Published: December 09, 2025 09:00 PM IST
1 minute Read
മുംബൈ∙ കാമുകി മഹിക ശർമയുടെ ചിത്രങ്ങൾ പകർത്തിയ പാപ്പരാസികൾക്കെതിരെ രൂക്ഷവിമർശനവുമായി ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യ. ചിത്രങ്ങൾ പകർത്തിയ ചിലർ മഹികയോടു ബഹുമാനമില്ലാതെയാണു പെരുമാറിയതെന്നു പാണ്ഡ്യ സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കി. ഇങ്ങനെയൊരു ജീവിതം സ്വയം തിരഞ്ഞെടുത്തതാണെന്നും എന്നാൽ ഇത്തരം നടപടികൾ അതിരുവിടുന്നതാണെന്നും പാണ്ഡ്യ തുറന്നടിച്ചു.
‘‘ഇങ്ങനെയൊരു ജീവിതത്തിൽ ആളുകള്‍ ശ്രദ്ധിക്കുമെന്നും വിലയിരുത്തുമെന്നും എനിക്കു നന്നായി അറിയാം. ഞാൻ തിരഞ്ഞെടുത്ത ജീവിതത്തിന്റെ ഭാഗമാണത്. എന്നാൽ ഇന്നു നടന്ന കാര്യം അതിരുകടന്നുപോയി. മഹിക ബാന്ദ്രയിലെ ഒരു റസ്റ്ററന്റിൽനിന്ന് ഇറങ്ങി വരുമ്പോൾ പാപ്പരാസികൾ വളരെ മോശം രീതിയിൽ അവരെ ചിത്രീകരിച്ചു. ഒരു സ്ത്രീയെയും അങ്ങനെ പകർത്തരുത്. ഒരു സ്വകാര്യ നിമിഷത്തെ ചീഫ് സെന്‍സേഷനലിസമാക്കി മാറ്റി. ആര് എന്ത് പകർത്തി എന്നതല്ല, അടിസ്ഥാനപരമായ ബഹുമാനമാണ് ഇവിടെ വിഷയം.’’
‘‘എല്ലാ നിമിഷങ്ങളും ആംഗിളുകളും പകര്‍ത്തേണ്ടവയല്ല. കുറച്ചുകൂടി മനുഷ്യത്വത്തോടെ പെരുമാറുക.’’– പാണ്ഡ്യ സമൂഹമാധ്യമത്തിൽ കുറിച്ചു. സെർബിയൻ മോഡലായ നടാഷ സ്റ്റാന്‍കോവിച്ചുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്തിയ ശേഷമാണ് ഹാർദിക് പാണ്ഡ്യ മഹിക ശർമയുമായി അടുത്തത്.
മോഡലും യോഗ ട്രെയിനറുമായുള്ള അടുപ്പം ഇന്ത്യൻ ക്രിക്കറ്റ് താരം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. പാണ്ഡ്യയും മഹികയും ഉടൻ വിവാഹിതരാകുമെന്ന് നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും മഹിക വിവാഹ അഭ്യൂങ്ങൾ തള്ളിയിരുന്നു. പാണ്ഡ്യയുടെ മകൻ അഗസ്ത്യ നടാഷ സ്റ്റാൻകോവിച്ചിനൊപ്പമാണു താമസിക്കുന്നത്.
English Summary:








English (US) ·