
രവികുമാർ, വിൻസെന്റ്, സുധീർ, ത്യാഗരാജൻ | ഫോട്ടോ: മാതൃഭൂമി ആർക്കൈവ്സ്
സത്യന്റെ മരണശേഷം അഭിനയത്തിൽ വ്യത്യസ്ത ശൈലികളുമായി പ്രേംനസീറും മധുവും നായകനിരയിൽ നിറഞ്ഞു നിൽക്കുമ്പോൾ തന്നെ രണ്ടാംനിരയിൽ ഒരു ത്രയം രൂപപ്പെട്ടു. സുധീർ, വിൻസെന്റ്, രവികുമാർ എന്നിവർ ചേർന്നതായിരുന്നു ആ ത്രയം. മലയാളത്തിലെ മികച്ച ക്രാഫ്റ്റ്സ്മാനായ ജോഷി പോലും തന്റെ ആദ്യ സിനിമയായ 'ടൈഗർ സലീമി'ന് വേണ്ടി തെരഞ്ഞെടുത്തത് ഈ ത്രയത്തെയാണ്. 'പട്ടാളം ജാനകി' 'അടവുകൾ പതിനെട്ട്', 'സൂത്രക്കാരി' തുടങ്ങി ആക്ഷൻ പ്രധാനമായ പല ചിത്രങ്ങളിലും സുധീറും വിൻസെന്റും രവികുമാറും നായകന്മാരായെങ്കിലും അത്തരം വേഷങ്ങളിൽ കൂടുതൽ ശോഭിക്കാൻ കഴിഞ്ഞത് വിൻസെന്റിനാണ്. മിക്കതിന്റെയും സംഘട്ടന സംവിധാനം നിർവഹിച്ചത് ത്യാഗരാജനായിരുന്നു.
1960-കളുടെ അവസാനമാണ് അഭിനയം തലയ്ക്ക് പിടിച്ച് കൊച്ചി വൈപ്പിൻകര സ്വദേശി വിൻസെന്റ് മദിരാശിയിലെത്തുന്നത്. നാടകം കണ്ടും നടന്മാരെ കണ്ടും അഭിനയത്തിൽ കമ്പം കയറിയവൻ എന്നാണ് നടനും എഴുത്തുകാരനുമായ ഗോവിന്ദൻകുട്ടി ഒരിക്കൽ വിൻസെന്റിനെ വിശേഷിപ്പിച്ചത്. സിനിമാനടനാവാനുള്ള മോഹവുമായി നിർമാതാക്കളുടെയും സംവിധായകരുടെയും നടന്മാരുടെയും മുന്നിൽ വിൻസെന്റ് നിരന്തരം വന്നുകൊണ്ടിരുന്നു. നിർമാതാവായ കെ.പി.കൊട്ടാരക്കര നിർമിച്ച് ശശികുമാർ സംവിധാനം ചെയ്ത 'റസ്റ്റ് ഹൗസി'ൽ അവസരം ലഭിച്ചു. പ്രേംനസീറും കെ.പി.ഉമ്മറുമായിരുന്നു റസ്റ്റ് ഹൗസിലെ താരങ്ങൾ. ആദ്യചിത്രം തന്നെ വിൻസെന്റിന് വിജയത്തിന്റെ വഴി തുറന്നു. പിന്നീട് ഷൂട്ടിംഗിന്റെ തിരക്കുകളിലായി വിൻസെന്റ്. പി. സുബ്രഹ്മണ്യത്തിന്റെയും ശശികുമാറിന്റെയും ഐ.വി.ശശിയുടെയുമൊക്കെ ചിത്രങ്ങളിൽ വിൻസെന്റിന് തുടർച്ചയായി വേഷങ്ങൾ ലഭിച്ചു. വേഷങ്ങൾ തിരഞ്ഞെടുക്കുന്നതിലൊന്നും വിൻസെന്റ് കാര്യമായി ശ്രദ്ധിച്ചിരുന്നില്ലെങ്കിലും ആക്ഷൻ ചിത്രങ്ങളോട് പ്രത്യേകതാല്പര്യമായിരുന്നു. സ്റ്റണ്ട് രംഗങ്ങളിൽ ഡ്യുപ്പില്ലാതെ അഭിനയിക്കാനും ശ്രമിച്ചിരുന്നു. അതിന്റെ ഭാഗമായി കൈക്കും കാലിനുമൊക്കെ ചില പരിക്കുകളും വിൻസെന്റിനുണ്ടായി. സഹസിക നടൻ എന്നൊക്കെ പ്രേക്ഷകർ വിശേഷിപ്പിച്ചെങ്കിലും ഒരുഘട്ടം കഴിഞ്ഞപ്പോൾ എന്തുകൊണ്ടോ വിൻസെന്റിന് ചിത്രങ്ങൾ കുറഞ്ഞുവന്നു.
"മാസ്റ്റർ... ഒന്നുമില്ലായ്മയിൽ നിന്ന് ഞാൻ ഇവിടം വരെയെത്തി. ഇപ്പോൾ പഴയ അവസ്ഥയിലേക്ക് പോകുകയാണോ എന്ന് തോന്നുന്നു." വിൻസെന്റ് വലിയ വിഷമത്തോടെ ത്യാഗരാജനോട് പറഞ്ഞു.
"കഠിനമായി പരിശ്രമിക്ക്. പിന്നെ സിനിമയാണ്. ഇവിടെ ഒന്നും ശ്വാശ്വതമല്ലെന്ന് അറിയാമല്ലോ" ത്യാഗരാജൻ സമാധാനിപ്പിച്ചു. അവസരങ്ങൾ വീണ്ടും ലഭിച്ചെങ്കിലും പഴയപോലെ നായക വേഷങ്ങൾ വിൻസെന്റിനെ തേടി വന്നില്ല. അപ്പോഴേക്കും പ്രേംനസീറിനും മധുവിനും പിറകെ സോമൻ സുകുമാരൻ ജയൻ ത്രയവും സിനിമയെ ഭരിച്ചുതുടങ്ങിയിരുന്നു. ആ ഘട്ടത്തിലും ചെറിയ വേഷങ്ങൾ വിൻസെന്റ് ചെയ്തു കൊണ്ടിരുന്നു. ഇനി പഴയപോലെയുള്ള താരഭാരം തന്റെ ശിരസ്സിൽ ഉണ്ടാവില്ലെന്ന് ക്രമേണ വിൻസെന്റ് തിരിച്ചറിഞ്ഞു. മലയാളത്തിലെ ആക്ഷൻ സിനിമകളെക്കുറിച്ച് ചിന്തിക്കുമ്പോൾ ജയനു മുൻപേ ഓർക്കപ്പെടേണ്ട പേരാണ് വിൻസെന്റിന്റേത്. ഒരർത്ഥത്തിൽ വലിയ വിജയവും നിർഭാഗ്യകരമായ പതനവുമായിരുന്നു ആ നടന്റേത്. ഐ.വി. ശശിയുടെ 'ഇൻസ്‌പെക്ടർ ബൽറാം' ആയിരുന്നു വിൻസെന്റ് ഒടുവിൽ അഭിനയിച്ച ചിത്രം. അക്കാലത്തൊരിക്കൽ ത്യാഗരാജന്റെ വീട്ടിലെത്തിയ വിൻസെന്റ് വിഷമത്തോടെ കുറെ അനുഭവങ്ങൾ പങ്കുവെച്ചു. സിനിമയിൽ തിളങ്ങിനിന്ന കാലത്ത് തന്റെ പേരിനും പ്രശസ്തിയ്ക്കും മങ്ങലേൽപ്പിക്കാൻ ഒപ്പമുണ്ടായിരുന്നവർ നടത്തിയ നാടകങ്ങൾ.
"സിനിമ എന്താണെന്ന് ഞാൻ ശരിക്കും പഠിച്ചു തുടങ്ങിയത് അവിടം മുതലാണ് മാസ്റ്റർ." വിൻസെന്റിന്റെ വാക്കുകൾ കേട്ടിരിക്കുകയല്ലാതെ മറ്റൊന്നും ചെയ്യാൻ ത്യാഗരാജന് കഴിയുമായിരുന്നില്ല. ആ സന്ധ്യയിൽ വീടിന്റെ പടിയിറങ്ങുമ്പോൾ വിൻസെന്റ് പറഞ്ഞു. "ഇപ്പോൾ വലിയ മോഹങ്ങളൊന്നുമില്ല മാസ്റ്റർ. ചെറിയ വേഷങ്ങളാണെങ്കിലും ജീവിച്ചുപോവാൻ കഴിഞ്ഞാൽ മതിയായിരുന്നു." പിന്നീട് വിൻസെന്റിന് അഭിനയിക്കേണ്ടി വന്നില്ല. നാൽപ്പത്തിയേഴാമത്തെ വയസ്സിൽ സിനിമയോടും ജീവിതത്തോടും വിൻസെന്റ് വിടവാങ്ങി. പക്ഷേ, ത്യാഗരാജൻ ഇന്നും ഓർക്കുന്നു. 'ഡ്യൂപ്പില്ലാതെ ഞാൻ അഭിനയിക്കാ'മെന്ന് പറയാറുള്ള ആ കൊച്ചിക്കാരനെ. വിൻസെന്റ് എന്ന മാഞ്ഞു പോവാത്ത മന്ദഹാസത്തെ.
വിൻസെന്റിനെ പോലെ 1960-കളുടെ ഒടുവിൽതന്നെയാണ് സിനിമാമോഹവുമായി കൊടുങ്ങല്ലൂർ സ്വദേശിയായ പടിയത്ത് അബ്ദുൾ റഹിം എന്ന ചെറുപ്പക്കാരനും മദിരാശിയിലെത്തുന്നത്. എഞ്ചിനീയറിങ് പഠനം പാതിവഴിയിൽ ഉപേക്ഷിച്ചായിരുന്നു സിനിമയെന്ന സ്വപ്നവുമായി അബ്ദുൾ റഹീമിന്റെ യാത്ര. രണ്ടോ മൂന്നോ ചിത്രങ്ങളിൽ മുഖം കാണിച്ചെങ്കിലും എം.ടി. വാസുദേവൻ നായരുടെ രചനയിൽ എ. വിൻസെന്റ് സംവിധാനം ചെയ്ത 'നിഴലാട്ടം'അബ്ദുൾ റഹീമിനെ സുധീറാക്കി മാറ്റി. അക്കാലത്തൊരിക്കൽ വിജയവാഹിനി സ്റ്റുഡിയോയുടെ ഒരു ഫ്ലോറിൽ വെച്ച് ത്യാഗരാജനരികിൽ ചെന്ന് ആ ചെറുപ്പക്കാരൻ സ്വയം പരിചയപ്പെടുത്തി.
"മാസ്റ്റർ... ഞാൻ സുധീർ."
"അറിയാം.. വിൻസെന്റ് മാസ്റ്റർ പറഞ്ഞു.
ബഹദൂർക്കയുടെ നാട്ടുകാരനാണ് അല്ലേ?" ത്യാഗരാജൻ ചോദിച്ചു.
"നാട്ടുകാരൻ മാത്രമല്ല, വീട്ടുകാരൻ കൂടിയാണ്" പുഞ്ചിരിയോടെയുള്ള മറുപടി കേട്ടപ്പോൾ മാത്രമാണ്
നടൻ ബഹദൂറിന്റെ ബന്ധുവാണ് സുധീറെന്ന് ത്യാഗരാജൻ അറിയുന്നത്.
അഭിനയരംഗത്തെത്തി രണ്ടു വർഷം പിന്നിടുമ്പോൾ ശക്തമായ ഒരു കഥാപാത്രം സുധീറിനെതേടിയെത്തി. മലയാറ്റൂർ രാമകൃഷ്ണന്റെ രചനയിൽ പി.എൻ.മേനോൻ സംവിധാനം ചെയ്ത 'ചെമ്പരത്തി'യായിരുന്നു ആ ചിത്രം. രാജപ്പൻ എന്ന വില്ലൻ വേഷം സുധീറിന്റെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായി. മധുവും രാഘവനും ശോഭനയുമൊക്കെ നടിച്ച ചെമ്പരത്തിയ്ക്ക് ശേഷം സുധീറിന് തിരക്കേറിയ നാളുകളായിരുന്നു. ഒരേ സമയം നായകവേഷങ്ങളും ഉപനായകവേഷങ്ങളും വില്ലൻ വേഷങ്ങളും കെട്ടിയാടാൻ സുധീറിന് ഒട്ടും മടിയുണ്ടായിരുന്നില്ല. യുവതലമുറയിൽ ഒരുപാട് ആരാധകർ അദ്ദേഹത്തിനുണ്ടായി. ശശികുമാറിന്റെ ചിത്രങ്ങളിലൂടെയാണ് ത്യാഗരാജനുമായി സുധീർ ഏറെ അടുക്കുന്നത്. ഡ്യൂപ്പുകളെ ഒഴിവാക്കിയുള്ള അഭിനയം റിസ്ക്കാണെന്ന് മുൻപേ സുധീർ തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ ഫൈറ്റ് സീനുകളിൽ സുധീറിന് സമാനരായ ഡ്യൂപ്പുകളെ ത്യാഗരാജൻ മുന്നിൽ കൊണ്ടു നിർത്തി.
പ്രേംനസീറിന്റെയും മധുവിന്റെയും സിനിമകളിൽ നായകനോളം പ്രാധാന്യമുള്ള വേഷങ്ങളും സുധീറിന് ലഭിച്ചു. ശ്രീകുമാരൻ തമ്പിയുടെ തിരക്കഥയിൽ ബാബു നന്ദൻകോട് സംവിധാനം ചെയ്ത 'സത്യത്തിന്റെ നിഴലി'ലെ അഭിനയത്തിന് 1975-ലെ മികച്ച നടനുള്ള സംസ്ഥാന അവാർഡും കൂടി ലഭിച്ചതോടെ തിരക്കിൽ നിന്നും തിരക്കിലേക്ക് തെറിച്ചുവീണുകൊണ്ടിരിക്കുകയായിരുന്നു സുധീർ എന്ന നടൻ.
വീണ്ടും, രണ്ടുമൂന്ന് വർഷങ്ങൾ കൂടി സുധീർ തിരശീലയിൽ നിറഞ്ഞുനിന്നു. വിൻസെന്റിന് സംഭവിച്ച പോലെ എപ്പോഴോ സുധീറിന്റെ പ്രഭാവത്തിനും മങ്ങലേറ്റുതുടങ്ങി. ആരാധകർ കുറഞ്ഞു തുടങ്ങി. വലിയ വേഷങ്ങൾ ചെയ്തിരുന്ന നടൻ ചെറിയവേഷങ്ങളിലേക്ക് കൂപ്പ്കുത്തി. വിൻസെന്റിനോട് പറഞ്ഞ അതേ വാക്കുകൾ ത്യാഗരാജന് സുധീറിനോടും പറയേണ്ടി വന്നു. "സിനിമയാണ്. ഇവിടെ ഒന്നും ശ്വാശ്വതമല്ല. നിരാശപ്പെടരുത്. നന്നായി പരിശ്രമിക്കൂ." ത്യാഗരാജന്റെ വാക്കുകൾ മൗനത്തോടെയിരുന്ന് സുധീർ കേട്ടു. പ്രേംനസീർ എന്ന നന്മ അപ്പോഴെല്ലാം സുധീറിനും വിൻസെന്റിനും തണലായി. നിർമ്മാതാക്കളോടും സംവിധായകരോടും പറഞ്ഞ് രണ്ടുപേർക്കും ഫീൽഡിൽ നിന്നും ഔട്ടാവാത്ത വിധം അവസരങ്ങളൊരുക്കിക്കൊടുത്തു. കാലം പ്രേംനസീറിന്റെ പ്രഭാവത്തിനും മങ്ങലേൽപ്പിച്ചു തുടങ്ങിയപ്പോൾ സുധീറിന്റെയും വിൻസെന്റിന്റെയും മുന്നോട്ടുള്ള യാത്ര സുഗമമല്ലാതായിതീർന്നു. ഒട്ടും നിലവാരമില്ലാത്ത സിനിമകളിൽ പോലും അവർക്ക് പിന്നീട് അഭിനയിക്കേണ്ടതായി വന്നു. താരഭാരമിറക്കിയുള്ള ജീവിതമായിരുന്നു തുടർന്ന്.
വർഷങ്ങൾ കഴിഞ്ഞാണ് മദിരാശിയിൽ വെച്ച് ത്യാഗരാജൻ സുധീറിനെ വീണ്ടും കാണുന്നത്. കറുപ്പിലും വെളുപ്പിലുമുള്ള ഒരു സിനിമാക്കാലത്തിന്റെ ഉറ്റസൗഹൃദങ്ങളിലൊന്നിന് വലിയ വിലകല്പിച്ചാണ് അന്നൊരു വിവാഹചടങ്ങിൽ പങ്കെടുക്കാൻ സുധീറെത്തിയത്.
ആ തിരക്കിൽ നിന്നും മാറിനിന്ന് സുധീർ കുറെ സങ്കടങ്ങൾ ത്യാഗരാജനോട് പറഞ്ഞു.
"മാസ്റ്റർ... ഇപ്പോൾ എനിക്ക് റോഡിൽ ഇറങ്ങി നടക്കാം. തട്ടുകടയിൽ കയറി ചായകുടിക്കാം.
ആരും എന്നെ തിരിച്ചറിയുന്നില്ല. സീരിയലുകൊണ്ട് കുറേക്കാലം ജീവിച്ചു. വല്ലപ്പോഴും ഒരു സിനിമ കിട്ടും. കുറച്ചു പ്രയാസങ്ങൾ ഉണ്ടെന്നേയുള്ളൂ. എന്നാലും മുന്നോട്ട് പോവാതെ പറ്റില്ലല്ലോ."
"ബിസിനസ്സ് ചെയ്തിരുന്നല്ലോ... അതെല്ലാം എന്തായി?"
"എനിക്ക് അതൊന്നും ശരിയാവില്ല മാസ്റ്റർ. കുറെ നഷ്ടങ്ങൾ അവിടെയും വന്നു. അഭിനയമല്ലാതെ മറ്റൊരു തൊഴിലും എനിക്കറിയില്ല."
സിനിമയിലും വ്യക്തി ജീവിതത്തിലും തകർച്ചയുടെ പെരുമഴയിൽ ഒറ്റയ്ക്ക് നിൽക്കുകയായിരുന്നു സുധീർ. പിന്നീട് ആ മഴ തോർന്നപ്പോൾ പുതിയ ജീവിത പങ്കാളിയോടൊപ്പം കോഴിക്കോട്ടെ ഒരു ഫ്ലാറ്റിൽ ജീവിതം പച്ചപിടിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു സുധീർ. വിവാഹസൽക്കാരത്തിൽ പങ്കെടുത്ത് മടങ്ങാൻ നേരം ത്യാഗരാജനോട് ഇത്രയും കൂടി പറഞ്ഞാണ് സുധീർ മടങ്ങിയത്." മാസ്റ്റർ ഇനി കോഴിക്കോട്ട് വരുമ്പോൾ എന്റെ ഫ്ലാറ്റിലേക്ക് വരണം. ഭക്ഷണമൊക്കെ കഴിച്ച് പഴയ ഓർമ്മകളുമായി ഒരു ദിവസം നമുക്കിരിക്കണം."
"തീർച്ചയായും ഞാൻ വന്നിരിക്കും "സുധീറിന് ഉറപ്പ് നൽകിയെങ്കിലും ആ വാക്ക് പാലിക്കാൻ ത്യാഗരാജനായില്ല. ഹൈദ്രാബാദിൽ ഒരു തമിഴ് സിനിമയുടെ ഷൂട്ടിങ് നടക്കുന്ന രാത്രിയിൽ ഡ്യൂപ്പ് ആർടിസ്റ്റ് കണ്ണനാണ് പറഞ്ഞത്."മാസ്റ്റർ... സുധീർ സാർ മരിച്ചുപോയി."
എങ്ങനെ എന്നുപോലും ചോദിക്കാനാവാതെ ത്യാഗരാജൻ തരിച്ചിരുന്നു. പിന്നീടറിഞ്ഞു ഹൃദയസ്തംഭനമായിരുന്നുവെന്ന്. ആ രാത്രി ത്യാഗരാജൻ ഉറങ്ങിയില്ല. സുധീർ അവസാനമായി പറഞ്ഞവാക്കുകൾ മനസ്സിനെ വേദനിപ്പിച്ചുകൊണ്ടിരുന്നു.
" എന്റെ ഫ്ലാറ്റിലേക്ക് വരണം. ഭക്ഷണമൊക്ക കഴിച്ച് പഴയ ഓർമ്മകളുമായി.... " ആ ഫ്ലാറ്റിൽ വെച്ചായിരുന്നു സുധീർ വിടവാങ്ങിയതും.
Content Highlights: Vincent and sudheer malayalam cinemas enactment heroes
ABOUT THE AUTHOR
എഴുത്തുകാരൻ, ജീവചരിത്രകാരൻ, നാടകകലാകാരൻ. ഗുരുമുഖങ്ങൾ, മുൻപേ പെയ്ത മഴയിലാണ് ഇപ്പോൾ നനയുന്നത് തുടങ്ങിയ പുസ്തകങ്ങളുടെ രചയിതാവ്
![]()
മാതൃഭൂമി.കോം വാട്സാപ്പിലും






English (US) ·