'എന്റെ തെറിവെച്ചാണ് അവർ ചുരുളി മാർക്കറ്റ് ചെയ്തത്, അപ്പ ഇത് ചെയ്യേണ്ടിയിരുന്നില്ലെന്ന് മകൾ പറഞ്ഞു'

6 months ago 6

Joju George

ജോജു ജോർജ് | ഫോട്ടോ: മാതൃഭൂമി

കൊച്ചി: ചുരുളി എന്ന ചിത്രവുമായി ബന്ധപ്പെട്ട വിവാദം ചൂടുപിടിക്കുന്നു. ലിജോ ജോസ് പെല്ലിശ്ശേരിക്ക് മറുപടിയുമായി ജോജു ജോർജ് രം​ഗത്ത്. ഇങ്ങനെ സംഭവിക്കുമെന്ന് അറിഞ്ഞിരുന്നെങ്കിൽ ചിത്രത്തിൽ അഭിനയിക്കില്ലായിരുന്നെന്ന് ജോജു വാർത്താ സമ്മേളനത്തിൽ പറഞ്ഞു. തന്റെ തെറി സംഭാഷണം വെച്ചാണ് സിനിമ മാർക്കറ്റ് ചെയ്തത്. ചുരുളിയിൽ അഭിനയിക്കരുതായിരുന്നെന്ന് മകൾ പറഞ്ഞു. ലിജോയുമായുള്ള സൗഹൃദം കൊണ്ടാണ് ചുരുളി ചെയ്തതെന്നും ജോജു ജോർജ് പറഞ്ഞു.

"സംവിധായകനുമായുള്ള സൗഹൃദം കാരണമാണ് ചുരുളി എന്ന സിനിമ ചെയ്തത്. ചുരുളി ഫെസ്റ്റിവലിനുവേണ്ടി ഉണ്ടാക്കിയ സിനിമയാണെന്നാണ് പറഞ്ഞത്. തെറിയുള്ള സിനിമ ഒടിടിയിലോ തിയേറ്ററിലോ റിലീസ് ചെയ്യുന്നതിനേക്കുറിച്ച് യാതൊരു തരത്തിലുമുള്ള ചർച്ചയുമുണ്ടായിരുന്നില്ല. ഫെസ്റ്റിവലിന് അയക്കുന്നതിനുവേണ്ടി എന്ന് പറഞ്ഞതുകൊണ്ടാണ് അത്രയും സ്വാതന്ത്ര്യത്തിൽ ആ കഥാപാത്രം ചെയ്തത്. യഥാർത്ഥ ജീവിതത്തിലും തെറി പറയുന്നയാളാണ് ഞാൻ. തെറി എന്നത് പൊതു സമൂഹത്തിലുള്ള കാര്യമാണ്.

ചലച്ചിത്രമേളയ്ക്കായി ഷൂട്ട് ചെയ്ത ഒരു സിനിമ ഒടിടിയിലാണ് വന്നത്. ഞാൻ ആദ്യം തീയേറ്ററിലെന്നായിരുന്നു പറഞ്ഞത്. അതുകൊണ്ടുദ്ദേശിച്ചത് പൊതുസമൂഹത്തിന് മുന്നിലേക്ക് എന്നാണ്. രണ്ടും ഒരേ ഇംപാക്റ്റ് തന്നെയാണുണ്ടാക്കിയത്. IFFK-യിൽ തെറിയില്ലാത്ത പതിപ്പാണ് വന്നത്. തെറിയില്ലാത്ത പതിപ്പിൽ ലിജോ എന്നെക്കൊണ്ട് ഡബ്ബ് ചെയ്യിച്ചിട്ടുണ്ട്. പക്ഷേ പൈസ കൂടുതൽ കിട്ടിയപ്പോൾ തെറിയുള്ള പതിപ്പ് അവർ ഒടിടിക്ക് വിറ്റു.

എന്റെ ജീവിതത്തിലെ ഏറ്റവും കഠിനമായ സമയത്താണ് ആ പടം ഇറങ്ങിയത്. റോഡ് തടഞ്ഞതുമായി ബന്ധപ്പെട്ട് ആകെ തവിടുപൊടിയായിരിക്കുന്ന സമയമായിരുന്നു അത്. ഞാൻ അതിൽനിന്നെല്ലാം രക്ഷപ്പെട്ട് വരുന്ന സമയത്ത് എന്റെ തെറി ഡയലോ​ഗ് വെച്ചാണ് ആ സിനിമ മാർക്കറ്റ് ചെയ്തത്. ആ സിനിമ വിറ്റുപോയപ്പോൾ ഇതുമായി ബന്ധപ്പെട്ടയാളുകളെ ‍ഞാൻ വിളിച്ചിരുന്നു. പ്രതിഫലത്തിന്റെ കാര്യം ചോദിച്ചു എന്നത് സത്യമാണ്. തെറി പറഞ്ഞതിന് എനിക്കെതിരെ കേസ് വന്നു.

ഇന്ന് ലിജോ പോസ്റ്റിട്ടു. ഈ നിമിഷം വരെ എനിക്കനുഭവപ്പെട്ട വിഷയങ്ങളേക്കുരിച്ച് ഒരാളും അന്വേഷിച്ചിട്ടില്ല. കുറച്ച് ദിവസങ്ങൾക്കുമുൻപ് എന്റെ മക്കൾ പുതിയ സ്കൂളിലേക്ക് മാറി. എന്റെ മോളോട് സഹപാഠി ആദ്യം കാണിച്ച ഒരു ട്രോൾ ചുരുളിയിൽ ഞാൻ പറഞ്ഞ തെറിയാണ്. അതുകൊണ്ടാണ് ഇത്രയും കാലങ്ങൾക്കുശേഷം ഞാനീ കാര്യം പറ‍ഞ്ഞത്. അപ്പ ആ സിനിമയിൽ അഭിനയിക്കരുതായിരുന്നെന്ന് മകൾ എന്നോട് പറഞ്ഞു. ഇങ്ങനെയെല്ലാം സംഭവിക്കുമെന്ന് അറിഞ്ഞിരുന്നെങ്കിൽ ആ സിനിമയിൽ അഭിനയിക്കില്ലായിരുന്നു.

തങ്കൻ ചേട്ടനെന്നത് ഒരുപാട് പേർക്ക് ഇഷ്ടപ്പെട്ട കഥാപാത്രമാണ്. അഞ്ച് ലക്ഷം രൂപയ്ക്ക് വന്ന് അഭിനയിച്ചോളാം എന്ന് പറഞ്ഞുകൊണ്ടുള്ള എ​ഗ്രിമെന്റ് ഉണ്ടാവുമല്ലോ അവരുടെ കയ്യിൽ. ഈ തുണ്ടുകടലാസിനൊപ്പം ആ കരാറുംകൂടി പുറത്തുവിടണം. എന്നെ ആരും പ്രശംസിക്കുന്നില്ലെന്ന് കുറച്ചുനാളായി ഒരു ട്രോൾ കറങ്ങിനടക്കുന്നുണ്ട്. പരസ്പരം അഭിനന്ദിക്കുന്ന തൊഴിലിടത്തേക്കുറിച്ചാണ് ഞാൻ സംസാരിച്ചിട്ടുള്ളത്. ജൂനിയർ ആർട്ടിസ്റ്റായി നടക്കുമ്പോൾ ഒരു മോട്ടിവേഷൻ ക്ലാസിനും പോയിട്ടില്ല. പരാതി പറയാൻപോലും എനിക്കൊരാളുണ്ടായിരുന്നില്ല. സർവൈവൽ പോലെയാണ് ജീവിതം കൊണ്ടുപോയിട്ടുള്ളത്." ജോജു പറഞ്ഞു.

Content Highlights: Joju George opens up astir the Churuli controversy, revealing his daughter`s absorption and his regret

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article