
ഷാജി എൻ. കരുൺ, സന്തോഷ് ശിവൻ | ഫോട്ടോ: മാതൃഭൂമി
വര്‍ഷങ്ങള്‍ക്കുമുന്‍പ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിക്കാന്‍ മോഹിച്ചുനടന്ന ഒരു കാലം എനിക്കുണ്ടായിരുന്നു. എന്താണ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്, എന്തൊക്കെയാണ് അവിടത്തെ രീതികള്‍ എന്നിവയൊക്കെ അറിഞ്ഞിട്ടുവേണമല്ലോ പോകാന്‍. അക്കാര്യമൊക്കെ അറിയാന്‍ ഞാനന്ന് ഷാജി എന്‍. കരുണിന്റെയടുത്തായിരുന്നു ചെന്നത്. അദ്ദേഹം ശാന്തമായും സ്‌നേഹത്തോടെയും അതൊക്കെ പറഞ്ഞുതന്നു.
പിന്നീട് ഞാന്‍ എന്റെ വഴിക്കുപോയി. പലപല സംവിധായകരുടെ കീഴില്‍ സിനിമകള്‍ ചെയ്തുതുടങ്ങി. എല്ലാവരില്‍നിന്നും എന്തൊക്കെയോ പഠിച്ചു. ഷാജിസാറിന്റെ വാനപ്രസ്ഥത്തിലേക്ക് എന്നെ വിളിക്കുന്നത് മോഹന്‍ലാലാണ്. സ്വിസ് ക്യാമറാമാനായ റെനെറ്റോ ബെര്‍ട്ടയായിരുന്നു ഛായാഗ്രാഹകന്‍. എന്തൊക്കെയോ കാരണങ്ങളാല്‍ അദ്ദേഹം ആദ്യം കുറച്ച് ഭാഗങ്ങള്‍ ഷൂട്ട് ചെയ്ത് തിരിച്ചുപോയി. തുടര്‍ച്ചയ്ക്ക് വേണ്ടിയിട്ടായിരുന്നു ലാല്‍ എന്നെ വിളിച്ചത്.
ഷാജിസാറുമൊത്ത് ഞാനാദ്യമായി ജോലി ചെയ്യുകയായിരുന്നു. ക്യാമറാമാനായതിനു ശേഷം സംവിധായകനായ ആളാണ് ഷാജി സാര്‍. അതുകൊണ്ടുതന്നെ ക്യാമറയുടെ ഭാഷ അദ്ദേഹത്തിന് നന്നായിട്ടറിയാമായിരുന്നു. അതൊരു സഹായത്തോടൊപ്പം വെല്ലുവിളിയുമാണ്. ഷാജിസാറിന്റേതില്‍നിന്ന് നേരെതിരേയാണ് എന്റെ രീതി. എന്നെ അറിയുന്ന എല്ലാവര്‍ക്കും അതറിയാം. എന്റെ വേഗമല്ല അദ്ദേഹത്തിന്റേത്. എന്റെ ആംഗിളുകളല്ലായിരുന്നു അദ്ദേഹത്തിന്റേത്. എന്നിട്ടും വാനപ്രസ്ഥത്തില്‍ ഞങ്ങള്‍ വളരെ വേഗത്തില്‍ ഇടപഴകാന്‍ തുടങ്ങി.
ഒരുപാട് ബുദ്ധിമുട്ടി ചെയ്ത ഷൂട്ടിങ്ങായിരുന്നു അത്. കഥകളിവേഷമിട്ടു കഴിഞ്ഞാല്‍ മോഹന്‍ലാലിന് ഒരുദിവസം മുഴുവന്‍ അതഴിക്കാതെ ഇരിക്കേണ്ടിവരും. മൂത്രമൊഴിക്കാന്‍പോലും സാധിക്കില്ല. അതെല്ലാം മനസ്സിലാക്കി, ഏറെ ശ്രദ്ധയോടെയും ശാന്തമായും ഷാജിസാര്‍ ഷൂട്ടിങ് മുന്നോട്ടുകൊണ്ടുപോയി.
ഞാനെന്ന ക്യാമറാമാന്‍ ഷാജി എന്‍. കരുണ്‍ എന്ന ക്യാമറാമാനെ കണ്‍നിറയെ അദ്ഭുതത്തോടെയാണ് കാണുന്നത്. കളര്‍ടോണുകളും വെളിച്ചവിന്യാസങ്ങളും സംവിധായകര്‍ അറിഞ്ഞാല്‍ വളരെ നല്ലതാണ്. മണിരത്‌നത്തിനും പ്രിയദര്‍ശനും ഷാജിസാറിനുമെല്ലാം ഇത് നന്നായി അറിയുന്നതാണ്. പിറവി എന്ന സിനിമയില്‍ നിറയെ മഴയായിരുന്നു. വാനപ്രസ്ഥത്തില്‍ അദ്ദേഹം എന്നോട് ആവശ്യപ്പെട്ട കളര്‍ടോണ്‍ കളിവിളക്കിന്റെ വെളിച്ചതിന്റേതായിരുന്നു. സിനിമയ്ക്കുപരിയായി കേരള സംസ്‌കാരത്തെക്കുറിച്ചും കലാരൂപങ്ങളെക്കുറിച്ചും ഷാജിസാറിന് നന്നായി അറിയാമെന്ന് വാനപ്രസ്ഥം എനിക്ക് മനസ്സിലാക്കിത്തന്നു.
ഈയടുത്ത് ഞാന്‍ കാന്‍ ഫെസ്റ്റിവലില്‍ പുരസ്‌കാരം വാങ്ങാന്‍ പോയപ്പോള്‍ ഒരുപാടുപേര്‍ അവിടെവച്ച് അദ്ദേഹത്തെപ്പറ്റി ചോദിച്ചു. വാനപ്രസ്ഥം അവര്‍ മറന്നിട്ടില്ലായിരുന്നു. അവര്‍ക്കുവേണ്ടി വീണ്ടും പ്രദര്‍ശിപ്പിച്ചു. തിരിച്ചുവന്ന് ഞാന്‍ ഷാജിസാറിനെ വിളിച്ച് ഈ സന്തോഷം അറിയിച്ചു. ഫോണ്‍ വെക്കുംമുന്‍പ് ഞാന്‍ പറഞ്ഞു:
''ചേട്ടാ, നമുക്കൊരു പടം ചെയ്യണം'' (കുട്ടിസ്രാങ്ക് ചിത്രീകരിക്കാന്‍ എന്നെ വിളിച്ചിരുന്നെങ്കിലും പോകാന്‍ സാധിച്ചിരുന്നില്ല. എന്റെ അസിസ്റ്റന്റ് ആയ അഞ്ജലി ശുക്ലയായിരുന്നു ഷൂട്ട് ചെയ്തത്).
ഈ കഴിഞ്ഞ ദിവസങ്ങളിലും ഞാന്‍ സാറിനെ വിളിച്ച് പടം ചെയ്യണം എന്ന് പറഞ്ഞു. എന്റെ മൊബൈലില്‍നിന്ന് അദ്ദേഹത്തിന്റെ മൊബൈലിലേക്കുള്ള അവസാനസന്ദേശവും പുതിയ പടം ചെയ്യുന്നതിനെക്കുറിച്ചായിരുന്നു. സര്‍, ആ മോഹം ഞാന്‍ ഉപേക്ഷിക്കുന്നു, വാനപ്രസ്ഥത്തിന്റെ ഓര്‍മകളിലേക്ക് തിരിച്ചുനടക്കുന്നു.
Content Highlights: Director Santhosh Sivan remembers Shaji N. Karun
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·