
അഹാനയും കൃഷ്ണകുമാറും | Photo: Instagram
നടന് കൃഷ്ണകുമാറിന്റെ 57-ാം ജന്മദിനമായിരുന്നു വ്യാഴാഴ്ച. അച്ഛന് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ട് മകള്‍ അഹാനാ കൃഷ്ണ പങ്കുവെച്ച വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണിപ്പോള്‍. തന്റെ ആദ്യസിനിമ ഞാന്‍ സ്റ്റീവ് ലോപ്പസ് അല്ലായിരുന്നുവെന്നും ആദ്യമായി മിനിസ്‌ക്രീനില്‍ അച്ഛനൊപ്പം ഒരു സീരിയലില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെന്നുമാണ് അഹാന സോഷ്യല്‍മീഡിയാ പോസ്റ്റില്‍ പങ്കുവെച്ചത്. അച്ഛനൊപ്പം അഭിനയിച്ച രംഗവും കുറിപ്പും അടങ്ങിയ പോസ്റ്റ് ഉടനെതന്നെ വലിയ പ്രചാരം നേടുകയും ചെയ്തു.
എന്റെ ആദ്യ സഹനടന് 57-ാം പിറന്നാള്‍ ആശംസകള്‍ എന്ന് പറഞ്ഞുതുടങ്ങുന്ന കുറിപ്പില്‍ കൃഷ്ണകുമാറിനേയും അഹാന മെന്‍ഷന്‍ ചെയ്തിട്ടുണ്ട്.
എന്റെ ആദ്യ സഹനടന് 57-ാം പിറന്നാള്‍ ആശംസകള്‍. ഞാന്‍ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത് ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന സിനിമയിലൂടെയല്ല. ഒരുപാട് വര്‍ഷങ്ങള്‍ക്ക് മുമ്പ് അച്ഛന്‍ അഭിനയിച്ചുകൊണ്ടിരുന്ന ഒരു സീരിയലില്‍ രണ്ട് സീനുകളില്‍ അഭിനയിക്കാന്‍ ഒരു കുട്ടിയെ വേണമായിരുന്നു. മറ്റൊരു കുട്ടിയെ അവര്‍ക്ക് കണ്ടെത്താന്‍ കഴിയാതിരുന്നതിനാല്‍ അവര്‍ എന്നെ തിരഞ്ഞെടുത്തു.
പുറംലോകത്തോട് പങ്കുവെക്കാന്‍ നമ്മള്‍ ആഗ്രഹിക്കാത്ത ചില വിലയേറിയ കാര്യങ്ങളുണ്ടാകും. ഇതെനിക്ക് അങ്ങനെയൊന്നാണ്. വര്‍ഷങ്ങളായി ഒരു കുഞ്ഞു രഹസ്യംപോലെ ഞാനത് ഹൃദയത്തോടുചേര്‍ത്ത് വെച്ചിരിക്കുകയായിരുന്നു. ഇത് ഷെയര്‍ ചെയ്യണോ എന്ന് എന്നോടുതന്നെ ഞാന്‍ ചോദിച്ചപ്പോഴൊക്കെ ഞാന്‍ പ്രശസ്തയാവട്ടെ എന്നും ആരെങ്കിലും ഇതൊക്കെ ശ്രദ്ധിക്കുമെന്ന് എനിക്ക് തോന്നുമ്പോള്‍ ചെയ്യുന്നതാകും ശരി എന്നും ഉത്തരം കണ്ടെത്തുമായിരുന്നു. അതുകൊണ്ടാണോ ഇപ്പോള്‍ ഷെയര്‍ ചെയ്യുന്നത് എന്നറിയില്ല. അച്ഛന്റെ പിറന്നാളിന് എന്ത് പോസ്റ്റ് ചെയ്യണം എന്ന് ആലോചിച്ചപ്പോള്‍ എന്റെ ആദ്യസഹനടന്‍ അച്ഛനായിരുന്നല്ലോ, അത് കൊള്ളമല്ലോ എന്നും തോന്നി. ഇതാ എന്റെയാ കുഞ്ഞു രഹസ്യം, അഹാന കുറിച്ചു.
സീനില്‍ അച്ഛന്‍ സ്ത്രീക്ക് ഒരു കവര്‍ കൈമാറുന്നുണ്ട്. താനപ്പോള്‍ കരയുന്നതും ബഹളംവെക്കുന്നതും അച്ഛന്‍ അവര്‍ക്ക് തങ്ങളുടെ എന്തോ നല്‍കുകയാണെന്ന് കരുതിയാണെന്നും നമ്മുടേതായിട്ടുള്ള എല്ലാം നമുക്കാണെന്നും അത് ആര്‍ക്കും നല്‍കാന്‍ പാടില്ലെന്നും വിശ്വസിച്ചിരുന്ന അമിതമായി പൊസ്സസ്സീവായ കുട്ടിയായിരുന്നു താനെന്നും അഹാന കുറിപ്പിനൊടുവില്‍ പറയുന്നു. തനിക്ക് വേണ്ടി സ്വയം ഡബ്ബ് ചെയ്‌തെന്നും അഹാന വെളിപ്പെടുത്തി. സീരിയല്‍ രംഗത്ത് കേള്‍ക്കുന്ന തന്റെ കരച്ചിലും ശബ്ദങ്ങളും സ്റ്റുഡിയോയില്‍വെച്ച് തന്നെക്കൊണ്ട് ഡബ്ബ് ചെയ്യിപ്പിച്ചതാണെന്നാണ് അഹാന കുറിച്ചത്.
താന്‍ അഭിനയിച്ച മറ്റൊരു സീനുകൂടിയുണ്ടെന്നും അത് കുറച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞ് മറ്റൊരു ദിവസത്തേക്ക് സൂക്ഷിച്ചുവെച്ചിരിക്കുകയാണെന്നും നടി വ്യക്തമാക്കി.
റിമി ടോമി, ബീനാ ആന്റണി, ദിയാ കൃഷ്ണ, വീണാ നായര്‍ തുടങ്ങി നിരവധി പേരാണ് അഹാനയുടെ പോസ്റ്റിന് കമന്റുകളുമായെത്തിയത്. കൃഷ്ണകുമാറിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മക്കളായ ദിയാ കൃഷ്ണ, ഹന്‍സികാ കൃഷ്ണ, ഇഷാനി കൃഷ്ണ എന്നിവരും സോഷ്യല്‍മീഡിയയില്‍ ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു. അച്ഛനൊപ്പം നില്‍ക്കുന്ന തങ്ങളുടെ ബാല്യകാലചിത്രങ്ങളുംകൂടിയാണ് ദിയാ കൃഷ്ണ, ഹന്‍സികാ കൃഷ്ണ, എന്നിവര്‍ പങ്കിട്ടത്.
കഴിഞ്ഞ വര്‍ഷം അഹാനയുടെ പിറന്നാളിന് ഹൃദയഹാരിയായ ആശംസാകുറിപ്പ് കൃഷ്ണകുമാര്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരുന്നു. ജീവിത യാത്രയില്‍ 29 വര്‍ഷം മുന്‍പ് കൂടെ കൂടി, ഒരുപാട് സന്തോഷ നിമിഷങ്ങള്‍ സമ്മാനിക്കുകയും എല്ലാ സുഖ ദുഃഖങ്ങളിലും ഒപ്പം നില്‍ക്കുകയും ചെയ്ത ആഹാനക്ക് സന്തോഷം നിറഞ്ഞ ജന്മദിനാശംസകള്‍ എന്നെഴുതിക്കൊണ്ട് അഹാനയുടെ ബാല്യകാലചിത്രങ്ങള്‍ അദ്ദേഹം പോസ്റ്റ് ചെയ്തിരുന്നു.
Content Highlights: Ahaana Krishna`s Viral Birthday Post for Father Krishnakumar
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·