
കൊട്ടാരക്കര ശ്രീധരൻ നായർ മൈ ഡിയർ കുട്ടിച്ചാത്തനിൽ (ഇടത്ത്), പി.ജെ. ആന്റണി നിർമാല്യത്തിൽ (വലത്ത്)
അറുപത്തിയാറ് വര്‍ഷം നീണ്ട ചലച്ചിത്ര ജീവിതത്തില്‍ നാലു തലമുറയിലെ പ്രഗത്ഭരായ അഭിനേതാക്കള്‍ക്കൊപ്പം പ്രവര്‍ത്തിച്ച അനുഭവത്തില്‍ ത്യാഗരാജന് ആരാധന തോന്നിയത് രണ്ടു നടന്മാരോടാണ്. രണ്ടുപേരും നാടകത്തിന്റെ ശക്തമായ പിന്‍ബലമുള്ളവര്‍, അഭിനയകലയില്‍ അത്ഭുതങ്ങള്‍ സൃഷ്ടിച്ചവര്‍. അഭിനയത്തില്‍ ജീവിക്കുകയും ജീവിതത്തില്‍ ഒരുതരിപോലും അഭിനയിക്കാതെ പോകുകയും ചെയ്തവര്‍. കൊട്ടാരക്കര ശ്രീധരന്‍ നായരും പി.ജെ. ആന്റണിയും! സ്റ്റണ്ട് മാസ്റ്ററായി ത്യാഗരാജന്‍ തുടക്കം കുറിക്കുമ്പോള്‍ സിനിമയില്‍ അതിരും എതിരുമില്ലാത്ത നടന്മാരാണ് കൊട്ടാരക്കരയും പി.ജെ. ആന്റണിയും. സിനിമ നല്‍കിയ ആ സൗഹൃദങ്ങളില്‍ ഉപാധികളൊന്നുമില്ലായിരുന്നു. ത്യാഗരാജനെന്ന മനുഷ്യനെ അറിഞ്ഞ് സ്‌നേഹിച്ചവരായിരുന്നു ആ മഹാനടന്മാര്‍. അപകടകരമല്ലാത്ത ആക്ഷന്‍ സീനുകളില്‍ മാത്രമേ കൊട്ടാരക്കരയെയും പി.ജെ. ആന്റണിയെയും ത്യാഗരാജന്‍ പങ്കെടുപ്പിച്ചിരുന്നുള്ളൂ. അതും അനിവാര്യമാണെങ്കില്‍ മാത്രം.
'ചെമ്മീന്‍' സിനിമ എത്ര തവണ കണ്ടിട്ടുണ്ടെന്ന് ത്യാഗരാജനറിയില്ല. ആ സിനിമയിലേക്ക് ത്യാഗരാജനെ പിന്നെയും പിന്നെയും കൊണ്ടെത്തിച്ചത് ചെമ്പന്‍കുഞ്ഞാണ്. കൊട്ടാരക്കര ജ്വലിപ്പിച്ചു നിര്‍ത്തിയ കഥാപാത്രം. പതിറ്റാണ്ടുകള്‍ക്കിപ്പുറവും പ്രേക്ഷകരുടെ മനസ്സില്‍ നിന്നിറങ്ങിപ്പോവാത്ത ഭാവഗരിമ!. മദ്രാസ്സിലെ സ്വാമീസ് ലോഡ്ജില്‍ വെച്ച് ത്യാഗരാജനെ കാണുമ്പോഴെല്ലാം കൊട്ടാരക്കര ഇടറിയ വാക്കുകളില്‍ ചോദിക്കും.
'നീ ചെമ്പന്‍കുഞ്ഞിനെ മറന്നോ ത്യാഗരാജാ...' തലേന്ന് രാത്രിയിലെ മദ്യപാനത്തിന്റെ വിട്ടുമാറാത്ത ലഹരിയിലായിരിക്കും കൊട്ടാരക്കരയുടെ ചോദ്യം. അടിമുടി അഭിനേതാവുമ്പോഴും പച്ചയായ മനുഷ്യനായിരുന്നു കൊട്ടാരക്കര. ആ മനുഷ്യത്വത്തിന്റെ ആഴങ്ങള്‍ എത്രയോവട്ടം ത്യാഗരാജന്‍ കണ്ടതുമാണ്.
.jpg?$p=d0d4ffc&w=852&q=0.8)
ടികെ പരീക്കുട്ടി നിര്‍മ്മിച്ച് എസ്.എസ് രാജന്‍ സംവിധാനം ചെയ്ത് ത്യാഗരാജന്‍ സംഘട്ടന സംവിധാനസഹായിയായി പ്രവര്‍ത്തിച്ച കൊട്ടാരക്കരയുടെ വലിയൊരു ചിത്രമായിരുന്നു 'കുഞ്ഞാലി മരയ്ക്കാര്‍'. പ്രേംനസീറും പി.ജെ. ആന്റണിയുമൊക്കെ അഭിനയിച്ചെങ്കിലും ടൈറ്റില്‍ കഥാപാത്രമായ കുഞ്ഞാലി മരയ്ക്കാരായി നിറഞ്ഞാടിയത് കൊട്ടാരക്കര തന്നെ. പുലികേശി ഫൈറ്റ് മാസ്റ്ററായ പല സിനിമകളുടെ സെറ്റില്‍ വെച്ചും കൊട്ടാരക്കരയെ ത്യാഗരാജന്‍ കണ്ടിട്ടുണ്ടെങ്കിലും അടുത്ത പരിചയമാകുന്നത് മരയ്ക്കാരുടെ ചിത്രീകരണ വേളയിലാണ്. ശബ്ദം കൊണ്ടും ഭാവം കൊണ്ടും ആകാര സൗഷ്ടവം കൊണ്ടും ചരിത്ര കഥാപാത്രങ്ങള്‍ക്ക് മിഴിവേകാന്‍ കൊട്ടാരക്കരയോളം തലയെടുപ്പുള്ള ഒരു നടന്‍ അക്കാലത്ത് മലയാളത്തിലുണ്ടായിരുന്നില്ല എന്നത് ത്യാഗരാജന്റെ അനുഭവം. 'വേലുത്തമ്പി ദളവ'യായും 'പഴശ്ശിരാജ'യായുമൊക്കെ തിരശീലയില്‍ പ്രകമ്പനം സൃഷ്ടിച്ച കൊട്ടാരക്കരയെന്ന വലിയ നടനെ തകര്‍ത്തത് മദ്യപാന മായിരുന്നുവെന്നതും ത്യാഗരാജന്റെ നേരറിവ്. 'മതി സാര്‍, ഇനി കഴിക്കേണ്ട.' എന്ന് പറഞ്ഞാല്‍ 'ത്യാഗരാജാ.. നീ എന്നെ ഉപദേശിക്കല്ലേ..' എന്നായിരുന്നു കൊട്ടാരക്കരയുടെ മറുപടി. ആ സ്വഭാവരീതികള്‍ കൃത്യമായി അറിയുന്നതുകൊണ്ട് പിന്നീട് ഒരക്ഷരംപോലും ത്യാഗരാജന്‍ പറയില്ല. മദ്യം ആ ശരീരത്തെ തകര്‍ക്കുംവരെ വലിയൊരു കാലം കൊട്ടാരക്കര ശ്രീധരന്‍ നായര്‍ വെള്ളിത്തിര നിറഞ്ഞുനിന്നു. വില്ലനും നായകനുമായി. അതികായനെപ്പോലെ! പിന്നീടെപ്പോഴോ കൊട്ടാരക്കര അച്ഛന്റെയും മുത്തശ്ശന്റെയും ചെറിയ വേഷങ്ങളിലേക്കൊതുങ്ങി. ഒടുവില്‍, മദ്രാസിനോട് വിടപറയുമ്പോള്‍ സ്വാമീസ് ലോഡ്ജില്‍ വെച്ച് ത്യാഗരാജന്റെ കൈപിടിച്ച് അദ്ദേഹം പറഞ്ഞു.' ഞാന്‍ നാട്ടിലേക്ക് പോകുന്നു ത്യാഗരാജന്‍. ഒരു മകനെപ്പോലെ നീ എന്നെ സ്‌നേഹിച്ചിട്ടുണ്ട്. ഉപദേശിച്ചിട്ടുണ്ട്. അതെല്ലാം എന്റെ മനസ്സിലുണ്ടാവും മരണംവരെ.' പിന്നീട് കൊട്ടാരക്കരയെ ത്യാഗരാജന്‍ കണ്ടിട്ടുമില്ല.
%20(1).jpg?$p=fda4a55&w=852&q=0.8)
ഇന്ത്യയിലെ ആദ്യത്തെ ത്രിമാനചിത്രമായ 'മൈ ഡിയര്‍ കുട്ടിച്ചാത്തനി'ലെ ക്രൂരനായ മാന്ത്രികനായി തിരശീലയെ പിടിച്ചു കുലുക്കുമ്പോള്‍ കൊട്ടാരക്കരയുടെ പ്രായം അറുപത്തിരണ്ട്. ആ ചിത്രവും ത്യാഗരാജന്‍ പലവട്ടം കണ്ടു. ത്രീഡിയായതു കൊണ്ടല്ല. കൊട്ടാരക്കര ശ്രീധരന്‍ നായര്‍ എന്ന അഭിനേതാവിനോടുള്ള ആരാധനകൊണ്ടാണ്. ശാരീരികാവശതകള്‍ക്കിടയിലും അദ്ദേഹം പിന്നെയും അഭിനയിച്ചു. 'മിഴിനീര്‍പൂവുകളി'ലും 'ചിലമ്പി'ലും. അറുപത്തി നാലാമത്തെ വയസ്സില്‍ ആ മഹാനടന്‍ യാത്രയാകുമ്പോള്‍ കേരളത്തിന് പുറത്തുള്ള ഏതോ ലൊക്കേഷനില്‍ ഒരു അന്യഭാഷാ ചിത്രത്തിന്റെ സംഘട്ടന ചിത്രീകരണത്തിലായിരുന്നു ത്യാഗരാജന്‍. രാത്രി വീട്ടില്‍ വിളിച്ചപ്പോള്‍ ഭാര്യ പറഞ്ഞു: 'നിങ്ങളുടെ നടന്‍ പോയി.' ആര് എന്ന് ചോദിക്കേണ്ടി വന്നില്ല ത്യാഗരാജന്. പഴശ്ശിരാജയും വേലുത്തമ്പി ദളവയും കുഞ്ഞാലി മരയ്ക്കാരും ചെമ്പന്‍ കുഞ്ഞുമൊക്കെ ആ രാത്രിയില്‍ ത്യാഗരാജനെ വന്നുപൊതിഞ്ഞു. ഒപ്പം അവസാനമായി കൊട്ടാരക്കര പറഞ്ഞ വാക്കുകളും. 'ത്യാഗരാജാ... ഞാന്‍ പോകുകയാണ്.'
സിനിമയുടെ വര്‍ണശബളിമയേക്കാള്‍ നാടകത്തിന്റെ കരുത്തിനെയായിരുന്നു പി.ജെ.ആന്റണി ഏറെ ഇഷ്ടപ്പെട്ടിരുന്നത്. ഷൂട്ടിങ്ങില്ലാത്ത സമയങ്ങളില്‍ നാടകവര്‍ത്തമാനങ്ങള്‍ പറഞ്ഞിരിക്കുന്നത്
പി.ജെയുടെ സന്തോഷങ്ങളിലൊന്നായിരുന്നു. ആ സമയത്തും മദ്യപാനം പതിവാണ്. ചിലപ്പോള്‍ ത്യാഗരാജനും ഈ സൗഹൃദ സംഭാഷണത്തില്‍ പങ്കുകൊള്ളാറുണ്ട്. പി.ജെ സംസാരിച്ചു തുടങ്ങിയാല്‍ പിന്നെ പാട്ടും കവിതയുമൊക്കെ യായി നേരം പുലരാതെ പുലരും. കൊട്ടാരക്കരയെപ്പോലെ ആരോഗ്യകാര്യത്തില്‍ ഒട്ടും ശ്രദ്ധയില്ലാത്ത മനുഷ്യനായിരുന്നു പി.ജെ.യും. എന്നാല്‍, നടൻ എന്നതിനപ്പുറം കൊട്ടാരക്കരയെക്കാളും ഉയരത്തില്‍ നിലകൊള്ളുന്ന പ്രതിഭയും. കുഞ്ഞാലി മരയ്ക്കാര്‍ മുതല്‍ കുറെയേറെ ചിത്രങ്ങളില്‍ പി.ജെ.യോടൊപ്പം ജോലി ചെയ്യാന്‍ ത്യാഗരാജന് കഴിഞ്ഞിട്ടുണ്ട്. ആ അനുഭവത്തില്‍ ത്യാഗരാജന്‍ പറയും. അഭിനയിക്കുമ്പോള്‍ പി.ജെയുടെ മുഖത്ത് മാറി മാറി വരുന്ന ഭാവപ്രകടനങ്ങളായിരുന്നു എന്നെ അമ്പരപ്പിച്ചതെന്ന്. ആക്ഷന്‍ രംഗങ്ങളില്‍ പി.ജെ.യ്ക്ക് വേണ്ടി എപ്പോഴും ഡ്യുപ്പിനെ നിര്‍ത്തിയിരുന്നു. അതായിരുന്നു പി.ജെയ്ക്കിഷ്ടവും. ശരീരത്തിന് ചെറിയൊരു പോറലേല്‍ക്കുന്നതുപോലും പി.ജെ.യ്ക്ക് സഹിക്കാനാവുമായിരുന്നില്ല. എന്നാല്‍ മദ്യപിച്ച് ശരീരം നശിപ്പിക്കുന്നതില്‍ ഒട്ടും വേദനയുമില്ലായിരുന്നു. ഒരിക്കല്‍ പി.ജെ.യെയും ത്യാഗരാജന്‍ ഒന്ന് ഉപദേശിച്ചു നോക്കി. 'താന്‍ തന്റെ പണി എടുത്താല്‍ മതി.' എന്ന മറുപടിയായിരുന്നു പി.ജെ.യില്‍ നിന്നുണ്ടായത്. പിന്നെ, സിനിമയെക്കുറിച്ചല്ലാതെ മറ്റൊന്നും ത്യാഗരാജന്‍ അദ്ദേഹത്തോട് സംസാരിച്ചിരുന്നില്ല. ഒരുപക്ഷേ, പി.ജെ.യുടെ വാക്കുകള്‍ സൗഹൃദത്തില്‍ മാനസികമായൊരു അകല്‍ച്ചവരെ ത്യാഗരാജനിലുണ്ടാക്കി.
'ത്യാഗരാജനെ ഇപ്പോള്‍ കാണുന്നേയില്ലല്ലോ.' ശങ്കരാടിയോട് പി.ജെ ചോദിച്ചു.
'അയാള്‍ രാവും പകലുമില്ലാതെ തിരക്കിലല്ലേ.' ശങ്കരാടി പറഞ്ഞു.
'അതല്ല, എന്തോ കാര്യമുണ്ട്. അല്ലെങ്കില്‍ ഇത്രയും ദിവസം ത്യാഗരാജന്‍ ഇങ്ങോട്ട് വരാതിരിക്കില്ല.' അടുത്ത ദിവസം മുതല്‍ പി.ജെ. പലരോടും ത്യാഗരാജനെക്കുറിച്ച് അന്വേഷിച്ചു. ലൊക്കേഷനില്‍ നിന്ന് ലൊക്കേഷനിലേക്കുള്ള ഓട്ടത്തിലായിരുന്നു അപ്പോള്‍ ത്യാഗരാജന്‍. പി.ജെ. ആന്റണി തന്നെ അന്വേഷിക്കുന്ന വിവരം ആരോ പറഞ്ഞറിഞ്ഞ് ഒരു പാതിരാത്രി ത്യാഗരാജന്‍ സ്വാമീസ് ലോഡ്ജിലെത്തി. ആ സമയത്തേ ഒഴിവുണ്ടായിരുന്നുള്ളൂ. പി.ജെ.യെ ഉണര്‍ത്തിയാലുണ്ടാകാവുന്ന ശകാരങ്ങള്‍ പ്രതീക്ഷിച്ചാണ് ലോഡ്ജിലേക്ക് ചെന്നത്. മുറിയുടെ വാതില്‍ ചാരിയിരുന്നില്ല. അകത്ത് എന്തോ എഴുതിക്കൊണ്ടിരിക്കുന്ന പി.ജെ.യെയാണ് ത്യാഗരാജന് കാണാന്‍ കഴിഞ്ഞത്. മുറിയിലെ ചെറിയ കട്ടിലുകളിലൊന്നില്‍ ശങ്കരാടി കിടന്നുറങ്ങുന്നുണ്ട്.
'ങ്ഹാ.. ത്യാഗരാജനോ. ഇത് അത്ഭുതമായിരിക്കുന്നല്ലോ. പലരോടും ചോദിച്ചു. കാണാതെ വന്നപ്പോള്‍ തനിക്ക് ഒരു കത്തെഴുതുകയായിരുന്നു. കഴിഞ്ഞു. നാളെ നാട്ടിലേക്ക് പോവാണ്. കത്ത് റിസപ്ഷനില്‍ കൊടുത്തിട്ട് പോകാമെന്ന് കരുതി. ഇനി, ഞാന്‍ തന്നെ ഇത് ത്യാഗരാജന്റെ കൈയില്‍ തരാം. വായിച്ചു നോക്ക്.'

കത്തു വായിച്ച ത്യാഗരാജന്റെ കണ്ണ് നിറഞ്ഞു. തന്റെ വാക്കുകള്‍ വേദനിപ്പിച്ചതിന് ക്ഷമ ചോദിച്ചുകൊണ്ടുള്ള എഴുത്തായിരുന്നു അത്. പരിഭവങ്ങള്‍ മറന്ന് ആ രാത്രി പുലരും വരെ അവര്‍ സംസാരിച്ചുകൊണ്ടിരുന്നു. അപ്പോഴും കട്ടിലില്‍ കൂര്‍ക്കം വലിച്ചുറങ്ങുകയായിരുന്നു ശങ്കരാടി. സ്വാമീസ് ലോഡ്ജില്‍ നിന്നിറങ്ങാന്‍ നേരം ത്യാഗരാജന്‍ പി ജെ യോട് പറഞ്ഞു: 'ഞാന്‍ ഒരു പ്രോജക്ടുമായി വരുന്നുണ്ട്. സാറ് അഭിനയിക്കണം.'
'അതിന്... ഞാന്‍ സിനിമാഭിനയം നിര്‍ത്താന്‍ പോകുകയാണ്.'
'സാറെന്താ പറയുന്നത്?'
'അതെ ത്യാഗരാജാ.. മടുത്തെടോ. ഞാന്‍ നാടകത്തിലേക്ക് തിരിച്ചുപോകുകയാണ്. ഏതായാലും താന്‍ വാ..' പി.ജെ. പറഞ്ഞു.
ഏറെ വൈകാതെ നവരത്‌നാ മൂവി മെയ്‌ക്കേഴ്‌സിന്റെ ബാനറില്‍ ത്യാഗരാജനും സുഹൃത്തുക്കളും ചേര്‍ന്ന് നിര്‍മ്മിച്ച 'ചൂള' എന്ന സിനിമയില്‍ പി.ജെ. ആന്റണി അഭിനയിച്ചു. ശശികുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ സോമനായിരുന്നു നായകന്‍. ചൂളയുടെ ചിത്രീകരണ കാലത്ത് പി.എ ബക്കറിന്റെ 'മണ്ണിന്റെ മാറില്‍' എന്ന സിനിമയിലും ആന്റണി അഭിനയിക്കുന്നുണ്ട്. മദ്രാസില്‍ വെച്ച് ആ സിനിമയുടെ ഡബ്ബിങ് കഴിഞ്ഞ് മുറിയിലെത്തിയ ആന്റണി പെട്ടെന്ന് ചോര ഛര്‍ദിച്ചു. എല്ലാവരും ചേര്‍ന്ന് ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. 'ചൂള'യിലെ പി.ജെയുടെ ചില ഭാഗങ്ങള്‍ ഡ്യുപ്പിനെ വെച്ചാണ് പിന്നീട് ചിത്രീകരിച്ചത്. വര്‍ഷങ്ങള്‍ക്കിപ്പുറവും പി.ജെ. തനിക്കെഴുതിയ കത്തിലെ വരികള്‍ ത്യാഗരാജന്റെ കണ്ണ് നനയിക്കും.
സ്വാമീസ് ലോഡ്ജില്‍ വെച്ച് ആ പാതിരാത്രിയില്‍ ത്യാഗരാജനെ ഏല്‍പ്പിച്ച കത്തിലെ അവസാന വരികള്‍ ഇങ്ങനെയായിരുന്നു. 'എന്നെ തകര്‍ത്തത് മദ്യമാണ്. അത് എന്റെ ജീവിതത്തിലുണ്ടാക്കിയ നഷ്ടങ്ങള്‍ എത്രത്തോളം വലുതാണെന്ന് ഇപ്പോള്‍ മാത്രമാണ് ഞാന്‍ തിരിച്ചറിയുന്നത്. പ്രിയ ത്യാഗരാജന്‍ പൊറുക്കുക. എന്റെ വാക്കുകള്‍ വേദനിപ്പിച്ചതിന്.'
കൊട്ടാരക്കര ശ്രീധരന്‍ നായരെ ഓര്‍ക്കുമ്പോള്‍ മനസ്സില്‍ തെളിയുന്ന ചെമ്പന്‍കുഞ്ഞിന്റെ രൂപം പോലെ പി.ജെ. ആന്റണിയെക്കുറിച്ച് ചിന്തിക്കുമ്പോഴെല്ലാം ത്യാഗരാജന്റെ മനസ്സില്‍ തെളിയുന്ന ഒരു ദൃശ്യമുണ്ട്. സ്വാമീസ് ലോഡ്ജിലെ മുറിയിലിരുന്ന് എഴുതിക്കൊണ്ടി രിക്കുന്ന പി.ജെ.യുടെ രൂപം. ഒപ്പം, ആ കത്തിലെ വരികളും!
Content Highlights: A stuntman`s heartfelt tribute to legendary Malayalam actors Kotarakkara Sreedharan Nair & PJ Antony
ABOUT THE AUTHOR
എഴുത്തുകാരൻ, ജീവചരിത്രകാരൻ, നാടകകലാകാരൻ. ഗുരുമുഖങ്ങൾ, മുൻപേ പെയ്ത മഴയിലാണ് ഇപ്പോൾ നനയുന്നത് തുടങ്ങിയ പുസ്തകങ്ങളുടെ രചയിതാവ്
![]()
മാതൃഭൂമി.കോം വാട്സാപ്പിലും






English (US) ·