സോഷ്യൽ മീഡിയയിലൂടെ തന്റെ പേരിൽ നടക്കുന്ന പണപ്പിരിവുകൾക്ക് അനുമതി നൽകിയിട്ടില്ലെന്ന് വ്യക്തമാക്കി നടിയും സോഷ്യൽ മീഡിയ വ്യക്തിത്വവുമായ രേണു സുധി. സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിലൂടെയാണ് രേണു ഇക്കാര്യം വ്യക്തമാക്കിയത്.
അസുഖവിവരം അറിഞ്ഞ് നിരവധി പേർ നേരിട്ടും അല്ലാതെയും സഹായം നൽകുന്നുണ്ടെന്ന് പറഞ്ഞ രേണു സുധി, തന്റെ പേരിൽ ചിലർ പണപ്പിരിവ് നടത്തുന്നുവെന്ന വിവരം ശ്രദ്ധയിൽപ്പെട്ടതായി അറിയിച്ചു. എന്നാൽ അത്തരം പിരിവുകൾ തന്റെ അറിവോടെയോ സമ്മതത്തോടെയോ അല്ലെന്നും അവർ വ്യക്തമാക്കി.
“എനിക്ക് വേണ്ടി പണം പിരിക്കണമെന്ന് ഞാൻ ആരോടും ആവശ്യപ്പെട്ടിട്ടില്ല. എന്റെ പേരിൽ എവിടെയെങ്കിലും പണപ്പിരിവ് നടക്കുന്നത് കണ്ടാൽ അത് എന്റെ അനുമതിയോടെയല്ലെന്ന് മനസിലാക്കണം,” രേണു പറഞ്ഞു.
തന്റെ ആരോഗ്യനിലയെക്കുറിച്ചും രേണു വീഡിയോയിൽ വിശദീകരിച്ചു. രോഗം ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിച്ചിട്ടുണ്ടെന്നും അതിനാൽ നിലവിൽ ജോലി ചെയ്യാൻ കഴിയാത്ത അവസ്ഥയിലാണെന്നും അവർ പറഞ്ഞു.
“അസുഖം മാറിടത്തിൽ മാത്രമല്ല, കഴല, കക്ഷം, ഹൃദയമസിൽ എന്നിവിടങ്ങളിലേക്കും വ്യാപിച്ചിട്ടുണ്ട്. ചികിത്സാ ചെലവുകൾ കണ്ടെത്താനാണ് യൂട്യൂബ് ചാനലും സബ്‌സ്‌ക്രിപ്ഷൻ സംവിധാനവും ആരംഭിച്ചത്. തുടർചികിത്സയ്ക്ക് വലിയ തുകയാണ് ആവശ്യമായത്,” അവർ വ്യക്തമാക്കി.
അസുഖവിവരം അറിഞ്ഞ് നിരവധി പേർ പിന്തുണ അറിയിക്കുന്നതിലും സഹായഹസ്തം നീട്ടുന്നതിലും സന്തോഷമുണ്ടെന്നും, മരുന്ന് വാങ്ങുന്നതിനും ചികിത്സ തുടരുന്നതിനുമായി ലഭിക്കുന്ന സഹായങ്ങൾ ജീവിതത്തിലെ വലിയ അനുഗ്രഹമായി കാണുന്നുവെന്നും രേണു കൂട്ടിച്ചേർത്തു.
3 months ago
12




English (US) ·