23 May 2025, 06:13 PM IST

ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമയ്‌ക്കൊപ്പം ഇന്ത്യൻ കോച്ച് ഗൗതം ഗംഭീറും വിരാട് കോലിയും | Photo: PTI
ന്യൂഡല്‍ഹി: ഇംഗ്ലണ്ട് പര്യടനത്തിനായുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ടീം. മുതിര്‍ന്ന താരങ്ങളായ വിരാട് കോലിയും രോഹിത് ശര്‍മയും വിരമിച്ചതോടെ പുതിയ താരങ്ങളെ ബിസിസിഐക്ക് കണ്ടെത്തേണ്ടതുണ്ട്. ടീമിലിടം നേടാന്‍ യുവതാരങ്ങള്‍ക്കുള്ള അവസരമാണിതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് പരിശീലകന്‍ ഗൗതം ഗംഭീര്‍. അതേസമയം രോഹിത്തിന്റേയും കോലിയുടെയും വിരമിക്കല്‍ താരങ്ങളുടെ വ്യക്തിപരമായ തീരുമാനമാണെന്നും ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.
'ഞങ്ങള്‍ രണ്ട് മുതിര്‍ന്ന താരങ്ങളില്ലാതെയാണ് കളിക്കാന്‍ പോകുന്നത്. എന്നാല്‍ മറ്റുള്ളവര്‍ക്ക് വളര്‍ന്നുവരാനും തയ്യാറായി മുന്നോട്ടുവരാനുമുള്ള അവസരം കൂടിയാണിത്. ചാമ്പ്യന്‍സ് ട്രോഫിയില്‍ ജസ്പ്രീത് ബുംറ ഉണ്ടായിരുന്നില്ല. ആ സമയം ഞാന്‍ ഇതേ കാര്യമാണ് പറഞ്ഞത്. ഒരാള്‍ ഇല്ലാതാകുമ്പോള്‍ മറ്റുള്ളവര്‍ക്ക് രാജ്യത്തിന് വേണ്ടി എന്തെങ്കിലും ചെയ്യാനുള്ള അവസരമാണ് കിട്ടുന്നത്.'- ഗംഭീര്‍ ക്രിക്കറ്റ് നെക്‌സ്റ്റിനോട് പ്രതികരിച്ചു.
'കളി എപ്പോള്‍ തുടങ്ങണം, എപ്പോള്‍ അവസാനിപ്പിക്കണം എന്നുള്ളതൊക്കെ വ്യക്തിപരമായ തീരുമാനമാണ്. മറ്റാര്‍ക്കും അതില്‍ അവകാശമില്ല. പരിശീലകനായാലും സെലക്ടറായാലും രാജ്യത്തെ ഏതൊരാളായാലും ഒരാള്‍ എപ്പോള്‍ വിരമിക്കണമെന്ന് പറയാന്‍ അവകാശമില്ലെന്നും' ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.
രോഹിത് ശര്‍മയ്ക്ക് പിന്നാലെയാണ് വിരാട് കോലിയും ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചത്. ജൂണ്‍ 20-ന് ഇംഗ്ലണ്ട് പര്യടനം തുടങ്ങാനിരിക്കേയാണ് ഇരുവരുടെയും വിരമിക്കൽ എന്നതാണ് ശ്രദ്ധേയം. അഞ്ചു ടെസ്റ്റുകളടങ്ങുന്നതാണ് പരമ്പര. രോഹിത്തിന്റെയും കോലിയുടെയും അഭാവത്തില്‍ തലമുറമാറ്റത്തിനൊരുങ്ങുകയാണ് ഇന്ത്യന്‍ ടീം.
അതേസമയം ഇംഗ്ലീഷ് മണ്ണില്‍ എ ടീമിനായി പുറത്തെടുക്കുന്ന മികച്ച പ്രകടനം യുവതാരങ്ങള്‍ക്ക് സീനിയര്‍ ടീമിലെത്താന്‍ ഉപകരിക്കും. കോലി ഒഴിച്ചിട്ട നാലാം നമ്പറിലെത്തുമെന്ന് കരുതുന്ന കരുണ്‍ നായരിലേക്കാണ് എല്ലാവരും ഉറ്റുനോക്കുന്നത്. കഴിഞ്ഞ സീസണുകളില്‍ രഞ്ജി ട്രോഫിയില്‍ മികച്ച പ്രകടനം നടത്തിയ സര്‍ഫറാസ് ഖാനും ഇത് ടീമിലെ സ്ഥാനം ഉറപ്പിക്കാനുള്ള അവസരമാണ്. സീനിയര്‍ ടീം അംഗങ്ങളായ ജയ്‌സ്വാളിനും ഗില്ലിനും ഇംഗ്ലീഷ് സാഹചര്യങ്ങള്‍ പരിചയപ്പെടാനുള്ള അവസരമാണിത്.
Content Highlights: Gautam Gambhir On Virat Kohli Rohit Sharmas Retirement From Tests








English (US) ·