കെ. ശരത്ത്
14 August 2025, 08:14 AM IST

കൈതപ്രം ദാമോദരൻ നമ്പൂതിരി കഴിഞ്ഞദിവസം ആലക്കോട് കൊട്ടാരത്തിൽ നടന്ന പുസ്തകപ്രകാശനച്ചടങ്ങിൽ സംസാരിക്കുന്നു
ശ്രീകണ്ഠപുരം: 'ആലക്കോട് കൊട്ടാരമാണ് എന്റെ സംഗീതലോകത്തേക്കുള്ള പ്രവേശനത്തിന് നിയോഗമായത്. ഞാന്‍ എഴുതിയ ഗാനങ്ങളും നടത്തിയ കച്ചേരികളും ഈ പുണ്യസ്ഥലത്തിന് സമര്‍പ്പിക്കുകയാണ്'. കഴിഞ്ഞദിവസം ആലക്കോട് കൊട്ടാരത്തിലെ പി.ആര്‍. രാമ വര്‍മ രാജയെക്കുറിച്ച് കെ.പി. കേശവന്‍ തയ്യാറാക്കിയ 'ആലക്കോട് തമ്പുരാന്‍' എന്ന ജീവചരിത്രത്തിന്റെ പ്രകാശനവേളയില്‍ കൈതപ്രം ദാമോദരന്‍ നമ്പൂതിരി പറഞ്ഞ വാക്കുകളാണിത്. പാട്ട് പഠിക്കണമെന്ന ആഗ്രഹവുമായി ആലക്കോട് കൊട്ടാരത്തില്‍ച്ചെന്ന തനിക്ക് ആഗ്രഹസാഫല്യത്തിനായി പൂഞ്ഞാര്‍ കോവിലകത്തേക്ക് പോകാന്‍ നിയോഗമായത് ആലക്കോട് തമ്പുരാനാണെന്ന് കൈതപ്രം ഓര്‍ക്കുന്നു.
''ഒരു ബ്രാഹ്‌മണന് രണ്ട് ജന്മമാണെന്നാണ് പറയാറ്. അതുപോലെ എന്റെ രണ്ടാം ജന്മം ആലക്കോടായിരുന്നു. ദാരിദ്ര്യവും സങ്കടങ്ങളും ഇഴചേര്‍ന്ന ബാല്യമായിരുന്നുവെങ്കിലും സംസ്‌കൃത പഠനവും സാഹിത്യ വായനയുമൊക്കെ കുട്ടിക്കാലംതൊട്ട് കൂട്ടിനുണ്ട്. വല്യമ്മയുടെ മകനായ നീലമന ഈശ്വരന്‍ നമ്പൂതിരി ലൈബ്രേറിയനായിരുന്ന മാതമംഗലം ഭാരതി ഗ്രന്ഥാലയത്തിലെ പുസ്തകങ്ങളിലൂടെയാണ് പുറംലോകത്തെ അടുത്തറിഞ്ഞത്. ഇടയ്ക്ക് കുടുംബക്ഷേത്രത്തിലെ പൂജാരിയുമായി. പത്താം ക്ലാസ് പൂര്‍ത്തിയാക്കിയശേഷം കോട്ടയം പഴശ്ശി തമ്പുരാന്റെ ശിഷ്യനായി സംഗീതപഠനം തുടങ്ങിയെങ്കിലും അധികനാള്‍ ഉണ്ടായില്ല.
അങ്ങനെയിരിക്കെ സംഗീതത്തിനുള്ള ആദ്യ ശ്രമം നടക്കാതെയായപ്പോഴാണ് 1968-ല്‍ ശിവരാത്രി ഉത്സവത്തിന് ആലക്കോട് കൊട്ടാരത്തില്‍ പോകാനിടയായത്. അവിടെ ആലക്കോട് തമ്പുരാന്‍ പൂഞ്ഞാര്‍ കോവിലകത്തെ മിത്രന്‍ നമ്പൂതിരിയെ പരിചയപ്പെടുത്തി. അവിടെനിന്നാണ് സംഗീതജീവിതത്തിന് അടിത്തറയായ പൂഞ്ഞാര്‍ കോവിലകത്തേക്ക് പോകാന്‍ അവസരമൊരുങ്ങിയത്. പിന്നീട് തലശ്ശേരി പൈതല്‍ മാഷിന് കീഴിലും തുടര്‍ന്ന് തിരുവനന്തപുരത്തും സംഗീതപഠനം. ഇന്നത്തെ എന്റെ വിജയങ്ങള്‍ക്ക് നിയോഗമായത്, ജീവിതത്തെ ഭൗതികമായും ആത്മീയമായും മാറ്റിമറിച്ചത് ആലക്കോട് കൊട്ടരം സന്ദര്‍ശിച്ചതാണ്' -കൈതപ്രം പറഞ്ഞു.
1986-ല്‍ ഫാസിലിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ 'എന്നെന്നും കണ്ണേട്ടന്റെ' എന്ന ചിത്രത്തിലെ 'ദേവദുന്ദുഭീ സാന്ദ്രലയ'മാണ് കൈതപ്രം ആദ്യമെഴുതിയ ചലച്ചിത്രഗാനം. നാനൂറില്‍പ്പരം ചിത്രങ്ങള്‍ക്ക് ഗാനരചന നടത്തിയിട്ടുണ്ട്. 75-ന്റെ നിറവില്‍ നില്‍ക്കുമ്പോഴും എല്ലാ തലമുറകളുടെയും 'പള്‍സി'നനുസരിച്ച് വരികളെഴുതാനുള്ള കൈതപ്രത്തിന്റെ പദസമ്പത്തിന് യാതൊരു കോട്ടവും സംഭവിച്ചിട്ടില്ല. അതിനുള്ള തെളിവാണ് ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ, ഇപ്പോഴും സാമൂഹിക മാധ്യമങ്ങളില്‍ ട്രെന്‍ഡിങ്ങിലുള്ള 'നരിവേട്ട' എന്ന സിനിമയിലെ 'മിന്നല്‍ വള' എന്ന ഗാനം.
Content Highlights: Kaithapram Damodaran Namboothiri astatine Alakode Place
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·