുവരാന്‍ മൂന്നുമാസമെടുത്തു എല്ലാവരും. എനിക്ക് ബ്രേക്ക് ഡാന്‍സ് ശൈലിയിലേക്കുവരാന്‍ കുറച്ചധികം പ്രയാസപ്പെടേണ്ടതായിവന്നു. കാരണം ഞാനെന്തുചെയ്താലും അറിയാതെ മൈക്കല്‍ ജാക്‌സണ്‍ കയറിവരും. സുനില്‍ എന്ന അദ്ദേഹമാണ് ഭാഷ എങ്ങനെ കൈകാര്യം ചെയ്യണമെന്ന്് പഠിപ്പിച്ചത്. ഇതിനൊപ്പം ആക്ടിങ് ക്ലാസുമുണ്ടായിരുന്നു. പക്ഷേ കുറച്ചുകഴിഞ്ഞപ്പോള്‍ അദ്ദേഹവും നമ്മളോട് ഇഴുകിച്ചേര്‍ന്നു. ഫിസിക്കല്‍ ട്രെയിനിംഗ് ഇതിനൊപ്പമുണ്ടായിരുന്നു. എല്ലാവരും കായികമായി നന്നായിരിക്കണം എന്നുള്ളതുകൊണ്ട് ജിമ്മും നല്ല ഭക്ഷണവുമെല്ലാം ലഭിച്ചിരുന്നു. ആ നിര്‍ബന്ധം സംവിധായകനുണ്ടായിരുന്നു.

സുര എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നതെന്ന് എപ്പോഴാണ് അറിഞ്ഞത്?

ഷൂട്ട് തുടങ്ങുന്നതിന് മുന്‍പ് സ്‌ക്രിപ്റ്റ് വായിക്കുന്ന സെഷന്‍ ഉണ്ടായിരുന്നു. അപ്പോഴാണ് ആരൊക്കെയാണ് ഏതെല്ലാം കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കുന്നതെന്ന് മനസിലായത്. സുര എന്ന കഥാപാത്രം എനിക്കുവേണ്ടിത്തന്നെയാണെന്നാണ് സംവിധായകനും തിരക്കഥാകൃത്തും പറഞ്ഞത്. എല്ലാവരുടേയും മുന്നില്‍വെച്ചാണ് അത് പറഞ്ഞത്. ഞങ്ങളുടെ കൂട്ടത്തില്‍ ആളുകള്‍ക്ക് പരിചയമുള്ള രണ്ട് മുഖങ്ങള്‍ മനോജ് മോസസും സിദ്ധുവുമായിരുന്നു. സിദ്ധു ടീച്ചര്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. ഈ സിനിമയിലെ പ്രകടനം കണ്ടാണ് മനോജിനെ മലൈക്കോട്ടൈ വാലിബനിലേക്ക് വിളിച്ചത്. മൂണ്‍വാക്ക് ആണ് യഥാര്‍ത്ഥത്തില്‍ ആദ്യം ഷൂട്ടിങ് തുടങ്ങിയത്. യഥാര്‍ത്ഥത്തില്‍ മനോജിന്റെ ആദ്യത്തെ സിനിമ മൂണ്‍വാക്ക് ആണ്.

സിനിമയിലെ തിരുവനന്തപുരം സ്ലാങ് ചാലക്കുടിക്കാരൻ സിബിക്ക് എത്രമാത്രം വെല്ലുവിളിയായിരുന്നു?

ഷൂട്ടിങ്ങിന്റെ സമയത്ത് ഒരുപാട് പ്രശ്‌നങ്ങളുണ്ടായിരുന്നു. സിനിമയിലെ കഥാപാത്രങ്ങള്‍ തിരുവനന്തപുരം ശൈലിയിലാണ് സംസാരിക്കുന്നത്. അതുകൊണ്ട് എന്റെ ചാലക്കുടി ഭാഷ ഒരു വെല്ലുവിളിയായിത്തോന്നിയിരുന്നു. അഭിനയം ആദ്യമായിട്ടുമാണ്. ഒന്നില്‍ക്കൂടുതല്‍ ടേക്കുകള്‍ പോവേണ്ടി വന്നപ്പോള്‍ ടെന്‍ഷനടിച്ചിരുന്നു. മറ്റുള്ളവര്‍ നന്നായി ചെയ്യുമ്പോള്‍ നമ്മള്‍മാത്രം പുറകോട്ടുപോവുകയാണോ എന്ന് തോന്നി. എങ്കിലും അതെല്ലാം മറികടക്കാന്‍ സാധിച്ചു. ക്ലൈമാക്‌സിലെ ഡാന്‍സ് നമ്പര്‍ ചെയ്യാന്‍ എനിക്ക് പ്രത്യേകം പരിശീലനം തന്നിരുന്നു. ശ്രീജിത്ത് മാസ്റ്ററാണ് നൃത്തസംവിധായകന്‍. അദ്ദേഹത്തിന്റെ ഡാന്‍സ് സ്‌കൂളില്‍ ഒന്നരമാസം പരിശീലനം ഉണ്ടായിരുന്നു. നല്ലപോലെ അദ്ദേഹം എന്നെ പരിശീലിപ്പിച്ചു. അതുകൊണ്ടാണ് ആ രംഗങ്ങള്‍ നന്നായി ചെയ്യാന്‍ സാധിച്ചത്. രാവിലെ ഒരു ഒമ്പതര-പത്തര മുതല്‍ വൈകുന്നേരംവരെ ഡാന്‍സ് പ്രാക്ടീസായിരുന്നു. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാന്‍ ഒരിടവേളയെടുക്കും. ഒരു മണിക്കൂര്‍ വിശ്രമിക്കും. പിന്നെ പരിശീലനം തുടരും. രാത്രി ഏഴുമണി, എട്ടുമണി വരെയൊക്കെ ഇങ്ങനെ ചെയ്തിരുന്നു. ചിലദിവസങ്ങളില്‍ ഇതിനിടയ്ക്ക് ജിമ്മിലും പോകും.

സുര എന്ന കഥാപാത്രത്തിന് റാപ്പര്‍ വേടനുമായുള്ള താരതമ്യത്തെക്കുറിച്ച് കേട്ടിരുന്നോ?

വേടനുമായുണ്ടായ താരതമ്യത്തെക്കുറിച്ച് കേട്ടിരുന്നു. താന്‍ അനുഭവിച്ച വേദനകളെല്ലാം പാട്ടിലൂടെ പറയുന്ന കലാകാരനാണ് വേടന്‍. അതുപോലെത്തന്നെയാണ് സുര എന്ന കഥാപാത്രവും. ജീവിതത്തില്‍ സുര അനുഭവിച്ച വേദനകളും പ്രശ്‌നങ്ങളുമാണ് ആ നൃത്തത്തിലൂടെ സുര അവതരിപ്പിക്കുന്നത്. അങ്ങനെയൊരു താരതമ്യം വരുന്നത് സന്തോഷംതന്നെയാണ്. ആ കഥാപാത്രത്തിലൂടെ പല കാര്യങ്ങളും പ്രേക്ഷകര്‍ക്ക് മനസിലാക്കിക്കൊടുക്കുക എന്നത് സംവിധായകന്റെ ബ്രില്ല്യന്‍സാണ്. സിനിമ ഇറങ്ങിയ ശേഷമാണ് ഇതെല്ലാം ഞാനറിയുന്നത്. ആ രംഗമൊക്കെ വളരെ ടെന്‍ഷനടിച്ചാണ് ചെയ്തത്. ബാക്കിയെല്ലാവരും നന്നായി ചെയ്യുമ്പോള്‍ എന്റെ ഭാഗം മോശമാവുമോ എന്നൊരു പേടിയുണ്ടായിരുന്നു. നന്നായി എന്ന് സംവിധായകനും ശ്രീജിത്ത് മാസ്റ്ററും പറയുമ്പോഴാണ് ആശ്വാസമാവുന്നത്. സിനിമ ഇറങ്ങിയതിനുശേഷമാണ് ആ കഥാപാത്രത്തിന് വേടനുമായുള്ള സാദൃശ്യത്തെക്കുറിച്ച് കേള്‍ക്കുന്നത്. അത്രയും വലിയ ഒരു കലാകാരനുമായി നമ്മള്‍ ചെയ്ത ഒരു കഥാപാത്രത്തിനെ താരതമ്യപ്പെടുത്തുന്നത് വലിയ സന്തോഷംതരുന്ന കാര്യം തന്നെയാണ്. സ്വന്തം പാട്ടിലൂടെ വലിയ അര്‍ത്ഥമുള്ള കാര്യങ്ങളാണ് വേടന്‍ പറയുന്നത്.

കലാഭവന്‍ മണി ജീവിതത്തില്‍ എപ്പോഴെങ്കിലും സ്വാധീനിച്ചിട്ടുണ്ടോ?

എന്നെക്കുറിച്ച് മണിച്ചേട്ടനോട് പറഞ്ഞിട്ടുണ്ടെന്ന് കലാഭവന്‍ ജയന്‍ ചേട്ടന്‍ ഒരിക്കല്‍ എന്നോട് പറഞ്ഞിട്ടുണ്ട്. നമുക്ക് കാണാന്‍ പോകാമെന്നും പറഞ്ഞിരുന്നു. ഒരിക്കല്‍ ഒരു പ്രോഗ്രാമിന് മണിച്ചേട്ടന്‍ വരാമെന്ന് അറിയിച്ചിരുന്നെങ്കിലും അദ്ദേഹത്തിന് സാധിച്ചില്ല. എന്നെ മണിച്ചേട്ടന് മുന്നിലെത്തിക്കാന്‍ ജയന്‍ ചേട്ടന്‍ പലതവണ ശ്രമിച്ചിട്ടുണ്ട്. നര്‍ത്തകന്‍ എന്ന രീതിയില്‍ എനിക്ക് പെര്‍ഫെക്ഷന്‍ വന്നതിന് ശേഷമാണ് ഈ ശ്രമങ്ങളെല്ലാം നടത്തിയത്. പക്ഷേ ഞങ്ങള്‍ക്ക് നേരിട്ട് പരിചയപ്പെടാന്‍ പറ്റിയില്ല. അതെനിക്ക് ജീവിതത്തിലെ വലിയ വിഷമമുള്ള കാര്യമാണ്. അതല്ലാതെ മണിച്ചേട്ടന്‍ നാട്ടിലൂടെ പോകുകയും വരികയുമൊക്കെ ചെയ്യുന്നത് ദൂരെനിന്ന് കണ്ടിട്ടുണ്ട്. അങ്ങോട്ട് ചെന്ന് പരിചയപ്പെടാനുള്ള ധൈര്യം ആ സമയത്തുണ്ടായിരുന്നില്ല. കലാഭവന്‍ മണി നിന്നെ മനസിലാക്കിയിരുന്നെങ്കില്‍ ഉറപ്പായും നീ വലിയൊരു കലാകാരന്‍ ആവുമായിരുന്നെന്ന് ജയന്‍ ചേട്ടന്‍ ഇടയ്ക്ക് പറയുമായിരുന്നു.

സിബിയുടെ ഭാവി പരിപാടികള്‍ എന്താണ്? സിനിമയില്‍ തുടരുമോ?

സിനിമയും ഡാന്‍സും ഒരുപോലെ കൊണ്ടുപോകണമെന്നാണ് ആഗ്രഹം. സിനിമ ഇപ്പോള്‍ ഇഷ്ടപ്പെട്ടുതുടങ്ങിയിട്ടുണ്ട്. പടം കണ്ടെന്നും നന്നായിട്ടുണ്ടെന്നും ആളുകള്‍ പറയുമ്പോള്‍ സിനിമ ഉള്ളിലേക്ക് കയറുന്നുണ്ട്. സിനിമയില്‍ ഇനിയും കൈനോക്കണമെന്നാണ് മനസില്‍.

Content Highlights: Siby Kuttappan`s inspiring travel from a footwear store to Moonwalk movie

ABOUT THE AUTHOR

മാതൃഭൂമി ഡോട്ട് കോമിൽ സീനിയർ കണ്ടന്റ് റൈറ്റർ. സിനിമ, യാത്ര, സംഗീതം ഇഷ്ടവിഷയങ്ങൾ

More from this author

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article