Published: October 14, 2025 08:34 PM IST
1 minute Read
മുംബൈ∙ ഇന്ത്യൻ പേസർ ഹർഷിത് റാണയെ ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിൽ കളിപ്പിക്കുന്നതിൽ വിമർശനമുന്നയിച്ച ക്രിസ് ശ്രീകാന്തിനെതിരെ പരിശീലകൻ ഗൗതം ഗംഭീർ. ഗംഭീറിന്റെ പ്രത്യേക താൽപര്യപ്രകാരമാണ് ഹർഷിത് റാണയെ എല്ലാ ടീമുകളിലും തിരുകിക്കയറ്റുന്നതെന്നായിരുന്നു മുൻ ഇന്ത്യൻ താരത്തിന്റെ വിമർശനം. എന്നാൽ വ്യക്തിപരമായ നേട്ടങ്ങൾക്കു വേണ്ടി 23 വയസ്സുകാരനായ ഒരു യുവതാരത്തെ വേട്ടയാടുന്നതു ശരിയല്ലെന്നു ഗംഭീർ തിരിച്ചടിച്ചു.
‘‘ഇതു കുറച്ചു നാണക്കേടുണ്ടാക്കുന്ന കാര്യമാണ്. നിങ്ങളുടെ യുട്യൂബ് ചാനലിനു നേട്ടമുണ്ടാക്കുന്നതിനു വേണ്ടി 23 വയസ്സുകാരനായ ഒരു കുട്ടിയെ ലക്ഷ്യമിടുന്നത് അനീതിയാണ്. അവന്റെ പിതാവ് മുൻ ചെയർമാനോ, മുൻ ക്രിക്കറ്റ് താരമോ, എൻആർഐയോ അല്ല. അദ്ദേഹം ക്രിക്കറ്റ് കളിക്കുന്നു, അതു തുടരുകതന്നെ ചെയ്യും. ആരെയെങ്കിലും വ്യക്തിപരമായി ഉന്നമിടുന്നതു ശരിയായ കാര്യമല്ല.’’– വെസ്റ്റിൻഡീസിനെതിരായ ഇന്ത്യയുടെ ടെസ്റ്റ് വിജയത്തിനു പിന്നാലെ നടത്തിയ വാർത്താ സമ്മേളനത്തിൽ ഗംഭീർ പ്രതികരിച്ചു.
‘‘ആളുകളുടെ പ്രകടനത്തെ നിങ്ങൾക്കു വിമർശിക്കാം. 23 വയസ്സുള്ള ഒരു കുട്ടിയെ നിങ്ങൾ വിമർശിക്കുമ്പോൾ, സമൂഹമാധ്യമങ്ങൾ അത് ഏറ്റുപിടിക്കുകയാണ്. എന്തുതരം ചിന്താഗതിയാണ് അതെന്ന് ആലോചിച്ചുനോക്കുക. ഭാവിയിൽ നിങ്ങളുടെ കുട്ടികളെയും അവർ ലക്ഷ്യമിടാം. ആര്‍ക്കും ആരെക്കുറിച്ചും എന്തും പറയാം. കുറഞ്ഞപക്ഷം ആ താരത്തിന്റെ പ്രായമെങ്കിലും മനസ്സിലാക്കുക. നിങ്ങൾക്ക് എന്നെക്കുറിച്ച് എന്തും പറയാം. അതു കൈകാര്യം ചെയ്യാൻ എനിക്കു സാധിക്കും. പക്ഷേ ഹർഷിതിന്റെ കാര്യം അങ്ങനെയല്ല.’’– ഗൗതം ഗംഭീർ വ്യക്തമാക്കി.
ഗംഭീർ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിന്റെ മെന്ററായിരുന്നപ്പോഴുണ്ടായ അടുപ്പമാണ്, ഹർഷിത് റാണയെ ഇന്ത്യന്‍ ടീമിലേക്ക് എത്തിച്ചതെന്നും ക്രിസ് ശ്രീകാന്ത് പ്രതികരിച്ചിരുന്നു. ഗൗതം ഗംഭീർ ഇന്ത്യൻ ടീം പരിശീലകനായതിനു പിന്നാലെയാണ് ഹർഷിത് റാണ ദേശീയ ടീമിൽ സജീവമാകുന്നത്. ഇന്ത്യയ്ക്കായി രണ്ട് ടെസ്റ്റുകളും അഞ്ച് ഏകദിനങ്ങളും മൂന്ന് ട്വന്റി20 മത്സരങ്ങളും ഹർഷിത് കളിച്ചു. ഏഷ്യാകപ്പ് വിജയിച്ച ഇന്ത്യൻ ടീമിലും ഹർഷിത് അംഗമായിരുന്നു.
English Summary:








English (US) ·