പുതിയ സിനിമയും അതിലെ പാട്ടും സോഷ്യൽ മീഡിയയിൽ ട്രെൻഡ് ആകുന്നത് പുതിയ സംഭവം അല്ല. എന്നാൽ സിനിമ ഇറങ്ങി 63 വർഷങ്ങൾക്ക് ശേഷം അതിലെ പാട്ടും അതിൽ അഭിനയിച്ച കുട്ടിയും ഇപ്പോൾ ട്രെൻഡ് ആകുന്നത് ഒരു സംഭവം തന്നെയാണ്. 1962ൽ പുറത്തിറങ്ങിയ സ്നേഹദീപം എന്ന ചിത്രത്തിലെ ഒന്നാം തരം ബലൂൺ തരാം എന്ന പാട്ടിലെ രംഗത്തിൽ അഭിനയിച്ച ബേബി വിനോദിനി ഇന്ന് മുത്തശ്ശി ആണ്. വർഷങ്ങൾക്കുശേഷം തന്റെ സിനിമാ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ സ്റ്റാർ ആയതിന്റെ വിശേഷങ്ങളും മാതൃഭൂമി ഡോട്ട് കോമിനോട് പങ്കുവെയ്ക്കുകയാണ് വിനോദിനി.
പാട്ട് വൈറൽ ആയത് അറിഞ്ഞിരുന്നോ.
ഞാൻ അത്ര ആക്ടീവ് അല്ല ഇൻസ്റ്റഗ്രാമിൽ, എന്റെ മകളാണ് എന്നോട് പറഞ്ഞത് അമ്മേടെ പാട്ട് ഇപ്പോൾ വൻ ഹിറ്റായി പോകുവാണെന്ന്. കുറച്ച് നാൾ മുൻപ് ഈ പാട്ട് യൂട്യൂബിൽ കണ്ടിട്ട് ഈ കുട്ടി ആരാണ്, ഇപ്പോൾ എന്ത് ചെയ്യുന്നുവെന്നൊക്കെ കമന്റ് വന്നു. ചിലർക്ക് ഒക്കെ അറിയാമായിരുന്നുവെങ്കിലും ഭൂരിപക്ഷം ആൾക്കാർക്കും അറിയില്ലായിരുന്നു. പല കമന്റുകൾ ആയപ്പോൾ ഞാൻ തന്നെ പറഞ്ഞു ഇതിൽ അഭിനയിച്ചത് ഞാനാണ് എന്ന്. അന്ന് അവരുടെ റെസ്പോൺസ് കണ്ടപ്പോൾ സന്തോഷം തോന്നിയിരുന്നു. ഇപ്പോൾ പാട്ടിന്റെ റീൽസ് വൈറൽ ആയപ്പോൾ കൂട്ടുകാരും ബന്ധുക്കളും ഇതിന്റെ ഓരോ വേർഷൻസ് അയച്ചു തരാൻ തുടങ്ങി. ഇപ്പോഴും അഭിനയിച്ച സിനിമകളും പാട്ടും ഒക്കെ ഞാൻ യൂട്യൂബിൽ നോക്കും. സോഷ്യൽ മീഡയിൽ ട്രെൻഡായി എന്നറിഞ്ഞപ്പോൾ സന്തോഷം. മകൾ പിന്നീട് പറഞ്ഞിരുന്നു പല വേർഷൻസ് ഉണ്ട് എല്ലാം ഒന്നും കാര്യമായി എടുക്കണ്ട എന്ന്. ആരാണ് ഈ പാട്ട് റീൽ ആക്കിയതെന്ന് അറിയാൻ എനിക്കും ആഗ്രഹമുണ്ട്.
ആദ്യത്തെ സിനിമയാണോ സ്നേഹദീപം.
അല്ല ആദ്യത്തെ സിനിമ ഭക്തകുചേല ആണ്. എന്റെ ചേച്ചി ഭക്തകുലേചയിൽ കൃഷ്ണന്റെ വേഷം ചെയ്തിരുന്നു, അമ്മയാണ് ചേച്ചിയുടെ ഒപ്പം പോകുന്നത്. കുട്ടിയായിരുന്ന എന്നെയും ഒപ്പം കൂട്ടും. ചിത്രത്തിൽ കൃഷ്ണന്റെ കുട്ടിക്കാലം ചെയ്യാൻ ഒരു കുട്ടിയും ഉണ്ടായിരുന്നു. പൂതനയുടെ രൗദ്ര വേഷമിട്ടിരുന്നത് എന്റെ അച്ഛൻ ഗുരു ഗോപിനാഥ് ആയിരുന്നു, അച്ഛന്റെ വേഷവും അന്നേരത്തെ അലർച്ചയും ഒക്കെ കേട്ട്, വന്ന കുട്ടി പേടിച്ച് കരഞ്ഞു, പിന്നെ വന്ന കുട്ടികളുടെയും അവസ്ഥ അതുതന്നെ. അങ്ങനെയിരുന്നപ്പോഴാണ് സെറ്റിൽ വളരെ കൂളായി നടക്കുന്ന എന്നെ സുബ്രഹ്മണ്യൻ മുതലാളി കാണുന്നതും വിനു കൃഷ്ണന്റെ വേഷം ചെയ്ത് നോക്കട്ടെ എന്ന് പറയുന്നതും. ഭാഗ്യം കൊണ്ട് എല്ലാം ശരിയായി. അങ്ങനെ മൂന്നര വയസ്സിൽ കൃഷ്ണനായിട്ടായിരുന്നു എന്റെ സിനിമയിലെ എന്റെ അരങ്ങേറ്റം. അഞ്ച് വയസ്സ് ഉള്ളപ്പോഴാണ് സ്നേഹദീപത്തിൽ അഭിനയിക്കുന്നത്. ഭക്തകുചേലയിലെ ക്രൂ ഒക്കെ അതിലും ഉണ്ടായിരുന്നത് കൊണ്ട് പേടി ഒന്നും തോന്നിയില്ല.
പാട്ടിന്റെ ചിത്രീകരണം ഓർമയുണ്ടോ
ഈ പാട്ടിന്റെ ചിത്രീകരണം എനിക്ക് ഇപ്പോഴും ഓർമയുണ്ട്. ഒരുപാട് ടോയ്സ് ഉപയോഗിച്ച് ഞാൻ കളിക്കുന്ന തരത്തിലുള്ള പാട്ടാണ് അത്. പാട്ട് ഇന്നും മനസ്സിൽ തങ്ങി നിൽക്കുന്നതിന്റെ പ്രധാന കാരണം അതിൽ ഉപയോഗിച്ചിരുന്ന കുതിര ആണ്. ഷൂട്ടിങ് തുടങ്ങുന്നതിന് മുൻപ് എനിക്ക് അതുതരുമോ എന്ന് ഞാൻ ചോദിക്കുകയും ആ കുതിരയിൽ കയറി സെറ്റിൽ നടന്നതും ഇന്നും മനസ്സിൽ ഉണ്ട്.

നായിക ആയി മികച്ച കരിയർ സിനിമയിൽ ഉണ്ടാക്കിയെടുക്കാൻ കഴിയുന്ന എല്ലാ സാധ്യതയും ഉണ്ടായിരുന്നിട്ടും എന്തുകൊണ്ടാണ് സിനിമ വേണ്ടെന്നുവെച്ച് മാറി നിന്നത്.
സിനിമ കരിയർ ആക്കണമെന്ന് എനിക്ക് ആഗ്രഹമേ ഉണ്ടായിരുന്നില്ല. അതിന് എനിക്ക് കാരണങ്ങൾ ഉണ്ടായിരുന്നു. അന്നത്തെ ഷൂട്ടിങ് വളരെ കഷ്ടം പിടിച്ചതായിരുന്നു. അന്നൊക്കെ സമയപരിധി വെച്ച് സെറ്റ് വാടകയ്ക്ക് എടുക്കുകയാണ് പതിവ്. അതു കൊണ്ട് തന്നെ പലപ്പോഴും പാതിരാത്രി ഒക്കെ ഷൂട്ടിങിന് പോകേണ്ടി വന്നിട്ടുണ്ട്. കുട്ടിയായിരിക്കുമ്പോൾ വലിയ പ്രശ്നമായി തോന്നിയില്ലെങ്കിലും ദേവി കന്യാകുമാരി ഒക്കെ ചെയ്യുന്ന സമയത്ത്, സമയം എടുത്തുള്ള ചിത്രീകരണം എനിക്ക് പറ്റില്ലെന്ന് മനസ്സിലായത്. വീട്ടിൽ നിന്ന് മാറിനിൽക്കേണ്ടി വരുന്നതും എനിക്ക് അത്ര താൽപര്യമില്ലായിരുന്നു. ആളുകൾ തിരിച്ചറിയുന്നതും നമുക്കുള്ള സ്വാതന്ത്യം നഷ്ടമാകുന്നതും എനിക്ക് ബുദ്ധിമുട്ടായിരുന്നു. ഇന്ന് കേൾക്കുമ്പോൾ ഇതൊക്കെ തീരെ ബാലിശമായി പലർക്കും തോന്നിയേക്കുമെങ്കിലും സിനിമയിൽ അഭിനയിക്കുന്ന സ്ത്രീകൾക്ക് അത്ര സ്വീകാര്യത കിട്ടുന്ന കാലഘട്ടമല്ലായിരുന്നു അത്. എന്റെ താൽപര്യമില്ലായ്മ കണ്ടിട്ടാകണം അച്ഛനും അമ്മയും പിന്നെ നിർബന്ധിച്ചതും ഇല്ല.
ഒൻപതര വയസ്സ് വരെ സിനമയിൽ സജീവമായിരുന്നു. ഇനി സിനിമയിലേക്ക് ഇല്ലെന്ന് ഉറപ്പിച്ച് ഇരുന്നപ്പോഴാണ് അച്ഛന്റെ അടുത്ത സുഹൃത്ത് കൂടിയായ പി. സുബ്രഹ്മണ്യം ദേവി കന്യാകുമാരിയുടെ കാര്യം പറയുന്നത്. എനിക്ക് താൽപര്യമുണ്ടായിരുന്നില്ല പക്ഷേ, അദ്ദേഹം നിർബന്ധിച്ചപ്പോൾ ഞാൻ കുറേ നിബന്ധനകൾ പറഞ്ഞു അദ്ദേഹം അതെല്ലാം സമ്മതിച്ചു. അങ്ങനെ പതിനാറാം വയസ്സിൽ നീണ്ട ഇടവേളയ്ക്ക് ശേഷം ദേവി കന്യമാകുമാരിയിൽ അഭിനയിച്ചു. പിന്നെ സ്വാമി അയ്യപ്പനിൽ സരസ്വതിയായി ഗസ്റ്റ് അപ്പിയറൻസ് ചെയ്തിരുന്നു. അത് സുബ്രഹ്മണ്യൻ അങ്കിളിന്റെ ഒരു വിശ്വാസത്തിന്റെ ഭാഗമായായിരുന്നു. ഞങ്ങളുടെ കുടുംബത്തിലെ ആരെങ്കിലും സിനിമയിൽ ഉണ്ടെങ്കിൽ ആ സിനിമ ഹിറ്റ് ആകുമെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു.

സാങ്കേതികപരമായി സിനിമ ഇന്ന് ഒരുപാട് വളർന്നു. എന്നാൽ ഇതൊന്നും ഇല്ലാതിരുന്ന ഒരു കാലം സിനിമയ്ക്ക് ഉണ്ടായിരുന്നു. എങ്ങനെയായിരുന്നു അന്നത്തെ സിനിമ.
കേരളത്തിൽ അന്ന് ആകെയുള്ള സ്റ്റുഡിയോ ആലപ്പുഴയിലെ ഉദയയും തിരുവനന്തപുരത്ത് മെറിലാന്റും ആണ്. വലിയ വാടക കൊടുത്ത് സെറ്റ് എടുക്കുന്ന പതിവൊന്നും അന്നില്ല. അതുകൊണ്ട് രാത്രി ഷൂട്ടിങ് അന്ന് പതിവാണ് സിനിമയിൽ. അന്ന് പുറംരാജ്യങ്ങിലെ ഷൂട്ട്, ഔട്ട് ഡോർ ഷൂട്ടൊന്നും അധികമില്ല, അഥവാ ഉണ്ടെങ്കിൽ തന്നെ സെറ്റ് ആയിരിക്കും. ബ്ലാക്ക് ആൻഡ് വൈറ്റ് സ്ക്രീനിന് യോജിച്ചുവരാൻ വേണ്ടി ആയിരിക്കണം അധികം മേക്കപ്പ് ഉപയോഗിച്ചിരുന്നു. ഇന്ന് അങ്ങനെയല്ലല്ലോ...
ഇന്നത്തെ ടെക്നോളജിയോ ഗ്രാഫിക്സോ അന്നില്ല എന്നാലും ക്യാമറ ഉപയോഗിച്ച് എത്രത്തോളം മാജിക് സൃഷ്ടിക്കാൻ സാധിക്കുമോ അതൊക്ക അവർ ചെയ്തിരുന്നു. ഭക്തകുചേല കണ്ടാൽ അറിയാം യാതൊരു ടെക്നോളജിയും ഇല്ലാതെ ക്യാമറ മാത്രം ഉപയോഗിച്ച് എന്തൊരു മാജിക്കാണ് അവർ ചെയ്തിരിക്കുന്നതെന്ന്. ഗ്രാഫിക്സ് ഇല്ലാതെ കാണുന്ന പ്രേക്ഷകർക്ക് അരോചകമാകാതെ അവർ അന്നതു ചെയ്തത് ചെറിയ കാര്യമല്ല.
സിനിമ ഒരുപാട് മാറി, സിനിമയിൽ ഭാഗമാകുന്നവരോടുള്ള സമൂഹത്തിന്റെ കാഴ്ച്ചപ്പാടും മാറി. നല്ലൊരു കഥയും കഥാപാത്രവും വന്നാൽ സിനിമയിലേക്ക് തിരിച്ച് വരവ് പ്രതീക്ഷിക്കാമോ.
ഞാൻ ബേസിൽ ജോസഫിന്റെ ഫാൻ ആണ്. ബേസിലിന്റെ അഭിനയവും സംവിധാനവും എനിക്ക് ഇഷ്ടമാണ്. എന്റെ മകൻ തമാശയ്ക്ക് പറയും അമ്മയുടെ ഇൻർവ്യൂ ഒക്കെ കണ്ടിട്ട് ബേസിൽ വിളിച്ചിരുന്നു എന്ന്. ഭാര്യ, അമ്മ, അമ്മൂമ്മ ഇത്രയും റോളുകൾ വളരെ ഭംഗിയായി ചെയ്തുകൊണ്ടിരിക്കുകയാണ് ഞാൻ. ഓഫർ വന്നാൽ ഞാൻ സ്വീകരിക്കുമോ എന്ന് അറിയില്ല. ഇത്രയും വർഷം മാറി നിന്ന് കഴിവൊക്കെ പോയി എന്നാണ് ഞാൻ കരുതുന്നത്.
സ്നേഹദീപത്തിലെ പാട്ട് കുറച്ച് മുതിർന്നവർക്ക് ആണ് പരിചയം എന്നാൽ സോഷ്യൽ മീഡിയയിൽ ട്രെൻഡ് ആയതോടെ പ്രായഭേദമില്ലാതെ എല്ലാവരും അത് ഏറ്റെടുത്തതിലും പാടുന്നതിലും ഒരുപാട് സന്തോഷമുണ്ട്. പാട്ടിന്റെ ഭംഗി കൂട്ടുന്നതിൽ ചെറുതല്ലാത്ത പങ്ക് അത് പാടിയ ലത രാജുവിനും ഉണ്ട്.
മാധ്യമ പ്രവർത്തനകനും അധ്യാപകനുമായ ഭർത്താവ് ശശി മോഹനൊപ്പം തിരുവനന്തപുരത്താണ് വിനോദിനി താമസിക്കുന്നത്.
Content Highlights: Usha Mol, kid prima of `Snehadeepam`, reacts to her song`s viral resurgence 63 years later
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·