.jpg?%24p=b47db41&f=16x10&w=852&q=0.8)
ആസിഫ് അലി 'ആഭ്യന്തര കുറ്റവാളി' ട്രെയ്‌ലറിൽ | Photo: Screen grab/ Think Music India
സൂക്ഷമതയോടെ കൈകാര്യംചെയ്യേണ്ട, എന്നാല്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടുന്ന പ്രമേയം. സിനിമയുടെ ചട്ടക്കൂടില്‍നിന്ന് പുറത്തുപോകാത്ത അവതരണം. സാധാരണപ്രേക്ഷകര്‍ക്ക് രണ്ടുമണിക്കൂര്‍ എല്ലാം മറന്ന് ആസ്വദിക്കാനുള്ള കംപ്ലീറ്റ് പാക്കേജാണ്, ആസിഫ് അലിയെ നായകനാക്കി സേതുനാഥ് പത്മകുമാര്‍ സംവിധാനംചെയ്ത 'ആഭ്യന്തര കുറ്റവാളി'.
'കിഷ്‌കിന്ധാകാണ്ഡം', 'രേഖാചിത്രം', 'സര്‍ക്കീട്ട്' എന്നിവയ്ക്കുശേഷം പ്രദര്‍ശനത്തിനെത്തിയ ആസിഫ് അലി ചിത്രമാണ് 'ആഭ്യന്തര കുറ്റവാളി'. തൃശ്ശൂര്‍ അന്തിക്കാട് സ്വദേശിയായ സഹദേവനും ഇടുക്കിക്കാരിയായ നയനയും തമ്മിലെ വിവാഹവും തുടര്‍ന്ന് ബന്ധത്തിലുണ്ടാവുന്ന വിള്ളലുകളുമാണ് ചിത്രത്തെ മുന്നോട്ടുനയിക്കുന്നത്. ആവശ്യപ്പെടാതെതന്നെ 100 പവന്‍ സ്ത്രീധനമായി ലഭിച്ച കല്യാണത്തെത്തുടര്‍ന്ന് നയനയുടേയും പിതാവിന്റേയും താത്പര്യങ്ങള്‍ക്കുനടുവില്‍പെട്ടുപോകുന്ന സഹദേവന്‍ എന്ന കഥാപാത്രത്തെയാണ് ആസിഫ് അലി അവതരിപ്പിക്കുന്നത്. സഹകരണ സംഘത്തിലെ താത്കാലിക ക്ലര്‍ക്കാണ് സഹദേവന്‍. നയനയായി തുളസി എത്തുന്നു. നയനയുടെ പരാതിയില്‍ സഹദേവനെതിരേ ഗാര്‍ഹികപീഡനത്തിന് കേസെടുക്കുകയും തുടര്‍ന്നുണ്ടാവുന്ന നാടകീയതകളുമാണ് ചിത്രത്തെ മുന്നോട്ടുനയിക്കുന്നത്. സിനിമ പറയാനുദ്ദേശിക്കുന്ന പ്രമേയം നേരത്തെ പുറത്തിറങ്ങിയ ട്രെയ്‌ലറില്‍നിന്നുതന്നെ ഏറെക്കുറ വ്യക്തമായിരുന്നു. എന്നാല്‍, ആ പ്രവചനങ്ങള്‍ ആസ്വാദനത്തെ ബാധിക്കുന്നില്ലെന്നതാണ് ചിത്രത്തിന്റെ വിജയങ്ങളിലൊന്ന്.
നൈസാം സലാം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നൈസാം സലാം നിര്‍മിച്ച ചിത്രം സംവിധാനംചെയ്തിരിക്കുന്നത് സേതുനാഥ് പത്മകുമാറാണ്. അദ്ദേഹം തന്നെയാണ് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. പറയാന്‍ ഉദ്ദേശിക്കുന്ന പ്രമേയത്തിന് അകത്തുനിന്നുകൊണ്ടുതന്നെയുള്ള തിരക്കഥയാണ് ചിത്രത്തിന്റെ ശക്തികളിലൊന്ന്. അത് ആസ്വാദകനെ പിടിച്ചിരുത്തുംവിധം വെള്ളിത്തിരയിലെത്തിക്കാന്‍ സംവിധായകനായ സേതുനാഥിനും സാധിക്കുന്നുണ്ട്.
ചിത്രം കൈകാര്യംചെയ്യുന്ന പ്രമേയം, അതിന്റെ ശരിതെറ്റുകള്‍ക്കപ്പുറത്ത് ചര്‍ച്ച ചെയ്യേണ്ട വിഷയം തന്നെയാണ്. പറയാനുദ്ദേശിക്കുന്നത് പഴുതുകളില്ലാതെ അവതരിപ്പിക്കാന്‍ തിരക്കഥയ്ക്കും അതിന്റെ ദൃശ്യഭാഷയ്ക്കും സാധിക്കുന്നുണ്ട്. പ്രമേയത്തേയും കഥാഗതിയേയും ബലപ്പെടുത്തുന്ന ഉപകഥകളും ചിത്രത്തിന്റെ അടിസ്ഥാന കഥയോട് ചേര്‍ന്നുനില്‍ക്കുന്നുണ്ട്. ഇവിടെ വന്നുപോകുന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ചവരുടെ പ്രകടനം എടുത്തുപറയേണ്ടതാണ്. ട്രെയ്‌ലര്‍ മുതല്‍ തുടങ്ങി ചിത്രത്തിലേക്കും നീളുന്ന, പ്രേക്ഷനെ കബളിപ്പിക്കാനുള്ള കൊച്ചു കൊച്ചു ശ്രമങ്ങള്‍ വിജയിച്ചുവെന്ന് തന്നെവേണം വിലയിരുത്താന്‍. ഏകപക്ഷീയമായി പോവുമായിരുന്ന വിഷയത്തില്‍, മെറിറ്റിലൂന്നി സന്തുലിതമായി മറ്റുവശങ്ങളും ഉള്‍പ്പെടുത്താന്‍ തിരക്കഥയ്ക്ക് സാധിക്കുന്നുണ്ട്. അടിമുടി കത്തുമ്പോഴുള്ള വെളിച്ചം പ്രകാശമായി തോന്നുമെന്ന ചിത്രത്തിലെ സംഭാഷണം കടമെടുത്താല്‍, സ്വയമെരിഞ്ഞ് പ്രകാശം പരത്താനാണ് ചിത്രം ശ്രമിക്കുന്നത്. അത് എത്രത്തോളം വിജയിക്കുമെന്നത് ചിത്രത്തെത്തുടര്‍ന്ന് ഇനി നടക്കാനിരിക്കുന്ന ചര്‍ച്ചകള്‍ വ്യക്തമാക്കേണ്ടതാണ്.
ആസിഫ് അലിയുടെ പ്രകടനം പ്രത്യേകപ്രശസംസയര്‍ഹിക്കുന്നുണ്ട്. നമുക്കെല്ലാം പരിചിതനായ നാട്ടിന്‍പുറത്തുകാരനായി, കൂട്ടുകാരനായി, വീട്ടിലൊരാളായി ആസിഫ് തന്റെ ഭാഗം ഭംഗിയാക്കുന്നുണ്ട്. വൈകാരികരംഗങ്ങള്‍ അവതരിപ്പിക്കാനുള്ള കൈയടക്കം ആസിഫ് വീണ്ടും തെളിയിക്കുന്നുണ്ട്. അഭിഭാഷക വേഷങ്ങള്‍ ചെയ്യുന്ന ജഗദീഷും വിജയകുമാറും സഹദേവന്റെ സുഹൃത്തുക്കളായ ആനന്ദ് മന്മഥന്‍, അസീസ് നെടുമങ്ങാട്, സഹദേവന്റെ മാതാപിതാക്കളുടെ വേഷത്തിലെത്തിയ ബാലചന്ദ്രന്‍ ചുള്ളിക്കാട്, നീരജാ രാജേന്ദ്രന്‍ ന്നെിവരും മികച്ച പ്രകടനങ്ങളാണ് കാഴ്ചവെക്കുന്നത്. വളരെ കുറച്ചുനേരം മാത്രമേയുള്ളൂവെങ്കിലും സിനിമയെ ആകെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തുന്നതാണ് ഹരിശ്രീ അശോകന്റേയും സിദ്ധാര്‍ഥ് ഭരതന്റേയും പ്രകടനങ്ങള്‍. നായികമാരായ തുളസിയും ശ്രേയാ രുക്മിണിയും അവരുടെ ഭാഗങ്ങള്‍ ഭംഗിയായി അവതരിപ്പിക്കുന്നുണ്ട്.
ബിജിപാലിന്റേയും മുത്തുവിന്റേയും ക്രിസ്റ്റി ജോബിയുടേയും പാട്ടുകള്‍ ചിത്രത്തിന്റെ ഒരോ മൂഡുകളേയും അങ്ങനെ തന്നെ പ്രതിഫലിപ്പിക്കുന്നതാണ്. ചിത്രത്തിന്റെ ഒഴുക്കിലേക്ക് പ്രേക്ഷകനെക്കൂടി വലിച്ചിടുന്നതാണ് രാഹുല്‍ രാജിന്റെ പശ്ചാത്തലസംഗീതം. അജയ് ഡേവിഡ് കാച്ചപ്പിള്ളിയുടെ ദൃശ്യങ്ങള്‍ ചിത്രത്തെ കൂടുതല്‍ മനോഹരമാക്കുമ്പോള്‍, സോബിന്‍ കെ. സോമന്റെ എഡിറ്റിങ് ആസ്വാദകനെ ചിത്രത്തില്‍തന്നെ പിടിച്ചുനിര്‍ത്തുന്നു.
ഏറെ പ്രതിസന്ധികളെത്തുടര്‍ന്ന് ചിത്രത്തിന്റെ റിലീസ് നീണ്ടുപോയിരുന്നു. ഒടുവില്‍ പ്രദര്‍ശത്തിനെത്തുമ്പോള്‍ കുടുംബപ്രേക്ഷകര്‍ക്ക് രണ്ടുമണിക്കൂര്‍ കണ്ട് ആസ്വദിക്കാന്‍ കഴിയുന്ന ഒരു നല്ല ചിത്രവും സമൂഹത്തിന് ചര്‍ച്ച ചെയ്യാന്‍ ഒരുവിഷയും മുന്നോട്ടുവെക്കാനായി എന്നതാണ് സംവിധായകന്റേയും മറ്റ് പിന്നണി പ്രവര്‍ത്തകരുടേയും വിജയം.
Content Highlights: Aabhyanthara Kuttavaali Malayalam movie review
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·