Published: November 18, 2025 10:45 AM IST
1 minute Read
കൊൽക്കത്ത∙ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ആദ്യ ടെസ്റ്റിലെ ദയനീയ തോൽവിക്കു പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെതിരെ എല്ലാ കോണുകളിൽനിന്നും കടുത്ത വിമർശനമാണ് ഉയരുന്നത്. സ്പിൻ പിച്ചിൽ ഇന്ത്യൻ ബാറ്റർമാരുടെ പ്രതിരോധം പാളിയതാണ് മത്സരം തോൽക്കാൻ കാരണമെന്ന് എല്ലാവരും വിലയിരുത്തുന്നു. 124 റൺസിന്റെ എത്തിപ്പിടിക്കാവുന്ന വിജയലക്ഷ്യം മുന്നിൽനിൽക്കെ, 93 റൺസിൽ ഇന്ത്യ തകർന്നടിയുകയായിരുന്നു. ഒന്നാം ഇന്നിങ്സിൽ 30 റൺസിന്റെ ലീഡോടെ മത്സരത്തിൽ മേൽക്കൈ നേടിയ ഇന്ത്യയുടെ തോൽവിയും അതേ മാർജിനിലാണ്. ഇന്ത്യൻ സ്പിന്നർമാർ ഉഴുതു മറിച്ചിട്ട പിച്ചിൽനിന്ന് 4 വിക്കറ്റ് നേടിയ ഓഫ് സ്പിന്നർ സിമോൺ ഹാമറാണ് ആതിഥേയരുടെ പ്രതീക്ഷകൾ കെടുത്തിയത്.
ഇതിനിടെ, ഇന്ത്യൻ ടീമിൽ നിലനിൽക്കുന്ന അരക്ഷിതാവസ്ഥയെക്കുറിച്ച് ആഞ്ഞടിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. ഈ ടീമിൽ വളരെയധികം ആശയക്കുഴപ്പമുണ്ടെന്നും കളിക്കാർക്ക് ആത്മവിശ്വാസക്കുറവുണ്ടെന്നും കൈഫ് പറഞ്ഞു. താരങ്ങൾക്ക് അൽപം അരക്ഷിതാവസ്ഥയും നേതൃത്വത്തിന്റെ അഭാവവുമുണ്ടെന്നും കൈഫ് തന്റെ യുട്യൂബ് ചാനലിൽ പറഞ്ഞു.
‘‘ഒരു താരങ്ങൾക്കും ആരെങ്കിലും തങ്ങൾക്കുവേണ്ടി നിലകൊള്ളുന്നുണ്ടെന്ന വിശ്വാസമില്ല. ഒരു പിന്തുണയുമില്ല; എല്ലാവരും ഭയത്തോടെയാണ് കളിക്കുന്നത്. ആരും സ്വാതന്ത്ര്യത്തോടെ കളിക്കുന്നില്ല. സെഞ്ചറി നേടിയതിന് ശേഷവും സർഫറാസ് ഖാന്റെ സ്ഥാനത്തിന് ഉറപ്പില്ല. 100 റൺസ് നേടിയതിനുശേഷവും അദ്ദേഹത്തിന് തിരിച്ചുവരവ് നടത്താൻ കഴിയുന്നില്ല. കളിക്കാതെ തന്നെ അദ്ദേഹത്തെ പുറത്താക്കി. സായ് സുദർശൻ 87 റൺസ് നേടി, തുടർന്ന് അടുത്ത ടെസ്റ്റിൽ അവസരം ലഭിച്ചില്ല. ഈ ടീമിൽ വളരെയധികം ആശയക്കുഴപ്പമുണ്ടെന്ന് ഞാൻ കരുതുന്നു.’’– കൈഫ് പറഞ്ഞു.
സ്പിൻ പിച്ചുകളിൽ കളിക്കുമ്പോൾ തയാറെടുപ്പ് ഗൗരവമായി കാണേണ്ടതുണ്ടെന്നും കൈഫ് കൂട്ടിച്ചേർത്തു.‘‘ വാഷിങ്ടൻ സുന്ദർ എന്തുകൊണ്ട് നന്നായി കളിച്ചു? അവൻ ചെന്നൈയിൽ നിന്നാണ് വരുന്നത്. ടേണിങ് ട്രാക്കുകളിൽ കളിച്ച് വളർന്ന ആളാണ്. ലെഗ് മൂവ്മെന്റ് എങ്ങനെ വേണമെന്നും ഹാൻഡ് പൊസിഷനുകൾ എങ്ങനെയാവണമെന്നും അവനറിയാം.
സായ് സുദർശനും ചെന്നൈയിൽ നിന്നാണ് വരുന്നത്. മൂന്നാം സ്ഥാനത്ത് സായ് സുദർശനും എട്ടാം സ്ഥാനത്ത് സുന്ദറും ഉണ്ടായിരുന്നെങ്കിൽ, ഈ ടെസ്റ്റ് മത്സരം ജയിക്കുമായിരുന്നു. അവൻ വളരെ നന്നായി സ്പിൻ കളിക്കും. സുദർശൻ ചെന്നൈയിൽ നിന്നാണ് വരുന്നത്. അവൻ ഫോമിലാണ്, 87 റൺസ് നേടി. പക്ഷേ പ്ലെയിങ് ഇലവനിൽ അവൻ ഇല്ല.’’– കൈഫ് പറഞ്ഞു. 22 മുതൽ ഗുവാഹത്തിയിലാണ് രണ്ടാം ടെസ്റ്റ്.
English Summary:








English (US) ·