Published: December 12, 2025 09:06 AM IST
1 minute Read
മുല്ലൻപുർ ∙ രണ്ടാം ട്വന്റി20യിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യൻ ബാറ്റിങ് നിരയുടെ കൂട്ടത്തകർച്ചയാണ് കണ്ടത്. 214 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടരാൻ ഇറങ്ങിയ ബാറ്റർമാർ, ഒരു ലക്ഷ്യബോധവുമില്ലാതെയാണ് ബാറ്റു വീശിയത്. തിലക് വർമയുടെ (34 പന്തിൽ 62) ഒറ്റയാൻ പ്രകടനമാണ് ഇന്ത്യയെ വലിയ നാണക്കേടിൽനിന്നു രക്ഷിച്ചത്. എങ്കിലും 51 റൺസിന്റെ തോൽവി ഏറ്റുവാങ്ങേണ്ടി വന്നു. ബാറ്റിങ്ങിൽ ക്യാപ്റ്റൻ സൂര്യകുമാർ യാദവും വൈസ് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും തുടർച്ചയായി പരാജയപ്പെടുന്നതാണ് ഇന്ത്യയ്ക്കു തിരിച്ചടിയാകുന്നത്.
മുല്ലൻപുരിൽ ഇന്നിങ്സിന്റെ ആദ്യ ഓവറിൽ ലുങ്ഗി എൻഗിഡിയുടെ പന്തിൽ ശുഭ്മാൻ ഗിൽ ഗോൾഡൻ ഡക്കായപ്പോൾ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് നാല് പന്തിൽ അഞ്ച് റൺസുമായി പരാജയം ആവർത്തിച്ചു. ഓപ്പണർ അഭിഷേക് ശർമയിൽ വിശ്വാസമർപ്പിച്ചായിരിന്നു ആരാധകർ കാത്തിരുന്നത്. എന്നാൽ 2 സിക്സുകളുമായി ആക്രമണം തുടങ്ങിയ അഭിഷേകിനെ (8 പന്തിൽ 17) രണ്ടാം ഓവറിൽ മാർക്കോ യാൻസൻ പുറത്താക്കിയതോടെ ആ പ്രതീക്ഷയും മങ്ങി. തിലക് വർമയുടെ ഇന്നിങ്സ് മാത്രമാണ് അൽപമെങ്കിലും ആശ്വാസമായത്. ഹാർദിക് പാണ്ഡ്യ, ജിതേഷ് ശർമ എന്നിവർ ചെറിയ ചെറുത്തുനിൽപ്പുകൾ കാഴ്ചവച്ചു.
മത്സരശേഷം സംസാരിച്ച ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്, താൻ ഉൾപ്പെടെയുള്ള ടീമിലെ ടോപ് ഓർഡർ ബാറ്റ്മാർ നിരാശപ്പെടുത്തിയെന്നും അഭിഷേകിന്റെ മികവിനെ മാത്രം എപ്പോഴും ആശ്രയിക്കാൻ കഴിയില്ലെന്നും തുറന്നുസമ്മതിക്കുകയും ചെയ്തു. ‘‘രണ്ടാം ഇന്നിങ്സിൽ അവർ എങ്ങനെ പന്തെറിഞ്ഞുവെന്ന് ഞങ്ങൾ പഠിച്ചു. അതിൽനിന്നു പാഠം ഉൾക്കൊണ്ട് അടുത്ത മത്സരത്തിൽ നടപ്പിലാക്കാൻ ശ്രമിക്കും. എനിക്കും ശുഭ്മാനും ഒരു നല്ല തുടക്കം നൽകാൻ കഴിയുമായിരുന്നു. കാരണം ഞങ്ങൾക്ക് എല്ലായ്പ്പോഴും അഭിഷേകിനെ മാത്രം ആശ്രയിക്കാൻ കഴിയില്ല. അദ്ദേഹം ബാറ്റ് ചെയ്യുന്ന രീതി വച്ചുനോക്കുമ്പോൾ, അദ്ദേഹത്തിനും ഒരു മോശം ദിവസം സംഭവിക്കാം.’’– സൂര്യകുമാർ യാദവ് പറഞ്ഞു.
‘‘ഞാനും ശുഭ്മാനും മറ്റു ചില ബാറ്റർമാരും ഉത്തരവാദിത്തം ഏറ്റെടുക്കണമായിരുന്നു. അതൊരു സ്മാർട്ട് ചേസ് ആയിരിക്കുമെന്ന് ഞാൻ കരുതി. പക്ഷേ പിന്നീട് കൈവിട്ടു പോയി, ശുഭ്മാൻ ആദ്യ പന്തിൽ തന്നെ പുറത്തായി. പിന്നീട് ഞാൻ ഉത്തരവാദിത്തം ഏറ്റെടുക്കണമായിരുന്നു, കുറച്ചുകൂടി ശ്രദ്ധിച്ച് ബാറ്റ് ചെയ്യണമായിരുന്നു. ഞാൻ പറഞ്ഞതുപോലെ, ഞങ്ങൾ പഠിക്കും, അടുത്ത മത്സരത്തിൽ ഞങ്ങൾ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ ശ്രമിക്കും.’’– സൂര്യകുമാർ കൂട്ടിച്ചേർത്തു.
English Summary:








English (US) ·