
മുരളി ഗോപി | ഫോട്ടോ: ജയ്‌വിൻ ടി. സേവ്യർ/മാതൃഭൂമി
സമകാലികസമൂഹത്തിലെ അസിഹ്ണുതയേയും സൈബറാക്രമണങ്ങളേയും കുറിച്ച് പരോക്ഷവിമര്‍ശനം നടത്തി തിരക്കഥാകൃത്തും നടനുമായ മുരളി ഗോപി. എഴുത്തുകാരനും സംവിധായകനുമായ പി. പത്മരാജനെ അനുസ്മരിച്ച് മാതൃഭൂമി ദിനപ്പത്രത്തിലെഴുതിയ ലേഖനത്തിലാണ് മുരളി ഗോപിയുടെ പരാമര്‍ശം. പത്മരാജന്റെ 80-ാം ജന്മവാര്‍ഷികദിനമായിരുന്നു മേയ് 23 വെള്ളിയാഴ്ച. അദ്ദേഹത്തെ കുറിച്ചുള്ള ലേഖനത്തില്‍ പത്മരാജന്റെ അകാലമരണത്തെ കുറിച്ച് വിവരിക്കവെയാണ് മുരളി ഗോപി പരോക്ഷ വിമര്‍ശനം നടത്തിയത്.
എഴുതിയ സത്യത്തോടുള്ള പക എഴുത്തുകാരന്റെ ചോരകൊണ്ടു തീര്‍ക്കാന്‍ മുഖവും തലയും മനസ്സും നാമവുമില്ലാത്ത ഭീരുക്കള്‍ കീബോര്‍ഡിന്റെ വിടവുകളില്‍ ഒളിഞ്ഞിരുന്ന് ആഹ്വാനങ്ങള്‍ നടത്തുന്ന കാലമാണിതെന്ന് അദ്ദേഹം ലേഖനത്തില്‍ പരാമര്‍ശിച്ചു. സമൂഹം ഒന്നടങ്കം കപടതയും ക്രൗര്യവുമുള്ള ഒരു 'മാധ്യമ'മായി മാറിയെന്നും 'രാഷ്ട്രീയ ശരി'കളുടെ പ്ലാസ്റ്റിക് കയറുകള്‍കൊണ്ട് നൈസര്‍ഗികതയെ വരിഞ്ഞു മുറുക്കിക്കൊല്ലുകയാണെന്നും അദ്ദേഹം ലേഖനത്തില്‍ പറയുന്നു.
"ഇന്ന്, പി. പത്മരാജന്റെ 80-ാം ജന്മവാര്‍ഷികം. 1991-ല്‍, മുതുകുളത്തുള്ള അദ്ദേഹത്തിന്റെ തറവാട്ടില്‍ ആയുസ്സാറാതെ വിടവാങ്ങിയ ആ വലിയ എഴുത്തുകാരന്റെ മൃതദേഹം കൊണ്ടുവന്നപ്പോള്‍, അവിടെ സന്നിഹിതരായിരുന്ന നൂറുകണക്കിനാളുകളില്‍ ഒരുവനായിരുന്നു ഞാനും. വലിയ വ്യസനത്തോടെ അന്ന് അവിടെ നില്‍ക്കുമ്പോള്‍ പത്തൊന്‍പതുകാരനായിരുന്ന ഞാന്‍ അനുശോചിച്ചത് അദ്ദേഹത്തിന് ''ദീര്‍ഘായുസ്സ് നല്‍കിയില്ലല്ലോ, പ്രപഞ്ചമേ...'' എന്ന നിഷ്‌കളങ്കമായ ഒരു ഉള്‍പരാതിയിലൂടെയായിരുന്നു. എന്നാല്‍, ഇന്നെനിക്കാ പരാതിയില്ല.
ഇന്ന്, 80 വയസ്സുള്ള, ജീവിച്ചിരിക്കുന്ന പത്മരാജനെ എനിക്ക് സങ്കല്പിക്കുവാനേ കഴിയുന്നില്ല. വാര്‍ധക്യത്തിന്റെ വ്യാകുലതകളില്‍പ്പെട്ടു മരിക്കേണ്ട ഒരാളല്ല അദ്ദേഹം എന്ന് ഇന്ന് ഞാനറിയുന്നു. സമൂഹം ഒന്നടങ്കം കപടതയും ക്രൗര്യവുമുള്ള ഒരു 'മാധ്യമ'മായി മാറിയ ഇക്കാലത്ത്, എഴുതിയ സത്യത്തോടുള്ള പക എഴുത്തുകാരന്റെ ചോരകൊണ്ടു തീര്‍ക്കാന്‍ മുഖവും തലയും മനസ്സും നാമവുമില്ലാത്ത ഭീരുക്കള്‍ കീബോര്‍ഡിന്റെ വിടവുകളില്‍ ഒളിഞ്ഞിരുന്ന് ആഹ്വാനങ്ങള്‍ നടത്തുന്ന ഈ കാലത്ത്, 'രാഷ്ട്രീയ ശരി'കളുടെ പ്ലാസ്റ്റിക് കയറുകള്‍കൊണ്ട് നൈസര്‍ഗികതയെ വരിഞ്ഞു മുറുക്കിക്കൊന്ന് വികടനിരൂപണത്തിന്റെ പങ്കകളില്‍ കെട്ടിത്തൂക്കുന്ന ഈ കാലത്ത്, അവിശുദ്ധരാഷ്ട്രീയം കളിച്ച് അംഗീകാരങ്ങളെപ്പോലും വിലയ്ക്കു വാങ്ങുന്ന ഇക്കാലത്ത്, പൊരുതിനില്‍ക്കാന്‍ ഒരു യൗവനംപോലുമില്ലാതെ, തീവ്രവിഷാദം ബാധിച്ച് പതിയെ ഉറഞ്ഞ് ഇല്ലാതാവുന്ന ഒരു വൃദ്ധനക്ഷത്രമായി അദ്ദേഹം മാറാതിരുന്നത് എന്തുകൊണ്ടും നന്നായി"- മുരളി ഗോപി കുറിച്ചു.
മാര്‍ച്ച് 27-ന് പുറത്തിറങ്ങിയ മോഹന്‍ലാല്‍-പൃഥ്വിരാജ് ചിത്രം എമ്പുരാന്‍ വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു. ഈ സിനിമയുടെ പ്രമേയത്തെ ചൊല്ലിയുണ്ടായ വിവാദത്തെ തുടര്‍ന്ന് എമ്പുരാനിലെ വിവാദമായ രംഗങ്ങള്‍ സിനിമയില്‍ നിന്ന് നീക്കാന്‍ തീരുമാനിച്ചതായി സോഷ്യല്‍മീഡിയയില്‍ പങ്കിട്ട കുറിപ്പില്‍ മോഹന്‍ലാല്‍ വ്യക്തമാക്കിയിരുന്നു. വിവാദത്തില്‍ ഖേദം പ്രകടിപ്പിച്ചുകൊണ്ടുള്ള ഈ കുറിപ്പ് ചിത്രത്തിന്റെ സംവിധായകനായ പൃഥ്വിരാജും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരും സാമൂഹികമാധ്യമ അക്കൗണ്ടുകളില്‍ പങ്കുവെച്ചിരുന്നെങ്കിലും തിരക്കഥാകൃത്തായ മുരളിഗോപി പരസ്യപ്രതികരണങ്ങളൊന്നും നടത്തിയിരുന്നില്ല.
Content Highlights: Murali Gopy's latest nonfiction criticism
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·