Published: November 06, 2025 11:23 AM IST
1 minute Read
മുംബൈ∙ വനിതാ ലോകകപ്പ് കിരീടനേട്ടത്തിനു പിന്നാലെ ഇന്ത്യൻ വൈസ് ക്യാപ്റ്റൻ സ്മൃതി മന്ഥനയുടെ പേരും ജഴ്സി നമ്പരും കയ്യിൽ ടാറ്റൂ ചെയ്ത് ഭാവിവരൻ പലാഷ് മുച്ചൽ. സ്മൃതിയുടെ പേരിന്റെ ചുരുക്കരൂപമായ ‘എസ്എം’ എന്നും ജഴ്സി നമ്പർ 18 ഉം ആണ് പലാഷ് കൈത്തണ്ടയിൽ ടാറ്റു ചെയ്തത്. പലാഷ് തന്നെയാണ് പുതിയ ടാറ്റുവിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.
സംഗീത സംവിധായകനായ പലാഷ് മുച്ചലും സ്മൃതിയും ഈ മാസം 20ന് വിവാഹിതരാകുമെന്നാണു വിവരം. 2019 മുതൽ സ്മൃതിയും പലാഷ് മുച്ചലും പ്രണയത്തിലാണ്. ലോകകപ്പ് ട്രോഫിയുടെ ചിത്രം സ്മൃതി മന്ഥനയും ടാറ്റു ചെയ്തിട്ടുണ്ട്. ഏകദിന ലോകകപ്പിൽ തകർപ്പൻ ബാറ്റിങ് പ്രകടനം നടത്തിയ സ്മൃതി ഇന്ത്യൻ താരങ്ങളിൽ ടോപ് സ്കോററായിരുന്നു. ഒരു സെഞ്ചറിയും രണ്ട് അർധ സെഞ്ചറികളും ഉൾപ്പടെ 434 റൺസാണ് സ്മൃതി മന്ഥന അടിച്ചെടുത്തത്.
ഫൈനലിൽ ദക്ഷിണാഫ്രിക്കയെ 52 റൺസിന് തോൽപിച്ചാണ് ഇന്ത്യൻ താരങ്ങൾ കന്നി ലോകകപ്പ് വിജയം സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 298 റൺസാണു നേടിയത്. മറുപടി ബാറ്റിങ്ങിൽ 45.3 ഓവറിൽ 246 റൺസടിച്ച് ദക്ഷിണാഫ്രിക്ക ഓൾഔട്ടായി. ജെമീമ റോഡ്രിഗസിനും ദീപ്തി ശർമയ്ക്കുമൊപ്പം ഐസിസിയുടെ ലോകകപ്പ് ടീമിലും സ്മൃതിക്ക് ഇടം ലഭിച്ചിരുന്നു.
English Summary:








English (US) ·