അറിഞ്ഞോ അറിയാതെയോ നേരിട്ട അവഗണനകളുടെയും അടുക്കുംതോറും അകന്നുപോയ അംഗീകാരങ്ങളുടെയും ആകെത്തുകയാണ് അമോൽ മജുംദാർ എന്ന അൻപതുകാരന്റെ ജീവിതം. അർഹത ആവോളമുണ്ടായിട്ടും ഒരിക്കൽപ്പോലും ഇന്ത്യൻ ടീമിൽ അദ്ദേഹത്തിന് ഇടം കിട്ടിയില്ല. എന്നാൽ, ഞായറാഴ്ച അർധരാത്രി നവി മുംബൈയിലെ ഡിവൈ പാട്ടിൽ സ്റ്റേഡിയം നീലക്കടലായപ്പോൾ അതിന്റെ അമരത്ത് അമോൽ മജുംദാറും ഉണ്ടായിരുന്നു; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിനെ ലോകകപ്പ് ജേതാക്കളാക്കിയ ആദ്യ പരിശീലകൻ എന്ന പെരുമയുമായി.
സച്ചിനും കാംബ്ലിയും പിന്നെ മജുംദാറും
ലോക ക്രിക്കറ്റിന്റെ നെറുകയിലേക്ക് സച്ചിൻ തെൻഡുൽക്കർ നടന്നുകയറിയപ്പോൾ അതിന് ആദ്യമായി വിളനിലം ഒരുക്കിയത് 1988ൽ മുംബൈയിൽ നടന്ന ഹാരിസ് ഷീൽഡ് ക്രിക്കറ്റ് ടൂർണമെന്റായിരുന്നു. അന്ന് വിനോദ് കാംബ്ലിക്കൊപ്പം 664 റൺസ് കൂട്ടുകെട്ട് സൃഷ്ടിച്ച സച്ചിൻ, ആഭ്യന്തര ക്രിക്കറ്റിൽ തന്റെ വരവറിയിച്ചു. 2 ദിവസം തുടർച്ചയായി ബാറ്റ് ചെയ്ത് സച്ചിനും കാംബ്ലിയും അന്ന് റെക്കോർഡിട്ടപ്പോൾ ഡ്രസിങ് റൂമിൽ പാഡും ഹെൽമറ്റും ധരിച്ച് ഒരു പതിമൂന്നുകാരൻ തന്റെ അവസരത്തിനായി കാത്തിരിപ്പുണ്ടായിരുന്നു; അമോൽ മജുംദാർ.
സച്ചിൻ– കാംബ്ലി കൂട്ടുകെട്ടോടെ ശാരദാശ്രം വിദ്യാമന്ദിർ സ്കൂൾ തങ്ങളുടെ ഇന്നിങ്സ് അവസാനിപ്പിച്ചപ്പോൾ ബാറ്റിങ്ങിന് അവസരം ലഭിക്കാതെ മജുംദാറിനു മടങ്ങേണ്ടിവന്നു. അർഹതപ്പെട്ട അംഗീകാരങ്ങൾ അപഹരിക്കപ്പെടുന്നത് അന്നുമുതൽ അമോൽ മജുംദാറിന്റെ ജീവിതത്തിൽ പതിവായി!
രഞ്ജിയിലെ രാജ
സച്ചിനെയും കാംബ്ലിയെയും പോലെ രമാകാന്ത് അഛരേക്കറുടെ ശിക്ഷണത്തിലാണ് മജുംദാറും വളർന്നത്. സച്ചിനും കാംബ്ലിയും ആഭ്യന്തര ക്രിക്കറ്റിൽ നിന്ന് രാജ്യാന്തര വേദികളിലേക്കു ചുവടുമാറിയപ്പോൾ മുംബൈ ക്രിക്കറ്റിന്റെ കടിഞ്ഞാൺ അമോൽ മജുംദാറിന്റെ കൈകളിലേക്ക് വന്നെത്തി. 1993ൽ രഞ്ജി ട്രോഫി അരങ്ങേറ്റ മത്സരത്തിൽ 260 റൺസ് അടിച്ചെടുത്ത മജുംദാർ, ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ തന്റെ അരങ്ങേറ്റം ഗംഭീരമാക്കി.
രഞ്ജി അരങ്ങേറ്റ മത്സരത്തിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ എന്ന റെക്കോർഡും അന്ന് മജുംദാറിനു സ്വന്തമായി. 25 വർഷത്തോളം ആ റെക്കോർഡ് ഇളക്കംതട്ടാതെ നിന്നു. മുംബൈ ടീമിനൊപ്പം 8 രഞ്ജി ട്രോഫി കിരീടങ്ങൾ നേടിയ മജുംദാർ, ക്യാപ്റ്റൻ എന്ന നിലയിലും ടീമിനു കിരീടം നേടിക്കൊടുത്തു. ആഭ്യന്തര ടൂർണമെന്റുകളിലെ മിന്നും പ്രകടനത്തിനു പിന്നാലെ ‘അടുത്ത സച്ചിൻ’ എന്ന് ക്രിക്കറ്റ് ലോകം അദ്ദേഹത്തെ വാഴ്ത്തിയെങ്കിലും ദേശീയ ടീമിലേക്കുള്ള വിളി മാത്രം അകന്നുനിന്നു.
മടുപ്പും മടക്കവും
മികവിന്റെ കൊടുമുടി കയറിയിട്ടും ഇന്ത്യൻ ടീമിൽനിന്ന് തുടർച്ചയായി തഴയപ്പെട്ടതിന്റെ നിരാശയെത്തുടർന്ന് 2004ൽ ക്രിക്കറ്റ് കരിയർ തന്നെ മതിയാക്കാൻ മജുംദാർ ആലോചിച്ചിരുന്നു. എന്നാൽ വീട്ടുകാരുടെയും സുഹൃത്തുകളുടെയും നിർബന്ധപ്രകാരം അദ്ദേഹം ക്രിക്കറ്റിൽ തുടർന്നു. 2009വരെ മുംബൈ ടീമിൽ തുടർന്ന മജുംദാർ പിന്നീട് അസമിലേക്കും ആന്ധ്രപ്രദേശ് ടീമിലേക്കും ചുവടുമാറി. 2014ൽ പ്രഫഷനൽ ക്രിക്കറ്റിൽ നിന്നു വിരമിക്കുമ്പോൾ 171 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്നായി 48.13 ശരാശരിയിൽ 30 സെഞ്ചറികളടക്കം 11,167 റൺസായിരുന്നു മജുംദാറിന്റെ സമ്പാദ്യം.
പരിശീലകനാകുന്നു...
ജൂനിയർ ടീമുകളുടെ ചുമതലയേറ്റെടുത്താണ് മജുംദാർ കോച്ചിങ് കരിയർ തുടങ്ങിയത്. പിന്നീട് വിവിധ രാജ്യാന്തര ടീമുകളുടെ ബാറ്റിങ് കൺസൽറ്റന്റായി പ്രവർത്തിച്ച ശേഷം 2018ൽ ഐപിഎൽ ടീം രാജസ്ഥാൻ റോയൽസിന്റെ ബാറ്റിങ് കോച്ചായി. 2023ൽ ഇന്ത്യൻ വനിതാ ടീമിന്റെ മുഖ്യ പരിശീലകനായി നിയമനം. ഒരു രാജ്യാന്തര മത്സരം പോലും കളിച്ചിട്ടില്ലാത്ത ഒരാളെ ദേശീയ ടീമിന്റെ പരിശീലകനായി നിയമിച്ചതിനെതിരെ വ്യാപക വിമർശനം ഉയർന്നു. അപ്പോഴെല്ലാം മജുംദാർ മൗനം പാലിച്ചു. രണ്ടുവർഷത്തിനു ശേഷം വനിതാ ലോകകിരീടത്തിൽ ടീം ഇന്ത്യയുടെ കന്നി മുത്തം വീഴുമ്പോൾ മജുംദാർ പറയാതെ പറയുന്നു; അർഹതപ്പെട്ട അംഗീകാരം നിങ്ങളെ തേടിവരും, അൽപം വൈകിയാണെങ്കിലും.
English Summary:








English (US) ·