29 March 2025, 02:02 PM IST

എ. ജയകുമാർ, ഗോകുലം ഗോപാലൻ | Photo: Facebook/ Jayakumar A, Sree Gokulam Movies
എമ്പുരാന്‍ വിവാദത്തില്‍ നടന്‍ മോഹന്‍ലാലിനേയും നിര്‍മാതാവ് ഗോകുലം ഗോപാലനേയും സംരക്ഷിച്ച് ആര്‍എസ്എസ് നേതാവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ചിത്രത്തിന്റെ ഉള്ളടക്കത്തെ സംബന്ധിച്ച വിവാദത്തില്‍ സംവിധായകന്‍ പൃഥ്വിരാജിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയാണ് ആര്‍എസ്എസ് വിശേഷ സമ്പര്‍ക്കപ്രമുഖ് എ. ജയകുമാറിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്. 'എമ്പുരാന്‍ മോഹന്‍ലാലിനെയും ഗോകുലം ഗോപാലനെയും തകര്‍ക്കാനുള്ള ഇടതു ജിഹാദി ഗൂഢാലോചന', എന്ന തലക്കെട്ടിലാണ് കുറിപ്പ്.
'എമ്പുരാന്‍ സിനിമയുടെ കഥയും ആവിഷ്‌കാരവും കോടിക്കണക്കിന് ജനങ്ങളെ സങ്കടത്തിലാഴ്ത്തിയിരിക്കുകയാണ്. പൃഥ്വിരാജും കൂട്ടരും ചതിച്ചത് നമ്മുടെ നാടിനെയും ഭരണകൂടത്തെയും ആണ്. എന്‍ഐഎ പോലുള്ള ദേശീയ ഏജന്‍സികളെ ജനലക്ഷങ്ങളുടെ മുമ്പില്‍ വിശ്വാസ്യത നഷ്ടപ്പെടുത്തുന്നത് ആര്‍ക്ക് വേണ്ടിയായിരുന്നു. മുല്ലപ്പെരിയാര്‍ ഡാം ബോംബിട്ട് തകര്‍ത്തു കേരളത്തെ നശിപ്പിക്കും എന്ന ഭീഷണി കേന്ദ്രത്തില്‍ നിര്‍ണായകസ്വാധീനം ചെലുത്തുന്നതായി ചിത്രീകരിക്കപ്പെടുന്ന കഥാപാത്രത്തിനെ കൊണ്ട് പറയിപ്പിച്ചത് നിര്‍ദോഷമായ കലയല്ല, കുത്സിത പ്രവര്‍ത്തനം ആണ്. അതിന് ഗുജറാത്ത് കലാപവുമായി ഒരു ബന്ധുവുമില്ല എന്ന് മാത്രമല്ല അങ്ങനെയൊരു ആഖ്യായികയോട് ഒരു തരത്തിലും ബന്ധപ്പെടുത്തുവാന്‍ കഴിയുന്ന കാര്യവുമല്ല. തിരക്കഥാകൃത്തിന്റെയും അണിയറയിലെയും അരങ്ങത്തെയും ഗൂഢാലോചകരുടെ ലക്ഷ്യമാണ് അത്തരം ഒരു ഭീഷണിയിലൂടെ പുറത്തുവരുന്നത്', കുറിപ്പില്‍ പറയുന്നു.
'സെന്‍സര്‍ ബോര്‍ഡിനു കാണാന്‍ കഴിയാത്തതു തീയേറ്ററില്‍ പോയ ജനങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞു. മോഹന്‍ലാലിനും ഗോകുലം ഗോപാലേട്ടനും പറയാന്‍ അറയ്ക്കുന്നത് എനിക്ക് പറയാതിരിക്കാന്‍ കഴിയില്ല. തെറ്റിദ്ധരിപ്പിക്കപ്പെടുകയും പ്രിവ്യൂ ഇല്ലാതിരിക്കുകയും കഥയുടെ പൂര്‍ണരൂപം മനസ്സിലാക്കിക്കാതെയുമാണ് സിനിമ തീയേറ്ററില്‍ ഗോപാലേട്ടനും ലാലേട്ടനും എത്തുന്നത്. സിനിമാ ലോകത്തെ രാജാക്കന്മാരായ ഗോപാലേട്ടനെയും ലാലേട്ടനെയും അക്ഷരാര്‍ത്ഥത്തില്‍ കൊലക്കുകൊടുക്കുകയാണ് ചിലര്‍ ചെയ്തത്. പൃഥ്വിരാജും സഹായികളും ചെയ്തത് രാജ്യദ്രോഹകുറ്റമാണ്. ഈ നാട്ടിലെ ജനകോടികള്‍ ഇതിനു വിധി എഴുതട്ടെ. സിനിമയില്‍ രാഷ്ട്രീയവും മതവും കലര്‍ത്തി കേരളത്തെയും മലയാളികളെയും ഇടത് തീവ്രവാദ കൂടാരത്തിലേക്ക് കൊണ്ടുപോകാമെന്ന് ധരിക്കുന്നവരെ സിനിമാലോകം ചവറ്റു കൊട്ടയിലെറിയും. ഇവിടെ കരളുറപ്പുള്ള ഒരു പ്രധാനമന്ത്രിയും കൈവിലങ്ങ് വയ്ക്കാന്‍ കരുത്തുള്ള ആഭ്യന്തരമന്ത്രിയും ഉള്ള നാടാണ്. കളം വിട്ടു കളിച്ചാല്‍ കാണികള്‍ ഉണ്ടാവില്ല എന്ന് മാത്രമല്ല, എന്നെന്നേക്കുമായി കളി അവസാനിപ്പിക്കുകയും ചെയ്യും', ജയകുമാര്‍ കുറിച്ചു.
Content Highlights: RSS person A Jayakumar defends Mohanlal and Gokulam Gopalan successful `Empuraan` controversy
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·