‘എന്റർടെയ്ൻമെന്റ്’ ബാറ്റർമാർക്കു മാത്രം മതിയോ? അവർക്ക് തല്ലിച്ചതയ്ക്കാൻ ഞങ്ങളെ ഇട്ടുകൊടുക്കണോ?: തുറന്നടിച്ച് ഷാർദുൽ ഠാക്കൂർ

9 months ago 6

ഓൺലൈൻ ഡെസ്‌ക്

Published: April 01 , 2025 12:41 PM IST

1 minute Read

സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ നാലു വിക്കറ്റുമായി കളിയിലെ കേമനായ ഷാർദുൽ ഠാക്കൂറിനെ മത്സരശേഷം വന്ദിക്കുന്ന ലക്നൗ സൂപ്പർ ജയന്റ്സ് ടീം ഉടമ സഞ്ജീവ് ഗോയങ്ക (ഫയൽ ചിത്രം)
സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ നാലു വിക്കറ്റുമായി കളിയിലെ കേമനായ ഷാർദുൽ ഠാക്കൂറിനെ മത്സരശേഷം വന്ദിക്കുന്ന ലക്നൗ സൂപ്പർ ജയന്റ്സ് ടീം ഉടമ സഞ്ജീവ് ഗോയങ്ക (ഫയൽ ചിത്രം)

ലക്നൗ∙ ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) ബാറ്റർമാരുടേത് മാത്രമായി ഒതുങ്ങുന്നുവെന്ന വിമർശനവുമായി ലക്നൗ സൂപ്പർ ജയന്റ്സ് താരം ഷാർദുൽ ഠാക്കൂർ രംഗത്ത്. പിച്ചുകൾ ബാറ്റർമാർക്ക് അനുകുലമായി ഒരുക്കുന്നതുപോലെ, ബോളർമാർക്കും തുല്യമായ അവസരം ഉറപ്പാക്കണമെന്ന് ഠാക്കൂർ ആവശ്യപ്പെട്ടു. പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിനു മുന്നോടിയായി മാധ്യമങ്ങളെ കാണുമ്പോഴാണ് ഠാക്കൂർ ഈ ആവശ്യം ഉന്നയിച്ചത്. പിച്ചും നിയമങ്ങളും ഉൾപ്പെടെ എല്ലാം ബാറ്റർമാർക്ക് അനുകൂലമാണെന്ന് ചൂണ്ടിക്കാട്ടിയ താരം, ബോളർമാരെ തല്ലിച്ചതയ്ക്കാൻ അവസരം നൽകുന്ന രീതിയിൽ പിച്ചുകൾ തയാറാക്കുന്നത് നീതിപൂർവകമല്ലെന്നും വിമർശിച്ചു.

ഐപിഎൽ 18–ാം സീസണിൽ ഇതിനകം ആറു തവണയാണ് ടീമുകൾ 200 റൺസ് പിന്നിട്ടത്. സൺറൈസേഴ്സ് ഹൈദരാബാദ് രാജസ്ഥാൻ റോയൽസിനെതിരെ ആറു വിക്കറ്റ് നഷ്ടത്തിൽ അടിച്ചുകൂട്ടിയ 286 റൺസാണ് നിലവിൽ സീസണിലെ ഉയർന്ന സ്കോർ. അതേ മത്സരത്തിൽ രാജസ്ഥാനും ശക്തമായി തിരിച്ചടിച്ച് 240 റൺസിലധികം നേടിയിരുന്നു. 

‘ഇത് എന്റെ മാത്രം ആവശ്യമല്ല. എല്ലാ ബോളർമാരുടെയും ആവശ്യമാണ്. അവരിൽ പലരും ഇതുപോലെ തുറന്നു സംസാരിക്കുന്നവരാകില്ല. പലർക്കും ഇതുപോലെ മാധ്യമങ്ങൾക്കു മുന്നിൽ നിലപാട് പറയാൻ അവസരവും ലഭിക്കില്ല. ബാറ്റർമാർക്ക് മാത്രം അനുകൂലമാകാതെ, ബോളർമാർക്കുകൂടി അവസരം ലഭിക്കുന്ന രീതിയിൽ സന്തുലിതമായ പിച്ചുകളാണ് ഞങ്ങളുടെ ആവശ്യം. ബാറ്റർമാർ വന്ന് ഞങ്ങളെ തല്ലിച്ചതയ്ക്കുന്ന രീതിയിലുള്ള പിച്ചുകൾ എങ്ങനെ നീതിപൂർവമാകും? മത്സരത്തിൽ ഞങ്ങൾക്കും ബാറ്റർമാരേപ്പോലെ തുല്യ അവസരം ഉറപ്പാക്കണം’ – ഷാർദുൽ ഠാക്കൂർ പറഞ്ഞു.

ഇംപാക്ട് പ്ലെയർ നിയമത്തെക്കുറിച്ചും ഠാക്കൂർ മനസ്സു തുറന്നു. ഇത് കൂറ്റൻ സ്കോറുകൾ ഉറപ്പാക്കുന്നതിനു മാത്രമുള്ള നിയമമല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

‘‘ഇംപാക്ട് പ്ലെയർ നിയമം മത്സരം കൂടുതൽ ആകർഷകമാക്കുന്നതിനായി കൊണ്ടുവന്നതാണ്. അതുവഴി കളിയിൽ ഒട്ടേറെ മാറ്റങ്ങളും സംഭവിച്ചു. പക്ഷേ ഐപിഎൽ മത്സരങ്ങളിൽ 250 റൺസിലധികം പിറക്കുന്ന സാഹചര്യങ്ങളുണ്ടായത് ഈ നിയമം കൊണ്ടു മാത്രമല്ല. പിച്ചുകൾ അതിന് അനുകൂലമായ രീതിയിൽ തയാറാക്കുന്നതുകൊണ്ടു കൂടിയാണ്. ബാറ്റർമാർക്ക് റണ്ണടിച്ചുകൂട്ടാൻ അവസരം നൽകുന്നതുപോലെ തന്നെ, ബാറ്റർമാരെ പുറത്താക്കാൻ ഞങ്ങൾക്കും തുല്യ അവസരം കിട്ടുന്ന പിച്ചുകൾ വേണം’ – ഠാക്കൂർ പറഞ്ഞു.

ഐപിഎൽ മെഗാ താരലേലത്തിൽ ടീമുകൾ കൂട്ടത്തോടെ അവഗണിച്ച ഷാർദുൽ ഠാക്കൂറിന്, ലക്നൗ സൂപ്പർ ജയന്റ്സ് താരം മൊഹ്സിൻ ഖാന് പരുക്കേറ്റതോടെയാണ് പകരക്കാരനായി അവസരമൊരുങ്ങിയത്. സീസണിൽ ഇതുവരെ കളിച്ച രണ്ടു മത്സരങ്ങളിലും തകർപ്പൻ ബോളിങ് പ്രകടനവുമായി താരം കരുത്തുകാട്ടുകയും ചെയ്തു. രണ്ട് മത്സരങ്ങളിൽനിന്ന് 8.83 ശരാശരിയിൽ ആറു വിക്കറ്റുകളാണ് ഠാക്കൂറിന്റെ സമ്പാദ്യം. സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ 34 റൺസ് വഴങ്ങി 4 വിക്കറ്റ് വീഴ്ത്തിയ പ്രകടനം ഠാക്കൂറിന് പ്ലെയർ ഓഫ് ദ് മാച്ച് പുരസ്കാരവും നേടിക്കൊടുത്തിരുന്നു. ഈ സീസണിൽ നിലവിലെ വിക്കറ്റ് വേട്ടക്കാരിൽ മൂന്നാമൻ കൂടിയാണ് ഷാർദുൽ ഠാക്കൂർ.

English Summary:

Shardul Thakur asks for just accidental for bowlers amid tally fests successful IPL 2025

Read Entire Article