'എന്റെ പുറകെ നടന്ന് അപ്പൻ പോയെടോ': വേദനയടക്കി അന്ന് ഷൈൻ പറഞ്ഞു, വല്ലാത്ത ഷോക്കായെന്ന് റോണി ഡേവിഡ്

7 months ago 6

rony david

റോണി ഡേവിഡ് രാജ്, ഷൈൻ ടോം ചാക്കോ | Photo: Facebook: Rony David Raj, Screengrab

പിതാവിന്റെ മരണശേഷം ഷൈൻ ടോം ചാക്കോയെ സന്ദർശിച്ച അനുഭവം തുറന്ന് പറഞ്ഞ് നടൻ റോണി ഡേവിഡ് രാജ്. തന്റെ പുറകെ നടന്നു നടന്നു അപ്പൻ പോയെടോ എന്ന് ഷൈൻ പറഞ്ഞു. വേദനയടക്കി ചിരിച്ചുകൊണ്ട് ഷൈൻ പറഞ്ഞ ആ വാക്കുകൾ കേട്ട് താൻ ഷോക്കായിപ്പോയെന്നും റോണി. പുതിയ ചിത്രത്തിന്റെ പ്രമോഷനുവേണ്ടി വിദ്യാർഥികളോട് സംസാരിക്കവെ ആയിരുന്നു റോണി തന്റെ അനുഭവം തുറന്നുപറഞ്ഞത്.

'2024 ആദ്യവാരം ഷൈൻ എന്നെ ഒരു ദിവസം വിളിക്കുകയാണ് എന്റെ പപ്പ ഇങ്ങനെ ഹോട്ടലിൽ ഉണ്ട്, താനൊന്ന് വരണം എന്ന് പറഞ്ഞു. അപ്പോ ഞാൻ അങ്ങോട്ട് ചെല്ലുമ്പോൾ ഷൈനിന്റെ പപ്പയക്ക് വയ്യ. ചെറിയ ശ്വാസം മുട്ടലുണ്ട്. അപ്പോ, എന്റെ അടുത്ത് ഞാനും കൂടി വരണോ എന്ന് ഷൈൻ ചോദിച്ചു. ഷൂട്ട് കഴിഞ്ഞ് വന്നിരുന്നതിനാൽ ഷൈനിനോട് വരേണ്ടതില്ല എന്ന് പറഞ്ഞു. തുടർന്ന്, ഞാൻ ചാക്കോ അങ്കിളിനെ കൊണ്ടുപോയി ഒരു ഹോസ്പിറ്റൽ കാണിച്ച് അദ്ദേഹത്തെ തിരികെ ഹോട്ടലിലാക്കി.

ഹോട്ടലിൽ എത്തുന്നതിന് മുമ്പായി പാർക്കിങ്ങിൽ വെച്ച് അങ്കിൾ പല വിഷമങ്ങൾ പറഞ്ഞു. ഷൈനിനെ എങ്ങിനെ തിരികെ ലൈഫിലോട്ട് കൊണ്ടുവരാം എന്നൊക്കെ അന്ന് അങ്കിൾ പറഞ്ഞു. കുറേ കാര്യങ്ങൾ പറഞ്ഞപ്പോൾ ഒരു സുഹൃത്ത് എന്ന രീതിയിൽ എനിക്ക് ഇക്കാര്യം അവന്റെ അടുത്ത് പറയുന്നതിന് പരിമിതിയുണ്ടെന്ന് പറഞ്ഞു ഞാൻ അവിടെ നിന്ന് മടങ്ങി.

എല്ലാംകഴിഞ്ഞ്, അപകടത്തിന് ശേഷം അങ്കിളിന്റെ അടക്കത്തിന് ശേഷം ഷൈനിനെ ഹോസ്പിറ്റലിൽ പോയി കണ്ടിരുന്നു. അപ്പോൾ, ഷൈനിന്റെ ഇടതുകയ്യിലെ എല്ലിന്റെ കീഴ്ഭാ​ഗം ഒടിഞ്ഞിരിക്കുകയാണ്. കടുത്ത വേദനയുമുണ്ട്. കുറച്ചു നേരം സംസാരിച്ചപ്പോൾ എനിക്ക് തോന്നി അങ്കിൾ പോയ കാര്യം ഷൈൻ അറിഞ്ഞിട്ടില്ല എന്ന്. അപ്പോൾ, എന്റെ അടുത്ത് പറഞ്ഞു ഞാൻ കണ്ണു തുറക്കുമ്പോൾ അപ്പന്റെ കാതിൽ ചോരയായിരുന്നു, ഇത് ഞാൻ കണ്ടു എന്ന്. അതുകഴിഞ്ഞ് ഷൈൻ എന്നോട് ചിരിച്ചുകൊണ്ട് പറഞ്ഞു, എന്റെ പുറകെ നടന്ന് നടന്ന് അപ്പൻ പോയെടോ എന്ന്. ഷൈൻ ചിരിച്ചുകൊണ്ടാണ് പറഞ്ഞത്. കേട്ടു കഴിഞ്ഞപ്പോൾ വല്ലാതെ ഷോക്കായിപ്പോയി', റോണി പറഞ്ഞു.

Content Highlights: Ronny David Raj Shares Emotional Account of Shine Tom Chacko's Loss

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article