
അഖിൽ മാരാർ | ഫോട്ടോ: Facebook
തിരുവനന്തപുരം: രാജ്യദ്രോഹക്കേസിൽ സംവിധായകനും നടനുമായ അഖിൽ മാരാർക്ക് മുൻകൂർ ജാമ്യം. കൊട്ടാരക്കര പോലീസെടുത്ത കേസിൽ ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. പൗരന്റെ അഭിപ്രായ സ്വാതന്ത്ര്യത്തിനപ്പുറം എന്താണ് കേസെടുക്കാനുള്ള കാരണം എന്ന് വ്യക്തമാക്കാൻ പോലീസിനോട് കോടതി ആവശ്യപ്പെട്ടു. ജാമ്യംകിട്ടിയ വിവരം അഖിൽതന്നെയാണ് അറിയിച്ചത്. വിഷയത്തിൽ തന്നെ ആദ്യം വിളിച്ചത് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയാണെന്ന് അഖിൽ മാരാർ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല, ഹൈബി ഈഡൻ എം.പി, ചാണ്ടി ഉമ്മൻ എം.എൽ.എ, സന്ദീപ് വാര്യർ തുടങ്ങിയവരും തനിക്കൊപ്പം നിന്നുവെന്നും അഖിൽ പറഞ്ഞു.
രാജ്യത്തിന്റെ അഖണ്ഡതയ്ക്കെതിരേ സംസാരിച്ചെന്ന കുറ്റം ചുമത്തിയാണ് അഖിൽ മാരാരുടെ പേരിൽ കൊട്ടാരക്കര പോലീസ് കേസെടുത്തത്. ബിഎൻഎസ് 152 വകുപ്പ് പ്രകാരം ജാമ്യമില്ലാ കുറ്റമാണ് ചുമത്തിയിരുന്നത്. സാമൂഹികമാധ്യമങ്ങളിൽ ദേശവിരുദ്ധ പരാമർശം നടത്തിയെന്നാരോപിച്ച് ബിജെപി കൊട്ടാരക്കര മണ്ഡലം അധ്യക്ഷൻ അനീഷ് കിഴക്കേക്കരയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ്. പഹൽഗാം ആക്രമണത്തിന്റെയും തിരിച്ചടിയുടെയും പശ്ചാത്തലത്തിൽ ഫെയ്‌സ്ബുക്കിലിട്ട അഖിൽമാരാരുടെ പോസ്റ്റ് സംബന്ധിച്ചായിരുന്നു അനീഷിന്റെ പരാതി.
അഖിൽ മാരാരുടെ ഫെയ്സ്ബുക്ക് കുറിപ്പ് ഇങ്ങനെ:
എനിക്കെതിരെ കൊട്ടാരക്കര പോലീസ് എടുത്ത 152BNS രാജ്യ ദ്രോഹ കേസിൽ ബഹു കേരള ഹൈകോടതി മുൻ കൂർ ജാമ്യം അനുവദിച്ചു. പൗരന്റെ അഭിപ്രായ സ്വാതന്ത്ര്യത്തിനപ്പുറം എന്താണ് കേസെടുക്കാനുള്ള കാരണം എന്ന് വ്യക്തമാക്കാൻ പോലീസിനോട് കോടതി ആവശ്യപ്പെട്ടു. ഇന്നലെ വരെ എന്നെ വ്യക്തമായി അറിഞ്ഞിട്ടുള്ള പലരും ഞാൻ ഡിലീറ്റ് ചെയ്ത ലൈവിന്റെ പേരിൽ എന്റെ ജീവപര്യന്തം മോഹിച്ചു ആഘോഷിച്ചു.
ഈ വിഷയത്തിൽ എന്നെ ആദ്യം വിളിച്ചത് സുരേഷ് ഗോപി പ്രിയപ്പെട്ട സുരേഷേട്ടനായിരുന്നു.. സ്വന്തം പാർട്ടി നൽകിയ പരാതി ആയിരുന്നിട്ടും എന്നെ തിരിച്ചറിഞ്ഞു ചേർത്ത് പിടിച്ചത് നന്ദിയോടെ ഞാൻ സ്മരിക്കുന്നു. ബിജെപിയുടെ സംസ്ഥാന നേതൃത്വം പ്രാദേശിക നേതാവിന്റെ പബ്ലിസിറ്റി മോഹം തള്ളി കളഞ്ഞു. ഇനിയൊരു മണ്ഡലം കമ്മിറ്റിയും ഇത്തരം പരാതികൾ ഉണ്ടെങ്കിൽ സംസ്ഥാന നേതൃത്വത്തെ അറിയിക്കുക എന്നും തീരുമാനം എടുത്തു. പേര് പറയണ്ട ഒപ്പമുണ്ട് എന്ന് വിളിച്ചു പറഞ്ഞ ബിജെപി സംസ്ഥാന നേതാക്കൾ.
തുടക്കം മുതൽ കട്ടയ്ക്ക് കൂടെ നിന്ന പ്രതിപക്ഷ നേതാവ് വിഡി സതീശൻ സാർ തിരക്കിനിടയിലും എന്നെ വിളിച്ചു ധൈര്യം നൽകി. ജാമ്യം കിട്ടിയ ശേഷവും വിളിച്ചു. നിരന്തരം ഫോളോ അപ്പ് ചെയ്ത ശ്രീ രമേശ് ചെന്നിത്തല സാർ. അദ്ദേഹം എന്നും എനിക്കൊപ്പമുണ്ട് എന്നത് ഒരു ധൈര്യമാണ്. ജാമ്യം കിട്ടി എന്ന് ആദ്യം എന്നെ വിളിച്ചു പറഞ്ഞ പ്രിയപ്പെട്ട ഹൈബി ഈഡൻ എംപി. സുപ്രീം കോടതിയിൽ പോയാലും ജാമ്യം എടുക്കും അഖിലേ എന്ന് പറഞ്ഞു വിളിച്ച ചാണ്ടി ഉമ്മൻ, മാത്യു കുഴൽ നാടൻ, കൊടിക്കുന്നിൽ സുരേഷ്, മേജർ രവി, എനിക്ക് വേണ്ടി കട്ടയ്ക്ക് ഒപ്പം നിന്ന പ്രിയപ്പെട്ട സന്ദീപ് വാര്യർ എന്നിവർക്ക് ഒരായിരം നന്ദി...
എനിക്ക് വേണ്ടി ഹാജർ ആയത് എന്നേക്കാൾ ജൂനിയർ ആയ ഒരു മിടുക്കി ആയിരുന്നു. ഇത്രയും ഗൗരവം ഉള്ള കേസ് സീനിയർ വക്കീലന്മാരെ ഏല്പിക്കാൻ പലരും പറഞ്ഞപ്പോഴും വിമല ബിനു മതി എന്നത് എന്റെ തീരുമാനമായിരുന്നു. എന്റെ വിശ്വാസം വിമല കാത്തു. Thank you dear..
"നീ ധൈര്യമായി വാദിച്ചോ കിട്ടിയില്ലെങ്കിൽ ഞാൻ ജയിലിൽ കിടന്നോളാം.. "ഇതിലും നല്ല കക്ഷിയെ വക്കീലിന് എവിടെ നിന്ന് കിട്ടും. അന്നും എന്നും എന്നും എന്നെ നയിക്കുന്നത് എന്നെ എതിർക്കുന്നവരേക്കാൾ എത്രയോ വലിയ ശക്തിയാണ്. എന്റെ ശരികളിൽ സത്യത്തെ മുറുകെ പിടിച്ചു യാത്ര ഇനിയും തുടരും. ഓരോ ഇറക്കവും അവസാനിക്കുന്നത് കയറ്റത്തിന്റെ മുന്നിലാണ്. അടുത്ത വർഷം ഇതേ സമയം കുറിച്ച് വെച്ചോളൂ. മനസ് കൊണ്ട് ഒപ്പം നിന്നവർക്ക് ഒരായിരം നന്ദി. സത്യമേവ ജയതേ..
Content Highlights: Kerala Filmmaker Akhil Marar Granted Anticipatory Bail successful Sedition Case
![]()
മാതൃഭൂമി.കോം വാട്സാപ്പിലും







English (US) ·