എറിഞ്ഞത് ഒരോവർ; വിട്ടുകൊടുത്തത് 2 റൺസ്, വീഴ്ത്തിയത് 2 വിക്കറ്റ്: ശ്രീശാന്തിന്റെ കിടിലൻ ബോളിങ്; കളിയിലെ താരം– വിഡിയോ

1 month ago 3

മനോരമ ലേഖകൻ

Published: November 22, 2025 10:46 PM IST

1 minute Read

X/@FanCode)
അബുദാബി ടി10 ക്രിക്കറ്റ് ലീഗിൽ ആസ്പിന്‍ സ്റ്റാലിയന്‍സിനെതിരായ മത്സരത്തിൽ വിസ്ത റൈഡേഴ്സ് ക്യാപ്റ്റനായ എസ്.ശ്രീശാന്തിന്റെ ബോളിങ്. (ചിത്രം:X/@FanCode)

അബുദാബി ∙ അബുദാബി ടി10 ക്രിക്കറ്റ് ലീഗിൽ മിന്നും പ്രകടനവുമായി മുൻ ഇന്ത്യൻ താരവും മലയാളിയുമായ എസ്.ശ്രീശാന്ത്. ലീഗിൽ വിസ്ത റൈഡേഴ്സ് ക്യാപ്റ്റനായ ശ്രീശാന്ത്, ആസ്പിന്‍ സ്റ്റാലിയന്‍സിനെതിരായ മത്സരത്തിലാണ് രണ്ടു വിക്കറ്റ് വീഴ്ത്തി തിളങ്ങിയത്. ആറു റൺസിന് വിസ്ത റൈഡേഴ്സ് വിജയിച്ച മത്സരത്തിൽ ശ്രീശാന്ത് തന്നെയാണ് പ്ലെയർ ഓഫ് ദ് മാച്ചും.

മത്സരത്തിൽ ടോസ് നേടിയ വിസ്ത റൈഡേഴ്സ്, ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത പത്ത് ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 84 റൺസാണ് വിസ്ത കുറിച്ചത്. 29 റൺസ് നേടി ദക്ഷിണാഫ്രിക്കൻ താരം ഡ്വെയ്ൻ പ്രിട്ടോറിയസ് ടോപ് സ്കോററായപ്പോൾ, ഫാഫ് ഡുപ്ലെസിസ്, ഉൻമുക്ത് ചന്ദ് എന്നിവർ 13 റൺസ് വീതം നേടി. ആസ്പിന്‍ സ്റ്റാലിയൻസിനായി സോഹൈർ ഇക്ബാൽ മൂന്നു വിക്കറ്റും ബിനുറ ഫെർണാണ്ടോ, ആഷ്മീദ് നെദ് എന്നിവർ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി.

മറുപടി ബാറ്റിങ്ങിൽ 85 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ആസ്പിന്റെ ഇന്നിങ്സ്, 10 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 78 റൺസിൽ അവസാനിച്ചു. ഇന്നിങ്സിലെ ആദ്യ പന്തിൽ തന്നെ ഓപ്പണർ, റഹ്മാനുള്ള ഗുർബാസിനെ ഗോൾഡൻ ഡക്കായി മടക്കിയ ശ്രീശാന്ത്, നാലാം പന്തിൽ അവ്ഷിക ഫെര്‍ണാണ്ടോയെ വിക്കറ്റിനു മുന്നിൽ കുരുക്കുകയും ചെയ്തു. ഇതോടെ അക്കൗണ്ട് പോലും തുറക്കും മുൻപ് ആസ്പിന് രണ്ടു വിക്കറ്റ് നഷ്ടമായി. ഒരോവർ മാത്രം എറിഞ്ഞ ശ്രീശാന്ത്, വെറും രണ്ടു റൺസ് മാത്രം വിട്ടുകൊടുത്താണ് രണ്ടു വിക്കറ്റ് വീഴ്ത്തിയത്.

ബെൻ കട്ടിങ് (35), ല്യൂസ് ഡു പ്ലൂയി (14) എന്നിവർ ആസ്പിന്‍ സ്റ്റാലിയന്‍സിനായി പൊരുതിയെങ്കിലും വിജയത്തിലെത്തിക്കാനായില്ല. മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്ങാണ് ആസ്പിൻ സ്റ്റാലിയൻസിന്റെ ക്യാപ്റ്റൻ. വിസ്ത റൈഡേഴ്സിനായി ആൻഡ്രൂ ടൈ രണ്ടു വിക്കറ്റും അവായിസ് അഹമ്മദ്, ധനഞ്ജയ ലക്ഷൻ, ഷറഫുദ്ദീൻ അഷ്‌റഫ് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

മൂന്നു മത്സരങ്ങളിൽനിന്ന് രണ്ടു ജയമുള്ള വിസ്ത, പോയിന്റ് ടേബിളിൽ നാലാം സ്ഥാനത്താണ്. ആസ്പിന്‍ സ്റ്റാലിയന്‍സ് ആറാം സ്ഥാനത്താണ്. ആകെ എട്ടു ടീമുകൾ മാറ്റുരയ്ക്കുന്ന അബുദാബി ടി10 ലീഗ് ഈ മാസം 18 മുതൽ 30 വരെയാണ്.

English Summary:

Sreesanth shines successful Abu Dhabi T10 League with a stellar performance. The erstwhile Indian subordinate took 2 wickets for Vista Riders against Aspin Stallion, earning the Player of the Match grant and contributing to his team's victory.

Read Entire Article