11 July 2025, 10:25 PM IST

Photo: PTI
ലോര്‍ഡ്‌സ്: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയില്‍ ഉപയോഗിക്കുന്ന ഡ്യൂക്‌സ് പന്തുകളെച്ചൊല്ലിയുള്ള വിവാദം മൂന്നാം ടെസ്റ്റിലും തുടരുന്നു. മത്സരത്തിന് ഉപയോഗിക്കുന്ന ഡ്യൂക്‌സ് പന്തുകള്‍ പെട്ടെന്ന് മൃദുവാകുന്നുവെന്നും ആകൃതി വളരെ പെട്ടെന്നുതന്നെ മാറുന്നുവെന്നുമുള്ള പരാതി ലീഡ്‌സിലെ ഒന്നാം ടെസ്റ്റ് മുതല്‍ തന്നെ ഇന്ത്യ പറയുന്നതാണ്.
ലോര്‍ഡ്‌സ് ടെസ്റ്റിന്റെ ഒന്നാം ദിനം ഇത്തരത്തില്‍ പന്തിന്റെ ആകൃതി മാറുന്നുവെന്ന് പറഞ്ഞ് പന്ത് മാറ്റാന്‍ ഇന്ത്യ ആവശ്യപ്പെട്ടിരുന്നെങ്കിലും അമ്പയര്‍മാര്‍ അത് അംഗീകരിച്ചിരുന്നില്ല. തുടര്‍ന്ന് 80 ഓവറുകള്‍ക്ക് ശേഷം ഇന്ത്യ പുതിയ പന്തെടുത്തിരുന്നു. എന്നാല്‍ 10.4 ഓവര്‍ മാത്രം എറിഞ്ഞ പുതിയ പന്തിന്റെ ആകൃതി രണ്ടാം ദിനത്തില്‍ വീണ്ടും പ്രശ്‌നം സൃഷ്ടിച്ചു. പന്തിന്റെ ആകൃതി പരിശോധിക്കുന്ന ഗേജ് ഉപയോഗിച്ച ശേഷം പന്ത് മാറ്റിനല്‍കാനുള്ള ഇന്ത്യയുടെ ആവശ്യം അമ്പയര്‍ അംഗീകരിച്ചെങ്കിലും മാറ്റിനല്‍കിയ പന്തിന്റെ പേരില്‍ ഇന്ത്യന്‍ താരങ്ങളും അമ്പയറും തമ്മില്‍ തര്‍ക്കമുണ്ടായി. 10 ഓവര്‍ മാത്രം പഴക്കമുള്ള പന്തിന് പകരം നല്‍കിയത് കൂടുതല്‍ പഴക്കമുള്ള പന്തായിരുന്നു ഇതാണ് പ്രശ്‌നമായത്.
ഇത് ചൂണ്ടിക്കാട്ടി ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ അമ്പയരോട് തര്‍ക്കിക്കുന്നത് കാണാമായിരുന്നു. പേസര്‍ മുഹമ്മദ് സിറാജും ഗില്ലിനൊപ്പം ചേര്‍ന്നു. എന്നാല്‍ പന്ത് മാറ്റി നല്‍കാന്‍ അമ്പയര്‍ തയ്യാറായില്ല. ഇത് 10 ഓവര്‍ പഴക്കമുള്ള പന്താണോ എന്ന് സിറാജ് ചോദിക്കുന്നത് സ്റ്റമ്പ് മൈക്കില്‍ കേള്‍ക്കാമായിരുന്നു. കമന്ററി ബോക്‌സിലുണ്ടായിരുന്ന സുനില്‍ ഗാവസ്‌ക്കറും അമ്പയര്‍മാര്‍ക്കെതിരേ തിരിഞ്ഞു. ''ഇവിടെ നിന്നുപോലും അത് 10 ഓവര്‍ പഴയ പന്തല്ലെന്ന് നിങ്ങള്‍ക്ക് കാണാന്‍ കഴിയും 20 ഓവര്‍ പഴക്കമുള്ള പന്ത് പോലെയാണത്'' എന്നായിരുന്നു ഗാവസ്‌ക്കറുടെ വാക്കുകള്‍.
രണ്ടാം ദിനം തുടക്കത്തില്‍ രണ്ടാം ന്യൂ ബോളില്‍ ബുംറ മൂന്ന് ഇംഗ്ലണ്ട് താരങ്ങളെ പെട്ടെന്ന് പുറത്താക്കിയ ശേഷമാണ് പന്ത് മാറ്റേണ്ടി വന്നത്. ഇതോടെ ഇംഗ്ലണ്ടിനായി ജാമി സ്മിത്തും ബ്രൈഡന്‍ കാര്‍സും കൂടുതല്‍ വിക്കറ്റ് നഷ്ടമില്ലാതെ ഇന്നിങ്‌സ് മുന്നോട്ടുകൊണ്ടുപോയി.
Content Highlights: Controversy erupts astatine Lord`s arsenic India challenges the information of the Duke`s balls








English (US) ·