Published: January 19, 2026 09:56 AM IST
1 minute Read
ഇൻഡോർ ∙ വൈറ്റ് ബോൾ ക്രിക്കറ്റിൽ ഇന്ത്യൻ ടീമിലെ സ്ഥിരമംഗമാണ് ഇപ്പോൾ ഹർഷിത് റാണ. തുടക്കത്തിൽ, ഹർഷിതിനെ ടീമിൽ ഉൾപ്പെടുത്തുന്നതിൽ വ്യാപക വിമർശനമാണ് ഉയർന്നിരുന്നത്. മുഖ്യ പരിശീലകൻ ഗൗതം ഗംഭീറിന്റെ പ്രത്യേക പരിഗണനയിലാണ് താരം ടീമിലെത്തിയതെന്നായിരുന്നു വിമർശനം. ഐപിഎലിൽ ഗംഭീർ കോച്ചായിരുന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമംഗമാണ് ഹർഷിത് റാണ. ആഭ്യന്തര ക്രിക്കറ്റിലും ഗംഭീർ കളിച്ചിരുന്ന ഡൽഹി ടീമിലെ താരമാണ് ഹർഷിത്. തുടർച്ചയായി ടീമിൽ ഉൾപ്പെട്ടിട്ടും ശരാശരി പ്രകടനം മാത്രം നടത്തുന്നതും ഹർഷിതിന് തിരിച്ചടിയായി.
എന്നാൽ കഴിഞ്ഞ വർഷം അവസാനം നടന്ന ഓസ്ട്രേലിയൻ പര്യടനത്തിൽ മിന്നും പ്രകടനം നടത്തിയാണ് താരം വിമർശകരുടെ വായ് അടപ്പിച്ചത്. രണ്ടാം ഏകദിനത്തിൽ രണ്ടു വിക്കറ്റ് വീഴ്ത്തിയ ഹർഷിത്, മൂന്നാം ഏകദിനത്തിൽ നാലു വിക്കറ്റ് വീഴ്ത്തി. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലും താരം മോശമാക്കിയില്ല. എന്നാൽ ഓൾറൗണ്ടർ എന്ന ലേബലിൽ ടീമിലെത്തിയ താരത്തിന് ബാറ്റിങ്ങിൽ കാര്യമായ പ്രകടനം നടത്താൻ സാധിച്ചിരുന്നില്ല. ടീമിന്റെ ബാറ്റിങ് കരുത്ത് വർധിപ്പിക്കുന്നതിനു വേണ്ടിയാണ് ഹർഷിതിനെ പോലെ ഒരു താരത്തെ ടീമിലുൾപ്പെടുത്തുന്നതെന്നായിരുന്നു ഗംഭീറിന്റെ വിശദീകരണം.
ഇതു തെളിയിക്കാനുള്ള അവസരമാണ് ന്യൂസീലൻഡിനെതിരായ ഏകദിന പരമ്പരയിൽ ഹർഷിത് റാണയ്ക്കു ലഭിച്ചത്. പരമ്പരയിൽ ഇന്ത്യ വിജയിച്ചു ഏക മത്സരമായ ആദ്യ ഏകദിനത്തിൽ, ഇന്ത്യയുടെ ചേസിങ്ങിൽ നിർണായകമായ ഇന്നിങ്സിലൊന്ന് ഹർഷിതിന്റേതായിരുന്നു. 23 പന്തിൽ 29 റൺസെടുത്ത താരമാണ് ഇന്ത്യയുടെ ജയം എളുപ്പമാക്കിയത്. ഒരു സിക്സും രണ്ടു ഫോറും പായിച്ച താരം, കെ.എൽ.രാഹുലിനൊപ്പം ആറാം വിക്കറ്റിൽ 37 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കുകയും ചെയ്തു.
അവസാന ഏകദിനത്തിൽ ഇന്ത്യ തോറ്റെങ്കിലും കരിയറിലെ ആദ്യ അർധസെഞ്ചറിയുമായാണ് ഹർഷിത് കളം നിറഞ്ഞത്. തോൽവി ഉറപ്പിച്ചിരുന്ന ഇന്ത്യയ്ക്ക്, ഒരു ഘട്ടത്തിൽ നേരിയ പ്രതീക്ഷയെങ്കിലും നൽകിയത് ഏഴാം വിക്കറ്റിൽ കോലിയുമായി ചേർന്ന് 99 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ഹർഷിതിന്റെ ഇന്നിങ്സാണ്. 43 പന്തിൽ 52 റൺസെടുത്ത താരം, നാല് സിക്സും നാലു ഫോറുമാണ് പായിച്ചത്.
ഹർഷിതിന്റെ ഈ തിരിച്ചുവരവിനു പിന്നാലെ കഴിഞ്ഞ ദിവസം ഹർഷിത് നൽകിയ ഒരു അഭിമുഖത്തിലെ ഭാഗങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. കരിയറിന്റെ തുടക്കത്തിൽ നടത്തേണ്ടി വന്ന പോരാട്ടങ്ങൾ കണക്കിലെടുക്കുമ്പോൾ, പരാജയങ്ങൾ കൈകാര്യം ചെയ്യുന്നത് ഇപ്പോൾ തനിക്ക് എളുപ്പമാണെന്ന് 24 വയസ്സുകാരനായ താരം പറഞ്ഞു. ചെറുപ്പത്തിൽ പരാജയങ്ങൾക്ക് നേരിടുമ്പോൾ പിതാവിന്റെ മുന്നിൽ പോലും താൻ പലപ്പോഴും കരയുമായിരുന്നെന്ന് ഹർഷിത് വെളിപ്പെടുത്തി.
‘‘പരാജയം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് എനിക്കിപ്പോൾ അറിയാം. സെലക്ടാകാതിരുന്ന ആ 10 വർഷങ്ങൾ ഞാൻ കണ്ടിട്ടുണ്ട്. ഞാൻ ട്രയൽസിന് പോകുമായിരുന്നു, പക്ഷേ എന്റെ പേര് ഒരിക്കലും വരില്ലായിരുന്നു. ഞാൻ തിരിച്ചുവന്ന് എല്ലാ ദിവസവും എന്റെ അച്ഛന്റെ മുന്നിൽ കരയും. ഇപ്പോൾ, ആ പരാജയഘട്ടം അവസാനിച്ചെന്ന് എനിക്ക് തോന്നുന്നു. എന്തു വന്നാലും എനിക്ക് അത് കൈകാര്യം ചെയ്യാൻ കഴിയും. ഞാൻ എല്ലാ ഉപേക്ഷിച്ചിരുന്നു, പക്ഷേ എന്റെ അച്ഛൻ അക്ഷരാർഥത്തിൽ എനിക്കു പ്രചോദനം നൽകി.’’– ഒരു പോഡ്കാസ്റ്റിൽ ഹർഷിത് പറഞ്ഞു. അടുത്ത മാസം ആരംഭിക്കുന്ന ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലും ഹർഷിത് റാണ അംഗമാണ്.
English Summary:








English (US) ·