
നടനും മിമിക്രി താരവുമായ കലാഭവൻ നവാസിന്റെ മൃതദേഹം ആലുവ ചുണങ്ങംവേലിയിലെ വീട്ടിൽ കൊണ്ടുവന്നപ്പോൾ അന്ത്യോപചാരമർപ്പിക്കാനെത്തിയവർ | ഫോട്ടോ: മാതൃഭൂമി
കൊച്ചി: മഴക്കാറ് മൂടിനിന്ന പകലിൽ സ്നേഹത്തിന്റെ കിളിക്കൂട് പോലുള്ള ആ മൺവീട്ടിലേക്ക് അവസാനമായി നവാസെത്തി. ആടും കോഴിയും കിളികളും മരങ്ങളുമൊക്കെയുണ്ടായിരുന്ന ആ മുറ്റം നിറയെ മിഴിനീർ നനവിൽ കാത്തുനിന്നവരിൽ ബന്ധുക്കളും നാട്ടുകാരും സിനിമാക്കാരുമൊക്കെയുണ്ടായിരുന്നു. എല്ലാവർക്കും എപ്പോഴും ചിരിമാത്രം സമ്മാനിച്ചിരുന്ന ആ മനുഷ്യൻ വെള്ള പുതച്ച് ആ മുറ്റത്ത് ഉറങ്ങിക്കിടക്കുമ്പോൾ മിഴിതുടയ്ക്കാതെ ഒരാൾ പോലുമുണ്ടായിരുന്നില്ല. പ്രിയതമയായ രഹ്‌നയും മക്കളായ നഹ്‌റിനും റിഹാനും റിദ്‌വാനുമൊക്കെ പൊട്ടിക്കരയുമ്പോൾ ചേർത്തുപിടിച്ചുനിന്ന ബന്ധുക്കളുടെ മിഴികളും നിറഞ്ഞൊഴുകി.
വെള്ളിയാഴ്ച രാത്രി ചോറ്റാനിക്കരയിലെ ഹോട്ടൽമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയ നവാസിന് അന്ത്യാഞ്ജലി അർപ്പിക്കാൻ നൂറുകണക്കിന് ആളുകളാണ് ആലുവ ചുണങ്ങംവേലി നാലാംമൈലിലെ വടഗിരി നെസ്റ്റ് വീട്ടിലേക്ക് എത്തിയത്. ശനിയാഴ്ച ഉച്ചയ്ക്ക് നവാസിന്റെ മൃതദേഹം വീട്ടിലേക്കെത്തിക്കുമ്പോൾ നാട്ടുകാർക്കും ബന്ധുക്കൾക്കുമൊപ്പം നിരവധി ജനപ്രതിനിധികളും സിനിമാക്കാരും ഉണ്ടായിരുന്നു.

മന്ത്രി പി. രാജീവ് സംസ്ഥാന സർക്കാരിനുവേണ്ടി റീത്ത് സമർപ്പിച്ചു. വൈകീട്ട് നാലുമണിയോടെ മൃതദേഹം ആലുവ ടൗൺ ജുമാ മസ്ജിദിൽ എത്തിച്ചു. രണ്ടുമണിക്കൂറോളം നീണ്ട പൊതുദർശനത്തിൽ അന്തിമോപചാരമർപ്പിക്കാൻ നിരവധി പേരെത്തി. ആറുമണിയോടെ ടൗൺ ജുമാ മസ്ജിദിന്റെ കബർസ്താനിലായിരുന്നു അടക്കം.
ചലച്ചിത്രതാരങ്ങളായ ദിലീപ്, സിദ്ദീഖ്, ലാൽ, ലാൽ ജോസ്, ജയസൂര്യ, രമേഷ് പിഷാരടി, ശ്വേതാമേനോൻ, ദേവൻ, സുരേഷ് കൃഷ്ണ, സായ്‍കുമാർ, ജോയ് മാത്യു, ജയൻ ചേർത്തല, ഷാജോൺ, ഇർഷാദ്, കോട്ടയം നസീർ, ധർമജൻ ബോൾഗാട്ടി, കലാഭവൻ പ്രജോദ്, കലാഭവൻ റഹ്‌മാൻ, കൈലാഷ്, കെ.എസ്. പ്രസാദ്, സാജു കൊടിയൻ, ഹരിശ്രീ അശോകൻ, മണികണ്ഠൻ പട്ടാമ്പി, ഹരിശ്രീ യൂസഫ്, പ്രമോദ് മാള, ബിനു അടിമാലി, സാജു ശ്രീധർ, തെസ്‌നിഖാൻ തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു.
Content Highlights: Hundreds mourn the abrupt demise of Malayalam histrion Navas. Funeral held astatine Aluva Town Juma Masjid
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·