Published: July 28 , 2025 10:26 PM IST
1 minute Read
മാഞ്ചസ്റ്റർ∙ ഇന്ത്യയ്‌ക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ അവസാന ദിനം നാടകീയമാക്കിയ ‘ഹസ്തദാന വിവാദ’ത്തിനു മുൻപ്, ഇന്ത്യൻ താരങ്ങളുടെ പ്രതിരോധക്കോട്ട പൊളിക്കാനാകാതെ ഉഴറിയ ഇംഗ്ലിഷ് താരങ്ങൾ പന്തിൽ കൃത്രിമം കാട്ടാൻ ശ്രമിച്ചെന്ന് ആരോപണം. പഴക്കമേറിയതോടെ കാഠിന്യം നഷ്ടമായ പന്ത് ഇന്ത്യൻ താരങ്ങൾ അനായാസം നേരിട്ടതോടെ, പിച്ചിന്റെ വശത്തേക്ക് എറിഞ്ഞ് പന്തിന് ‘പരുക്കേൽപ്പിക്കാൻ’ ശ്രമിച്ച ഇംഗ്ലണ്ട് താരം സാക് ക്രൗലിക്ക് അംപയർ താക്കീത് നൽകുകയും ചെയ്തു. ഇതിനു പുറമേ, ഇംഗ്ലിഷ് താരം ബ്രൈഡൻ കാഴ്സ് പന്തിൽ ഷൂവിട്ട് ചവിട്ടുന്ന ദൃശ്യങ്ങളും വിവാദമായി. പന്തിൽ കൃത്രിമം കാട്ടാനുള്ള ശ്രമത്തിന്റെ ഭാഗമാണ് കാഴ്സിന്റെ നടപടിയെന്നാണ് വിമർശനം.
നാലാം ടെസ്റ്റിൽ 311 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് വഴങ്ങിയതിനു പിന്നാലെ അക്കൗണ്ട് തുറക്കും മുൻപേ രണ്ടു വിക്കറ്റും നഷ്ടമാക്കിയ ഇന്ത്യ, ഒരു ഘട്ടത്തിൽ ഇന്നിങ്സ് തോൽവിയുടെ വക്കിലായിരുന്നു. എന്നാൽ തകർപ്പൻ സെഞ്ചറികളുമായി ക്യാപ്റ്റൻ ശുഭ്മൻ ഗിൽ (103), രവീന്ദ്ര ജഡേജ (107*), കന്നി സെഞ്ചറിയുമായി വാഷിങ്ടൻ സുന്ദർ (101*) എന്നിവരും സെഞ്ചറിക്കരികിലെത്തിയ പ്രകടനവുമായി ഓപ്പണർ കെ.എൽ. രാഹുലും (90) തിളങ്ങിയതോടെ ഇന്ത്യ സമനില പിടിച്ചുവാങ്ങുകയായിരുന്നു.
രണ്ടാം ഇന്നിങ്സിൽ ഇംഗ്ലിഷ് താരങ്ങൾ എറിഞ്ഞത് 143 ഓവറുകളാണ്. വീഴ്ത്താനായത് നാലു വിക്കറ്റും. അവസാന ദിനം ഇംഗ്ലണ്ടിന് ലഭിച്ചത് ആകെ 2 വിക്കറ്റുകളാണ്. മൂന്നാം വിക്കറ്റിൽ രാഹുൽ – ഗിൽ സഖ്യത്തിന്റെ സെഞ്ചറി കൂട്ടുകെട്ടും, പിരിയാത്ത അഞ്ചാം വിക്കറ്റിൽ സുന്ദർ – ജഡേജ സഖ്യത്തിന്റെ ഇരട്ടസെഞ്ചറി കൂട്ടുകെട്ടുമാണ് ഇന്ത്യയ്‌ക്ക് സമനില സമ്മാനിച്ചത്.
മത്സരത്തിന്റെ നാലാം ദിനത്തിലും അഞ്ചാം ദിനത്തിലുമായി ബോൾ ചെയ്ത കുഴങ്ങിയതോടെയാണ്, ഇംഗ്ലിഷ് താരങ്ങൾ ദുരൂഹമായ പ്രവൃത്തികൾക്കു മുതിർന്നത്. ഇന്ത്യയുടെ രണ്ടാം ഇന്നിങ്സിലെ 12–ാം ഓവറിലാണ് ബ്രൈഡൻ കാഴ്സ് പന്തിൽ ഷൂവിട്ട് ചവിട്ടിയത്. ഈ ഓവറിൽ കാഴ്സിനെതിരെ ഗിൽ തുടർച്ചയായി ബൗണ്ടറി നേടിയിരുന്നു. ഇതിനിടെയാണ് പന്തിൽ ദുരൂഹമായ രീതിയിൽ കാഴ്സ് ചവിട്ടുന്ന ദൃശ്യങ്ങൾ പുറത്തുവന്നത്. കാഴ്സ് മനഃപൂർവം പന്തിൽ ചവിട്ടിയതായിട്ടാണ് അനുഭവപ്പെട്ടതെന്ന് മുൻ ഓസീസ് ക്യാപ്റ്റൻ റിക്കി പോണ്ടിങ് പ്രതികരിക്കുകയും ചെയ്തു.
ഇതിനു പിന്നാലെ അവസാന ദിനത്തിലാണ് പന്ത് പഴകി സോഫ്റ്റായി മാറിയതോടെ, കാഠിന്യം കൂട്ടാനുള്ള ശ്രമവുമായി സാക് ക്രൗലി രംഗത്തെത്തിയത്. ജഡേജയും വാഷിങ്ടൻ സുന്ദറും ചേർന്നുള്ള കൂട്ടുകെട്ട് ഇംഗ്ലിഷ് ബോളർമാരുടെ ക്ഷമ പരീക്ഷിക്കുന്നതിനിടെ, 122–ാം ഓവറിലാണ് ക്രൗലി സാഹസത്തിന് മുതിർന്നത്. ലിയാം ഡേവ്സന്റെ പന്തിൽ ജഡേജയും സുന്ദറും സിംഗിൾ നേടുന്നതിനിടെ, പന്ത് സ്റ്റംപിലേക്ക് ലക്ഷ്യം വയ്ക്കുന്നതിനു പകരം പിച്ചിന്റെ സൈഡിലേക്ക് ക്രൗലി ബോധപൂർവം എറിയുകയായിരുന്നു. പിച്ചിന്റെ വശത്തെ പരുക്കൻ പ്രതലത്തിൽ പൊടി പറത്തിയാണ് പന്ത് വിക്കറ്റ് കീപ്പറിന്റെ കൈകളിലെത്തിയത്. ഇത്തരം ത്രോകൾ ഒഴിവാക്കണമെന്ന് ഉടൻതന്നെ അംപയർ ക്രൗലിക്ക് താക്കീതു നൽകുകയും ചെയ്തു. പന്തിൽ വ്യത്യാസം വരുത്താനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു ആ ആ ത്രോയെന്ന് മുൻ ഇംഗ്ലണ്ട് നായകൻ നാസർ ഹുസയ്നും ചൂണ്ടിക്കാട്ടിയിരുന്നു.
English Summary:








English (US) ·