17 August 2025, 03:01 PM IST

ഗൗതം ഗംഭീർ | AFP
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റില്‍ കൂടുതല്‍ പരിഷ്‌കാരങ്ങള്‍ നടപ്പാക്കാന്‍ പരിശീലകന്‍ ഗൗതം ഗംഭീര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. എല്ലാ ഫോര്‍മാറ്റിലുമായി ഒരു നായകനെ കൊണ്ടുവരാനും ടി20 ടീമിനെ അടിമുടി പൊളിച്ചെഴുതാനും പരിശീലകന്‍ തയ്യാറെടുക്കുന്നതായി ടൈംസ് ഓഫ് ഇന്ത്യ ആണ് റിപ്പോര്‍ട്ട് ചെയ്തത്.
ഇംഗ്ലണ്ടിനെതിരായ പര്യടനത്തിന് പിന്നാലെ ടി20 ഫോര്‍മാറ്റില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് മാനേജ്‌മെന്റ്. കാലത്തിനൊത്ത് ടീം മാറ്റത്തിന് തയ്യാറാവുന്നില്ലെന്ന വിമര്‍ശനങ്ങള്‍ ശക്തമായതിനു പിന്നാലെയാണ് പരിശീലകന്റെ നീക്കമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എല്ലാ ഫോര്‍മാറ്റിലുമായി ഒരു നായകനെ കൊണ്ടുവരുന്ന രീതി സ്വീകരിക്കാനും ടി20 ടീമില്‍ കൂടുതല്‍ ഇടപെടലുകള്‍ നടത്താനുമാണ് പദ്ധതി. ടി20 സ്‌പെഷ്യലിസ്റ്റ് ഗണത്തില്‍ കണക്കാക്കാവുന്ന താരങ്ങളെ പ്രത്യേകമായി കണ്ടെത്തി ടിമിലുള്‍പ്പെടുത്തും.
അതിനു പുറമേ ഒരു ഫിനിഷര്‍ റോളില്‍ താരങ്ങളെ ഒതുക്കാതെ കഴിവ് അനുസരിച്ച് വിവിധ റോളുകള്‍ നിശ്ചയിക്കും. ശിവം ദുബൈയെ ഫിനിഷിങ് റോളില്‍ തളച്ചിടാതെ മുന്‍നിര ബാറ്റിങ് ഓര്‍ഡറില്‍ ഇറക്കാനും ആലോചിക്കുന്നുണ്ട്. ഓപ്പണര്‍മാര്‍ മികച്ച തുടക്കം സമ്മാനിച്ചാല്‍ താരത്തെ വേഗം കളത്തിലിറക്കാനും പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
അടുത്തമാസം നടക്കുന്ന ഏഷ്യാകപ്പില്‍ സൂര്യകുമാര്‍ യാദവ് തന്നെ ടീമിനെ നയിക്കാനാണ് സാധ്യത. ശുഭ്മാന്‍ ഗില്‍ ടീമിലുണ്ടാകുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. സഞ്ജുവും അഭിഷേക് ശര്‍മയും ഓപ്പണിങ് റോളുകളില്‍ തന്നെ കളിച്ചേക്കും. എന്നാല്‍ ഗില്ലിനെ ടീമിലെടുത്താല്‍ ഇത് മാറിയേക്കും.
Content Highlights: Gautam Gambhir Eyes Huge Changes In T20I Team








English (US) ·