Published: October 27, 2025 03:14 PM IST
1 minute Read
തിരുവനന്തപുരം ∙ സാമ്പത്തിക ബാധ്യത കൂടിയപ്പോൾ കായികപരിശീലനം അവസാനിപ്പിച്ചാലോ എന്ന് എമിയോട് അച്ഛൻ ജിജി ചോദിച്ചത് ഈ അധ്യയനവർഷത്തിന്റെ തുടക്കത്തിലാണ്. വിഷമം ഉള്ളിലൊതുക്കി എമി അതിനു സമ്മതം മൂളിയെങ്കിലും കുടുംബം പിന്നീടു തീരുമാനം മാറ്റി. എമി ഈ വർഷം കൂടി മത്സരിക്കട്ടെയെന്ന് അവർ തീരുമാനിച്ചു.
തന്റെ അവസാന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ പെൺകുട്ടികളുടെ പോൾവോൾട്ടിൽ സ്വർണം നേടി (2.60 മീറ്റർ) കോതമംഗലം മാർ ബേസിൽ എച്ച്എസ്എസിലെ പ്ലസ് ടു വിദ്യാർഥി എമി ട്രീസ ജിജി ആ വീട്ടിലേക്ക് സന്തോഷം എത്തിച്ചു. പക്ഷേ, മുന്നോട്ടുള്ള കുതിപ്പിന് സ്പോൺസർഷിപ് എമിക്ക് അത്യാവശ്യമാണ്.
കണ്ണൂർ പേരാവൂർ മാടപ്പള്ളിക്കുന്നേൽ ജിജി.എം.ജോണിന്റെയും ജോസ്‌ലിൻ ജോസഫിന്റെയും മകളാണ് എമി. പെയിന്റിങ് തൊഴിലാളിയായ ജിജിക്ക് മഴക്കാലത്ത് ജോലി കുറവാണ്. സാമ്പത്തിക പ്രതിസന്ധിയായതോടെയാണ് പരിശീലനം അവസാനിപ്പിച്ചാലോ എന്ന് ആലോചിച്ചത്.
സ്പോർട്സിനോടുള്ള എമിയുടെ താൽപര്യം കണ്ട് ജിജിയാണ് 8–ാം ക്ലാസിൽ മാർ ബേസിലിൽ ചേർത്തത്. വർഷത്തിൽ ഒരിക്കൽ മാത്രമാണ് വീട്ടിൽ പോകുന്നത്. കടം വാങ്ങിയാണ് പോൾ, സ്പൈക്സ് എന്നിവയ്ക്കായുള്ള തുക നൽകുന്നത്. സ്കൂളിലെ സിന്തറ്റിക് ട്രാക്ക് മോശമായതിനാൽ പരിശീലനത്തിന് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ഗ്രൗണ്ടിൽ പോകാൻ ദിവസേന 300 രൂപയും വേണം.
English Summary:








English (US) ·