എന്റെ കഞ്ഞിയിലാണ് നിങ്ങൾ പാറ്റ ഇട്ടത്, സിനിമ മോശമെങ്കിൽ പണി നിർത്തും; സിബി മലയിലിനെതിരെ MB പദ്മകുമാർ

6 months ago 6

സംവിധായകൻ സിബി മലയിലിനെതിരെ സംവിധായകനും ദേശീയ അവാർഡ് മുൻ ജൂറി അം​ഗവുമായ എം.ബി. പദ്മകുമാർ. ജെഎസ്കെ എന്ന ചിത്രത്തിന്റെ സെൻസർഷിപ്പുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ സംസാരിക്കുമ്പോൾ പദ്മകുമാറിന്റെ സിനിമയെക്കുറിച്ച് സിബി മലയിൽ പറഞ്ഞ വാക്കുകളാണ് വിമർശനത്തിന് കാരണം. ജെഎസ്കെ ഇപ്പോൾ നേരിടുന്ന സമാനപ്രശ്നം പദ്മകുമാറിന്റെ സിനിമയും നേരിട്ടിരുന്നെന്നും അത് ചെറിയ സിനിമയായതിനാൽ സംവിധായകൻ തന്നെ ആ പേരുമാറ്റി പ്രശ്നം പരിഹരിച്ചെന്നുമാണ് സിബി മലയിൽ പറഞ്ഞത്. സിബി മലയിലിന്റെ വാക്കുകൾ ചാനലിലൂടെ പുറത്തുവന്നതിനുശേഷം സിനിമ പുറത്തിറക്കാൻ തന്നെ സഹായിക്കാമെന്ന് പറഞ്ഞ വിതരണക്കാരൻ പിന്മാറിയെന്ന് പദ്മകുമാർ പറഞ്ഞു.

സോഷ്യൽ മീഡിയയിൽ പദ്മകുമാർ പോസ്റ്റ് ചെയ്ത വീഡിയോയിൽ അദ്ദേഹം പറയുന്നതിങ്ങനെ: സാഹചര്യങ്ങളെ വിവേകം കൊണ്ടാണ് നേരിടേണ്ടത് വികാരം കൊണ്ടല്ലെന്ന് പലരും പറയാറുണ്ട്. പലപ്പോഴും ഞാനത് ചെയ്യാറുണ്ട്. പക്ഷേ ഈ ഒരു സാഹചര്യത്തെ ഞാൻ എന്റെ വികാരം കൊണ്ട് നേരിടുകയാണ്.

സിബിമലയിൽ സാറിനോട് ആര് പറഞ്ഞു എന്റെ സിനിമ അവാർഡ് സിനിമയാണ്, ചെറിയ സിനിമയാണെന്ന്. സൂപ്പർ താരങ്ങൾ ഇല്ലെങ്കിൽ അല്ലെങ്കിൽ വലിയ ബജറ്റുള്ള സിനിമ അല്ലെങ്കിൽ അതൊക്കെ ചെറിയ സിനിമയായി പോകും അല്ലേ സാറേ. അത് പ്രേക്ഷകർ കാണണ്ട അല്ലേ സാറേ. സാർ ആ സിനിമ കണ്ടോ?അല്ലെങ്കിൽ സാർ സിനിമയെ കുറിച്ച് എന്തെങ്കിലും അറിഞ്ഞോ? ഇത് തന്നെയല്ലേ സാറേ സെൻസർ ബോർഡും ചെയ്തത്. സിനിമ കാണാതെ അവർ മുൻവിധിയോടു കൂടി പത്മകുമാർ ചെയ്യുന്ന സിനിമയാണ്, ഞാനോ അല്ലെങ്കിൽ സംഘടനയിലുള്ള ആൾക്കാരോ സിനിമ ചെയ്തില്ലെങ്കിൽ അതൊക്കെ മോശം സിനിമയാകുമെന്ന് കരുതിയല്ലേ സാറേ എന്നെപ്പോലുള്ള സാധാരണക്കാരെ സാർ ഉപദ്രവിക്കുന്നത്.

സാറിന് ഒരു കാര്യം അറിയാമോ. ഞാൻ കഴിഞ്ഞ ഏഴു മാസമായിട്ട് ഊണും ഉറക്കവും കളഞ്ഞ് കഷ്ടപ്പെട്ട് ചെയ്ത ഒരു സിനിമയാണ്. ആ സിനിമ എല്ലാം ഭംഗിയായി തീർന്ന്, സെൻസർ ചെയ്തു കിട്ടി, ഞാൻ തോറ്റ്, പേടിച്ച് ആണ് സെൻസർ ചെയ്തു കിട്ടിയത്. അത് കഴിഞ്ഞ് തിയേറ്ററിൽ എത്തിക്കണമല്ലോ, സൂപ്പർ താരങ്ങൾ ഒന്നുമില്ല. വർഷങ്ങളായിട്ട് സിനിമ സ്വപ്നം കണ്ടു നടന്ന ഒരുപാട് പേരുടെ മുഖമാണ് സാറേ, അവരുടെ വയറാണ് സാറേ ആ സിനിമയുടെ കണ്ടന്റ്. സൂപ്പർ താരങ്ങൾ ഇല്ലെങ്കിൽ തിയേറ്റിന്റെ തിരശ്ശീല കിട്ടാൻ വലിയ ബുദ്ധിമുട്ടല്ലേ. ഒരു ഡിസ്ട്രിബ്യൂട്ടറും വരത്തില്ല. ഞാൻ കഷ്ടപ്പെട്ട്, ബുദ്ധിമുട്ടി പൈസ കൊടുത്ത് ഡിസ്ട്രിബ്യൂട്ട് ചെയ്യാൻ വേണ്ടി ഒരാളെ അതിന് ഒപ്പിച്ചു വച്ചിരിക്കുകയായിരുന്നു. അദ്ദേഹം സാറിന്റെ സംസാരം കേട്ട് എന്നെ വിളിച്ചു പറഞ്ഞത് എന്താണെന്ന് അറിയാമോ? “നിങ്ങൾ പറഞ്ഞത് ഇത് വലിയ സിനിമയാണ്, പ്രേക്ഷകർ ഇഷ്ടപ്പെടും എന്നൊക്കെ പറഞ്ഞിട്ട് ഇപ്പോ സിബിമലയിൽ പറഞ്ഞല്ലോ അതൊരു ചെറിയ സിനിമയാണെന്ന്. അവാർഡ് സിനിമയ്ക്ക് ഞാൻ പൈസ മുടക്കുന്നില്ല’’ എന്ന് അദ്ദേഹം പറഞ്ഞു.

സാറേ എന്റെ കഞ്ഞിയിലാണ് സർ പാറ്റ ഇട്ടത്. ഞാൻ സാറിനെ വെല്ലുവിളിക്കുകയാണ്, ഇതൊരു ചെറിയ സിനിമയാണെന്ന്, അല്ലെങ്കിൽ ഇതൊരു അവാർഡ് സിനിമയാണ്, ഇതൊരു മോശം സിനിമയാണ്, ആൾക്കാർ വെറുക്കുന്ന സിനിമയാണെന്ന് സാറിന് അല്ലെങ്കിൽ പ്രേക്ഷകർക്ക് തോന്നുന്നുണ്ടെങ്കിൽ അന്ന് ഞാൻ ഈ പണി നിർത്താം. ആരുടെയെങ്കിലും കയ്യും കാലും പിടിച്ച്, തിയറ്റർ വാടകയ്ക്ക് എടുത്ത് അല്ലെങ്കിൽ തിയേറ്റർ കിട്ടിയില്ലെങ്കിൽ തിരശ്ശീല വലിച്ചു കെട്ടി ഞാൻ ഈ സിനിമ പ്രേക്ഷകരെ കാണിച്ചിട്ട് ഏതെങ്കിലും പ്രേക്ഷകർ പറയുകയാണ് ഈ സിനിമ അവാർഡ് സിനിമയാണ് അത് എൻഗേജിങ് അല്ല, അത് മോശം സിനിമയാണെന്ന് പറഞ്ഞാൽ അന്ന് ഞാൻ ഈ പണി നിർത്താം സാറേ. അത്രമാത്രം സങ്കടത്തോടെയാണ് പറയുന്നേ.

വികാരത്തോടെ തന്നെയാണ് പറയുന്നത്. ഞാൻ സാറിനെ നേരിട്ട് വിളിച്ച് ഈ സങ്കടം പറഞ്ഞതാ. മറ്റൊരാളെ ഞാൻ വിളിച്ചു പറഞ്ഞതാ. സർ ഞാൻ സംഘടനയിൽ അംഗത്വം എടുക്കാത്തത് മനഃപൂർവം ഒന്നുമല്ല. അതിന്റെ കാര്യം എന്താണെന്നു അറിയോ, ഒരു സംഘടനയിൽ അംഗത്വം എടുത്താൽ ഒരു പ്രൊഡ്യൂസറുടെ പോക്കറ്റാണ് കാലിയാകുന്നത്. സംഘടന പറയുന്ന പൈസ മുഴുവൻ കൊടുത്തു കഴിഞ്ഞാൽ ആ സിനിമയക്ക് വേണ്ടി ഒന്നും കാണത്തില്ല. എന്നെപ്പോലുള്ള ആൾക്കാർക്ക് പുതിയ ആൾക്കാരെ വച്ച് സിനിമ ചെയ്യാൻ ഒരു പ്രൊഡ്യൂസറേയും കിട്ടില്ല. അതുകൊണ്ടാണ് സംഘടനയിൽ ഇത്രയും കാലം മെമ്പർഷിപ്പ് എടുക്കാതെ സാധാരണ കഴിവുള്ളവരെ വച്ചിട്ട് ഞാൻ സിനിമ ചെയ്തത്. ആ സിനിമയിൽ നിന്ന് എന്തെങ്കിലും കിട്ടുമ്പോൾ അവർക്ക് കൂടെ അതിൽ പങ്ക് വീതിക്കാവുന്നതാണ്.

സാറിനെ പോലുള്ള ആറ്റിറ്റ്യൂഡ് ഉള്ള സമൂഹം അത്തരത്തിൽ സിനിമയക്ക് മുഖം തിരിഞ്ഞു നിൽക്കുകയാണ്. വല്ലാത്ത സങ്കടമുണ്ട് സാറേ. കാരണം സർ ഈ പറഞ്ഞതിന്റെ സീരിയസ്നെസ്സ് സാറിന് പോലും മനസ്സിലാകത്തില്ല. സാറൊക്കെ ശീതീകരിച്ച മുറിയിൽ ഇരുന്ന് ഏതെങ്കിലും പ്രൊഡ്യൂസറുടെ വലിയ വലിയ സിനിമകൾ ചെയ്ത്, അത് പരാജയപ്പെട്ടോ നന്നായോ എന്നൊന്നും ചിന്തിക്കാതെ അടുത്ത സിനിമയിലേക്ക് തേടിപ്പോവുന്നവരാണ്. ബാക്കിയുള്ള സാധാരണക്കാർ ഉണ്ടല്ലോ, ജീവൻ പണയം വച്ച് ഓരോ സിനിമയിലും തന്റെ ആത്മാവിനെ ഇട്ടാണ് ഓരോ സിനിമയും ചെയ്യുന്നത്. സർ ഈ സിനിമ തിയറ്ററിൽ അല്ലെങ്കിൽ ഏതെങ്കിലും തിരശീലയിൽ തെളിയുമ്പോൾ വന്ന് കണ്ടു നോക്ക്. ഈ സിനിമയുടെ ഫയർ സാർ മനസ്സിലാക്കും. അതിൽ ഞാൻ സാറിനെ വെല്ലുവിളിക്കുകയാണ്. സാർ ആ സിനിമ കണ്ടിട്ട് വീണ്ടും മോശമാണെന്ന് പറയുകയാണെങ്കിൽ ഞാൻ നിർത്താം ആ പണി അന്ന്.

ഞാൻ തോറ്റു പിന്മാറിയൊന്നുമല്ല. ഇത് ഞാൻ അറിഞ്ഞപ്പോൾ തന്നെ പരിഹരിക്കാൻ വേണ്ടി പല ആൾക്കാരുടെയും പടിവാതിൽ മുട്ടിയതാണ്. സംഘടനയോട് ചേർന്നു നിൽക്കുന്ന പലരോടും ഈ കാര്യം പറഞ്ഞതാണ്. അവരാണ് എന്നെ ചതിച്ചത്. അത് നിങ്ങൾക്കറിയുമോ? അല്ലാതെ ഞാൻ അതു പേടിച്ചൊന്നും ചെയ്തതല്ല. പല പടിവാതിലുകളിലും മുട്ടിയാണ്. പല നേതാക്കന്മാരുടെയും കാൽക്കൽ വീണതാണ്. അവരൊക്കെ എന്നോട് പറഞ്ഞത് എന്തൊക്കെയാണെന്ന് നിങ്ങൾക്കറിയോ. ഏതായാലും ‘ജെഎസ്കെ’ ഒന്ന് റിലീസ് ചെയ്യട്ടെ, നിങ്ങൾക്കൊക്കെ അത് ആവശ്യമാണല്ലോ. സൂപ്പർ താരം അതിനകത്തുണ്ട്, കേന്ദ്രമന്ത്രി ഉണ്ട്, പണം ചാക്കിൽക്കെട്ട് നടക്കുന്ന ഒരുപാട് പേരുണ്ട് അതിനകത്ത്. നമുക്ക് അതൊന്നുമില്ല സാറേ. എന്നാൽ ഇതിനകത്ത് സിനിമയെ സ്നേഹിക്കുന്ന ജീവിതത്തെ സ്നേഹിക്കുന്ന ഒരു കൂട്ടം പേരുടെ ഹൃദയമുണ്ട് സാറേ. അതുകൊണ്ടാണ് പലരുടെയും പടിവാതിൽ ചെന്നിട്ട് ജാനകി എന്റെ മുത്തശ്ശിയുടെ പേരാണ് അത് മാറ്റാൻ ഞാൻ തയാറാവില്ല എന്ന് പറഞ്ഞത്.

ഒരു തിരക്കഥാകൃത്ത സിനിമ എഴുതുന്നതും ഒരു സംവിധായകൻ സിനിമ മെനയുന്നതൊക്കെ അവന്റെ ആത്മാംശം ചേർത്താണ്. യഥാർഥ ഫിലിം മേക്കർ, യഥാർത്ഥ സൃഷ്ടാക്കൾ, അതിൽ ഒരാളാണ് സാറേ ഞാനും, എന്നെപ്പോലെ ഒരുപാട് പേരും. അവരുടെ നെഞ്ചത്താണ് സാർ കത്തികുത്തി ഇറക്കിയത്. പിന്നെ ഈ മറ്റേ മഹാൻ പറഞ്ഞപോലെ ഞാൻ തോറ്റ് ഓടിയതൊന്നുമല്ല, ധൈര്യത്തോടുകൂടെ തന്നെ ഞാൻ പേര് മാറ്റിയത്.

ജാനകിക്കു പകരം ജയന്തിയാലും എന്റെ സിനിമ സ്റ്റാൻഡ് ഔട്ട് ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട്. പിന്നെ ഞാൻ വിശ്വസിക്കുന്ന ഒരു പ്രത്യയ ശാസ്ത്രത്തിന്റെ നെഞ്ചത്ത് അങ്ങനെ അങ്ങ് കഠാര വെക്കേണ്ട എന്ന് കരുതി. കാരണം ആരൊക്കെയോ ഇതിന്റെ ഇടയിൽ കിടന്ന് കളിക്കുന്നതാണ് നിങ്ങൾക്ക് എല്ലാം അറിയാവുന്ന കാര്യമാണ്. അതിന് ഞാൻ ഒരു കാരണം ആകേണ്ട എന്ന് കരുതിയാണ് ഈ പ്രശ്നം രൂക്ഷമാക്കാതിരുന്നത്. അധികം മാധ്യമ ശ്രദ്ധ വരുത്താതിരിക്കാൻ, എന്തായാലും നിങ്ങൾ ഈ പ്രശ്നം രൂക്ഷമാക്കിയില്ലേ, അത് എന്തിനാണെന്ന് നിങ്ങൾക്ക് നന്നായിട്ട് അറിയാവുന്ന കാര്യമാണ്. എന്തായാലും കോടതിവിധി വരട്ടെ. ഞാൻ സാറിനോട് പിന്നെയും പറയുകയാണ്, ഞാൻ ഈ സിനിമ തിയറ്റിൽ എത്തിക്കും അല്ലെങ്കിൽ തിരുശീല കെട്ടി പ്രദർശിപ്പിക്കും. അന്ന് സാറിന് മനസ്സിലാകും യഥാർഥ ഫയർ എന്താണെന്ന്. സാറിനും സാറിന്റെ സംഘടനയ്ക്കും സിനിമകൾക്കും നല്ലത് വരട്ടെ.”

Content Highlights: Director M.B. Padmakumar criticizes Siby Malayil`s comments connected his film`s censorship issues

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article