Published: December 23, 2025 04:36 PM IST
1 minute Read
ബാലി∙ ഒരോവറിൽ അഞ്ച് വിക്കറ്റ് വീഴ്ത്തി റെക്കോർഡിട്ട് ഇന്തൊനീഷ്യൻ ക്രിക്കറ്റ് താരം. 28 വയസ്സുകാരനായ ഗെഡെ പ്രിയന്ദനയാണ് ചരിത്രം നേട്ടം കുറിച്ചത്. പുരുഷ, വനിതാ രാജ്യാന്തര ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായാണ് ഒരു താരം ഒരോവറിൽ അഞ്ച് വിക്കറ്റ് വീഴ്ത്തുന്നത്. ഒരോവറിൽ നാല് വിക്കറ്റ് വീതം വീഴ്ത്തിയ ലസിത് മലിംഗ, റാഷിദ് ഖാൻ, ജയ്സൻ ഹോൾഡർ തുടങ്ങിയവരുടെ റെക്കോർഡാണ് പാർട്ട് ടൈം ബോളർ മാത്രമായ ഗെഡെ പ്രിയന്ദന തകർത്തത്. ഇന്തൊനീഷ്യയുടെ ഓപ്പണിങ് ബാറ്ററാണ് ഗെഡെ പ്രിയന്ദന.
കംബോഡിയയ്‌ക്കെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിലാണ് ഇന്തോനീഷ്യൻ താരത്തിന്റെ റെക്കോർഡ് നേട്ടം. 168 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കംബോഡിയയുടെ ഇന്നിങ്സിന്റെ 16–ാം ഓവറിലാണ് സംഭവം. ഓവർ ആരംഭിക്കുമ്പോൾ 5 വിക്കറ്റ് നഷ്ടത്തിൽ 106 റൺസെന്ന നിലയിലായിരുന്നു കംബോഡിയ. ആദ്യ മൂന്നു പന്തുകളിൽ തന്നെ കംബോഡിയൻ ബാറ്റർമാരായ ഷാ അബ്രാർ ഹുസൈൻ (37), നിർമൽജിത് സിങ് (0), ചന്തൂൺ രത്തനാക് (0) എന്നിവരെ പുറത്താക്കി ഗെഡെ പ്രിയന്ദന ഹാട്രിക് പൂർത്തിയാക്കി.
നാലാം പന്ത് ഡോട്ട് ബോളായി. അഞ്ചാം പന്തിൽ മോങ്ദാര സോക്കിനെയും (0) ആറാം പന്തിൽ പെൽ വന്നക്കിനെയും (0) പുറത്താക്കിയതോടെ ഗെഡെ പ്രിയന്ദന അഞ്ച് വിക്കറ്റ് പൂർത്തിയാക്കി. കംബോഡിയ 107 റൺസിന് ഓൾഔട്ടാകുകയും ചെയ്തു. ഇന്തൊനീഷ്യയ്ക്ക് 60 റൺസിന്റെ മിന്നും ജയം. മത്സരത്തിൽ ആകെ ഒരോവർ മാത്രമാണ് ഗെഡെ എറിഞ്ഞത്. ഒരു റൺ മാത്രം വിട്ടുകൊടുത്താണ് അഞ്ച് വിക്കറ്റ് നേട്ടം. ആറാം പന്ത് വൈഡ് ആയതോടെയാണ് ഒരു എക്സ്ട്രാ റണ്‍ പിറന്നത്. W, W, W, 0, W, 1w, W എന്നാണ് ഗെഡെയുടെ ബോളിങ് ഫിഗർ.
ആദ്യം ബാറ്റു ചെയ്ത ഇന്തൊനീഷ്യ, 68 പന്തിൽ 110 റൺസെടുത്ത, വിക്കറ്റ് കീപ്പർ ധർമ കേശുമയുടെ ബാറ്റിങ് കരുത്തിലാണ് മികച്ച സ്കോർ നേടിയത്. ഓപ്പണായി ഇറങ്ങിയ ഗെഡെ പ്രിയന്ദന 11 പന്തിൽ ആറു റൺസെടുത്ത് പുറത്തായിരുന്നു. സ്പെഷലിസ്റ്റ് ബാറ്ററായ ഗെഡെ, പിന്നീട് ബോളിങ്ങിൽ വിസ്മയമാകുകയായിരുന്നു.
English Summary:








English (US) ·