എന്റെ പ്ലഷര്‍ കാരണം മറ്റുള്ളവര്‍ക്ക് സ്വസ്ഥതയില്ല, കുടുംബത്തെ മൊത്തം ബാധിച്ചു- ഷൈന്‍ ടോം ചാക്കോ

7 months ago 9

Shine Tom Chacko

ഷൈൻ ടോം ചാക്കോ | ഫോട്ടോ: പി.ഡി. അമൽദേവ് | മാതൃഭൂമി

ദുശ്ശീലങ്ങളില്‍നിന്ന് തനിക്ക് ആനന്ദം കിട്ടുന്നുണ്ടെങ്കിലും അത് മറ്റുള്ളവര്‍ക്കുണ്ടാക്കിയത് സ്വസ്ഥതക്കുറവാണെന്ന് തുറന്ന് പറഞ്ഞ് നടന്‍ ഷൈന്‍ ടോം ചാക്കോ. തന്റെ ദുശ്ശീലങ്ങളുടെ ഭാഗമായുള്ള പ്രശ്‌നങ്ങള്‍ കുടുംബത്തേയും വിദേശത്തുള്ള സഹോദരിമാരേയുമടക്കം മോശമായി ബാധിച്ചു. കുടുംബത്തിന് വേണ്ടിയാണ് താന്‍ ദുശ്ശീലങ്ങള്‍ ഉപേക്ഷിക്കാന്‍ തീരുമാനിച്ചതെന്നും ഷൈന്‍ ടോം ചാക്കോ പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നടന്‍ മനസുതുറന്നത്.

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ ചോദ്യംചെയ്യലിന് എത്തിയ ഷൈനിനെ തൊടുപുഴയിലെ ലഹരിവിമുക്തി കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. ഇതിന് ശേഷം ആദ്യമായാണ് ഷൈന്‍ വിവാദങ്ങളില്‍ പ്രതികരിക്കുന്നത്. കേസില്‍ തന്നെ അറസ്റ്റുചെയ്തിട്ടില്ലെന്ന് ഷൈന്‍ അഭിമുഖത്തില്‍ വ്യക്തമാക്കി.

ഷൈന്‍ ടോം ചാക്കോയുടെ വാക്കുകള്‍:
മാതാപിതാക്കളും ക്രൂശിക്കപ്പെട്ടത് ഞാന്‍ കാരണമാണ്. ഞാന്‍ എന്തൊക്കെ ചെയ്തിട്ടുണ്ട്, ചെയ്യാത്തതുണ്ട് എന്ന് എനിക്കറിയാം. ഒരാളെ ദ്രോഹിക്കുന്ന ഒന്നും ഞാന്‍ ചെയ്യാറില്ല. എന്തെങ്കിലും ദ്രോഹം ചെയ്തിട്ടുണ്ടെങ്കില്‍ അത് എന്നോട് തന്നെയായിരിക്കും. എന്റെ ശരീരത്തോടും എന്റെ മനസിനോടും പിന്നെ കുടുംബത്തോടും. അതില്‍നിന്ന് മാറി, ഇനിയുള്ള കാലം ഇവര്‍ക്ക് അനുസരിച്ച്... എല്ലാകാര്യത്തിലുമൊന്നും അനുസരിക്കാം എന്നല്ല.

ഒരാളുടെ ജീവിതം എപ്പോഴും പൂര്‍ണമാവുന്നത് മറ്റുള്ളവര്‍ക്കുവേണ്ടി ജീവിക്കുമ്പോഴാണ്. അതിനുവേണ്ടിയാണല്ലോ മറ്റൊരാള്‍ക്കുവേണ്ടി ജീവിക്കുന്നത്.

2015-ല്‍ ജനുവരി 31-ാം തീയതി പുലര്‍ച്ചെയാണ് കൊക്കൈന്‍ കേസില്‍ അറസ്റ്റുചെയ്യുന്നത്. ഈ അടുത്താണ് കേസില്‍ നിരപരാധിയാണെന്ന് കണ്ടെത്തുന്നത്. അറസ്റ്റുചെയ്ത് എറണാകുളം നോര്‍ത്ത് പോലീസ് സ്‌റ്റേഷനില്‍ കൊണ്ടുപോയിട്ട് എന്നെ മുകളില്‍ ഇരുത്തി. അപ്പോള്‍ താഴെ ഡാഡി ഇരുന്ന് കരയുന്ന ഒരു വിഷ്വല്‍ എനിക്ക് കിട്ടിയിരുന്നു. ഡാഡി അന്നുവരെ കരഞ്ഞിട്ട് ഞാന്‍ കണ്ടിട്ടില്ല. അന്ന് ആ വിഷയം അവര്‍ അറിയുന്നത് ചാനല്‍ വഴിയാണ്. ജോക്കുട്ടന്‍ അന്ന് ജോലിക്ക് കയറാന്‍ ബാംഗ്ലൂരില്‍ ജോലിക്ക് കയറാന്‍ പോയ ദിവസമാണ്. അന്ന് പോവാതെ കുടുംബത്തോടൊപ്പം നിന്നു.

ഞാന്‍ ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ എന്ന് പറയുന്നത് മറ്റൊരാളെ ഉപദ്രവിച്ചിട്ടുള്ള ബുദ്ധിമുട്ടുകളല്ല. ഞാന്‍ കാരണം ഇല്ലാത്ത കാര്യങ്ങള്‍ ഇവര്‍ കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. ഞാനായിട്ട് ചെയ്യാത്തതത്. പക്ഷേ, ഞാനായിട്ട് വരുത്തിവെക്കുന്നതാണെന്ന് പറയാം.

അന്ന് അതിനുശേഷം ഞാനൊരു വാര്‍ത്താസമ്മേളനം നടത്തി, ഞാനിനി പുകവലിക്കില്ല എന്ന് പറഞ്ഞു. 60 ദിവസത്തെ ബ്രേക്കില്‍ ഞാനന്ന് നിര്‍ത്തിയതാണ്. പക്ഷേ, കുറച്ചു കഴിഞ്ഞ് വീണ്ടും ഞാന്‍ സിഗരറ്റുവലി തുടങ്ങി. മൂവീസിലൊക്കെ ചിത്രങ്ങളില്‍ സിഗരറ്റ് ശരിക്കും വലിക്കുന്നതാണ്. അപ്പോള്‍ എന്റേതായ ചില ദുശ്ശീലങ്ങളും അതുമായി ബന്ധപ്പെട്ടുണ്ടായി.

ചുറ്റും വരുന്ന ആളുകളെ വിശ്വസിക്കരുത് എന്ന് ഇവര്‍ പറയും. എന്നാല്‍, വിശ്വസിക്കുക എന്നുള്ളതാണ് ഈ ഭൂമിയില്‍ ജീവിക്കുന്നിടത്തോളം എനിക്ക് ചെയ്യാന്‍ പറ്റുകയുള്ളൂ. ആളുകളെ വിലയിരുത്തിയിട്ട് എടുക്കാന്‍, ഞാന്‍ ജോലിക്കാരെ എടുക്കുന്നതല്ല. ഇങ്ങനെയുള്ള പ്രശ്‌നങ്ങള്‍ വരുമ്പോഴാണ് ആരാണ് ശരി, ആരാണ് തെറ്റ് എന്ന് മനസിലാവുന്നത്. എന്നാല്‍കൂടി ഞാനത് അങ്ങനെ വിലയിരുത്തില്ല. ഇവര്‍ക്കത് ചെയ്യാം. കൂട്ടുകാര്‍ എപ്പോഴും കൂട്ടുകാരാണ്, അതില്‍ മോശവുമില്ല നല്ലതുമില്ല.

അന്നത്തെ പ്രശ്‌നങ്ങള്‍ക്കുശേഷം പത്തുവര്‍ഷം കഴിഞ്ഞു. ഞാനിപ്പോഴാണ് മമ്മിയുടെ നടത്തമെല്ലാം ശ്രദ്ധിക്കുന്നത്. പണ്ടത്തെ ആ സ്പീഡ് ഉണ്ടെങ്കിലും ചെറിയൊരു ബുദ്ധിമുട്ട് ഉണ്ട് അതില്‍. പലകാര്യങ്ങളും ഈ സമയങ്ങളില്‍ ഞാന്‍ ശ്രദ്ധിക്കാതെ പോയിട്ടുണ്ട്. അതിലേക്കൊക്കെ എന്നെ ശ്രദ്ധിപ്പിക്കാന്‍ ഉണ്ടായൊരു സംഭവമായിട്ടാണ് ഞാനിതിനെ കാണുന്നുണ്ട്.

ഈ വക സാധനങ്ങളില്‍നിന്ന് എനിക്ക് ഒരു പ്ലഷര്‍ കിട്ടുന്നുണ്ട്, ഇപ്പോള്‍ വലിയില്‍നിന്നാണെങ്കിലും. ആ പ്ലഷര്‍ കൊണ്ട് ബാക്കിയുള്ളവര്‍ക്ക് ഒരു സ്വസ്ഥതയുമുണ്ടാവുന്നില്ല, പ്രഷറില്‍നിന്ന് പ്രഷറിലേക്കും ടെന്‍ഷനില്‍നിന്ന് ടെന്‍ഷനിലേക്കും അവരുടെ ജീവിത്തിന്റെ സുരക്ഷിതത്വം ഇല്ലാതാവുകയാണ്. ന്യൂസീലന്‍ഡില്‍ താമസിക്കുന്ന സഹോദരിമാരെയടക്കം അത് ബാധിക്കുകയാണ്. എന്റെ മൊത്തം ബന്ധുക്കളെ ബാധിക്കുകയാണ്.

അന്നൊരു ഈസ്റ്ററും ദുഃഖവെള്ളിയും പെസഹവ്യാഴവുമൊക്കെയായിരുന്നു. ഈ പ്രാവശ്യം മമ്മിയുണ്ടാക്കിവെച്ച വട്ടയപ്പവും ബീഫും കഴിക്കാതെയാണ് ഞാന്‍ പോയത് എന്ന് എല്ലാത്തിനും ശേഷമാണ് ഞാന്‍ അറിയുന്നത്.

എനിക്കുവേണ്ടിയിട്ടാണെങ്കില്‍ എനിക്കിതൊന്നും ഉപേക്ഷിക്കാന്‍ കഴിയില്ല. ഇവര്‍ക്കുവേണ്ടിയിട്ടാണെങ്കിലേ എനിക്ക് ഉപേക്ഷിക്കാന്‍ കഴിയുകയുള്ളൂ. അതുകൊണ്ടാണ് ഇനി എനിക്ക് ഇതൊന്നും വേണ്ടെന്ന് തോന്നിയത്.

വേറൊരാള്‍ക്കുവേണ്ടി ചെയ്യുമ്പോഴാണ്, ചെയ്യണമെന്ന തോന്നല്‍ ആഴത്തില്‍ വരുകയുള്ളൂ. ഉപയോഗിക്കുന്നവരെ കുറ്റം പറയുകയല്ല. ഉപയോഗിക്കാത്തതാണ് നല്ലത് എന്ന് ഞാനൊരിക്കലും പറയുകയില്ല. ഉപയോഗിക്കുന്നത് ഭയങ്കര തെറ്റാണെന്നും ഞാന്‍ പറയില്ല. അത് ഓരോരുത്തരുടെ ശീലങ്ങളാണ്. നമുക്ക് ചുറ്റും നില്‍ക്കുന്നവരുടെ സ്വസ്ഥത കളയുന്നുണ്ടെങ്കില്‍ അത് വിട്ടേക്കുക.

Content Highlights: Actor Shine Tom Chacko reveals his struggles with atrocious habits and however it affected his family

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article