കെ.എൻ. നിഭേഷ്
28 July 2025, 09:07 AM IST

മെസിയും ക്രിസ്റ്റ്യാനോയും ഫുട്‌ബോൾ പരിശീലനത്തിനിടെ
എരുമപ്പെട്ടി: മരത്തംകോട് വടക്കൻവീട്ടിൽ വി.വി. ചാൾസിനും എം.സി. പ്രിൻസിക്കും 14 വർഷംമുൻപാണ് ആദ്യ കുഞ്ഞ് ജനിച്ചത്. അർജന്റീന ഫുട്‌ബോൾ ടീമിന്റെ കടുത്ത ആരാധകൻ ചാൾസിന് പേരിന്റെ കാര്യത്തിൽ രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. അങ്ങനെ സൂപ്പർതാരം മെസി വടക്കൻ വീട്ടിൽ അവതരിച്ചു. അടുത്ത വർഷം രണ്ടാമൻ പിറന്നു. കുഞ്ഞ് പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ ആയി.
പക്ഷേ, പേരിലവസാനിച്ചില്ല പിള്ളേർ. എരുമപ്പെട്ടിയിലെയും മരത്തംകോട്ടെയും ഫുട്‌ബോൾപ്രേമികൾക്കിടയിൽ ഇപ്പോൾ മെസിയുടെയും ക്രിസ്റ്റ്യാനോയുടെയും വിശേഷങ്ങളാണ് സംസാരവിഷയം. ക്രിസ്റ്റ്യാനോ വി. ചാൾസ് എഐഎഫ്എഫ്-ഫിഫ ടാലന്റ് അക്കാദമിയുടെ ഇന്ത്യയിൽനിന്നുള്ള 50 കുട്ടികളുടെ ഫൈനൽ സെലക്ഷൻ റൗണ്ടിലേക്ക് യോഗ്യത നേടി. പതിനാലുവയസ്സിന് താഴെയുള്ള താരങ്ങളെ കണ്ടെത്തുന്നതിന് ഓഗസ്റ്റ് ഒന്നിന് ഹൈദരാബാദിലാണ് ഫൈനൽ റൗണ്ട്.
ഇന്ത്യയിലെ മികച്ച ഫുട്‌ബോൾതാരങ്ങളെ വാർത്തെടുക്കുന്നതിനായി ഫിഫയും ഓൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷനും സംയുക്തമായി ഒരുക്കിയ അക്കാദമിയിലേക്ക് മരത്തംകോട്ടുകാരൻ എത്തുന്നതിൽ നാട്ടുകാർ അഭിമാനത്തിലാണ്.
വീട്ടിലെ സാമ്പത്തികബുദ്ധിമുട്ടുകൾ കാരണം ഫുട്‌ബോളിൽനിന്ന് വിട്ടുനിൽക്കേണ്ടിവന്ന ചാൾസ് മക്കളിലൂടെ ഫുട്‌ബോൾസ്വപ്‌നങ്ങൾ എത്തിപ്പിടിക്കാനുള്ള പ്രതീക്ഷയിലാണ്. മൂന്നാംക്ലാസ് മുതൽ രണ്ട് മക്കളെയും വിവിധ അക്കാദമികളിൽ പരിശീലിപ്പിച്ചു. കൂടുതൽ പരിശീലനം ലഭിക്കുന്നതിനായി രണ്ടുപേരെയും കുന്നംകുളം ജിഎംബിഎച്ച്എസ് സ്‌കൂളിലെ ഒൻപത്, എട്ട് ക്ലാസുകളിൽ അടുത്തിടെ ചേർത്തു.
ഇന്ത്യൻ ഫുട്‌ബോൾ ടീം കോച്ച് കെ.കെ. ഹമീദിന്റെ നേതൃത്വത്തിലാണ് എരുമപ്പെട്ടി വെഫ കേരള ഫുട്‌ബോൾ അക്കാദമിയിലെ പരിശീലനം. വെഫയിൽ എത്തിയതോടെ ഇരുവരുടെയും പ്രതിഭ നാടറിയാൻ തുടങ്ങി. പേരുകൾപോലെ രണ്ടുപേരും എരുമപ്പെട്ടി വെഫ ഫുട്‌ബോൾ അക്കാദമിയിലെ സൂപ്പർതാരങ്ങളായി ഉയർന്നതിന്റെ സന്തോഷത്തിലാണു കുടുംബം.
Content Highlights: messi cristiano young malayali players








English (US) ·