'എന്റെ അഭിനയത്തിന് പ്രതിഫലം തരാന്‍മാത്രം ധൈര്യമോ എന്നാണ് മോഹൻലാൽ ചോദിച്ചത്,ഒരുരൂപപോലും വാങ്ങിയില്ല'

7 months ago 7

mohanlal vishnu manchu

മോഹൻലാൽ കണ്ണപ്പയിൽ, വിഷ്ണു മഞ്ചു | Photo: Special Arrangement, Facebook/ Vishnu Manchu

'കണ്ണപ്പ'യില്‍ മോഹന്‍ലാലിനേയും പ്രഭാസിനേയും അക്ഷയ് കുമാറിനേയും ഉള്‍പ്പെടുത്തിയത് ചിത്രത്തിന്റെ സ്വീകാര്യത വര്‍ധിപ്പിക്കാനാണെന്ന് തുറന്നുപറഞ്ഞ് നടന്‍ വിഷ്ണു മഞ്ചു. വിഷ്ണു മഞ്ചുവിനെ നായകനാക്കി മുകേഷ് കുമാര്‍ സിങ് സംവിധാനംചെയ്യുന്ന തെലുങ്ക് ചിത്രമാണ് 'കണ്ണപ്പ'. വിഷ്ണു മഞ്ചുവിന്റെ പിതാവ് മോഹന്‍ബാബു നിര്‍മിക്കുന്ന ചിത്രത്തില്‍ മോഹന്‍ലാലും പ്രഭാസും അക്ഷയ് കുമാറും കാജല്‍ അഗര്‍വാളും അതിഥി വേഷങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്. ഇവര്‍ക്കുപുറമേ വന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. മോഹന്‍ലാലും പ്രഭാസും ഒരുരൂപപോലും പ്രതിഫലം വാങ്ങാതെയാണ് ചിത്രത്തില്‍ അഭിനയിച്ചതെന്നും ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ വിഷ്ണു മഞ്ചു പറഞ്ഞു.

'ഇന്ന് കാണുന്ന കണ്ണപ്പ നിര്‍മിക്കാന്‍ എന്നെ രണ്ടുപേര്‍ വളരെയധികം സഹായിച്ചു: മോഹന്‍ലാലും പ്രഭാസും. മോഹന്‍ലാല്‍ അത്രയും വലിയൊരു സൂപ്പര്‍സ്റ്റാറാണ്, അദ്ദേഹത്തിന് എന്റെ ചിത്രത്തില്‍ ചെറിയ വേഷം ചെയ്യേണ്ട കാര്യമൊന്നുമില്ല. എന്നാല്‍, എന്റെ അച്ഛനോടുള്ള സ്‌നേഹത്തിന്റേയും ബഹുമാനത്തിന്റേയും പേരില്‍ ആ വേഷം ചെയ്യാന്‍ ഒരുമിനിറ്റില്‍ തന്നെ അദ്ദേഹം സമ്മതം അറിയിച്ചു. പ്രഭാസ് എന്റെ സുഹൃത്താണ്. ഇന്ത്യയിലെ എന്നല്ല ഏഷ്യയിലെ തന്നെ ഏറ്റവും വലിയ താരമാണ്. അദ്ദേഹത്തിനും ഈ വേഷം ചെയ്യേണ്ട ആവശ്യമൊന്നുമില്ല. എന്റെ ചിത്രത്തില്‍ കൂടുതല്‍ റീച്ച് കിട്ടാന്‍ അദ്ദേഹത്തിന്റെ സാന്നിധ്യം വേണമെന്ന് ഞാന്‍ തുറന്നുസമ്മതിച്ചപ്പോള്‍, ചിത്രത്തില്‍ അഭിനയിക്കാന്‍ അദ്ദേഹം തയ്യാറായി. എന്താണ് വേഷമെന്നുപോലും പ്രഭാസ് അന്വേഷിച്ചില്ല', വിഷ്ണു മഞ്ചു പറഞ്ഞു.

'പ്രഭാസും മോഹന്‍ലാലും ഒരുരൂപ പോലും ചിത്രത്തിന് പ്രതിഫലം വാങ്ങിയിട്ടില്ല. ഓരോ തവണ അവരുടെ പ്രതിഫലത്തെക്കുറിച്ച് ചോദിക്കുമ്പോഴും, 'ഞങ്ങള്‍ക്ക് പ്രതിഫലം തരാന്‍ മാത്രം വലിയ ആളായി നീ മാറിയോ', എന്ന് ചോദിക്കും. 'നീ എനിക്ക് ചുറ്റുമാണ് വളര്‍ന്നത്, എന്റെ അഭിനയത്തിന് പ്രതിഫലം തരാന്‍ മാത്രം ധൈര്യമോ' എന്നായിരുന്നു മോഹന്‍ലാലിന്റെ ചോദ്യം. എന്നെ കൊല്ലുമെന്നായിരുന്നു പ്രഭാസിന്റെ പ്രതികരണം. അക്ഷയ് കുമാര്‍ അദ്ദേഹത്തിന്റെ സാധാരണ പ്രതിഫലത്തേക്കാള്‍ കുറവാണ് 'കണ്ണപ്പ'യില്‍ വാങ്ങിയത്. അദ്ദേഹത്തിന് പ്രതിഫലത്തില്‍ കുറവുവരുത്തേണ്ട കാര്യമൊന്നും ഉണ്ടായിരുന്നില്ല. അദ്ദേഹം എന്റെ സുഹൃത്ത് പോലുമായിരുന്നില്ല. ചിത്രത്തിന്റെ ഭാഗമാവുന്നതിന് മുമ്പ് അദ്ദേഹത്തിന് എന്നെ അറിയുകപോലുമുണ്ടായിരുന്നില്ല', വിഷ്ണു മഞ്ചു തുറന്നുപറഞ്ഞു.

മോഹന്‍ലാല്‍ പ്രതിഫലം മാത്രമല്ല, യാത്രാ ചെലവുപോലും വാങ്ങിയില്ലെന്ന് വിഷ്ണു മഞ്ചു വെളിപ്പെടുത്തി. 'മോഹന്‍ലാല്‍ സര്‍ എന്നെ വിളിച്ചു, 'വിഷ്ണു ഞാന്‍ എപ്പോഴാണ് ന്യൂസീലന്‍ഡിലേക്ക് വരേണ്ടത്', എന്ന് ചോദിക്കും. ടിക്കറ്റ് സ്വയം ബുക്ക് ചെയ്‌തോളാമെന്നും അദ്ദേഹത്തിനും സ്റ്റാഫിനും താമസസൗകര്യം ഒരുക്കിയാല്‍ മാത്രം മതിയെന്നും പറഞ്ഞു. അത്രയും വിനയമാണ് അവര്‍ക്ക്. മോഹന്‍ലാല്‍ അഭിനയിച്ച ഏഴുമിനിറ്റോളം വെട്ടിക്കളയേണ്ടിവന്നു. 15 മിനിറ്റുമാത്രമാണ് അദ്ദേഹത്തിന്റെ സീനുള്ളത്. ചിത്രത്തിന്റെ ദൈര്‍ഘ്യം കുറയ്ക്കാന്‍ ഞങ്ങള്‍ക്ക് ഇത്തരം ത്യാഗങ്ങള്‍ സഹിക്കേണ്ടിവന്നു. ഞങ്ങള്‍ക്ക് മറ്റൊരു വഴിയുമുണ്ടായിരുന്നില്ല.', വിഷ്ണു മഞ്ചു കൂട്ടിച്ചേര്‍ത്തു.

Content Highlights: Vishnu Manchu reveals Mohanlal, Prabhas, and Akshay Kumar's relation successful Kannappa

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article