എസ്കേപ്പ്, ബാർസിലോനയിൽനിന്ന് രക്ഷപെടാൻ ലെവൻഡോവ്സ്കിക്ക് ഉപദേശം

5 months ago 5

മനോരമ ലേഖകൻ

Published: August 05 , 2025 10:02 AM IST

1 minute Read

ലെവൻഡോവസ്കി
ലെവൻഡോവസ്കി

മഡ്രിഡ് ∙ യുവതാരങ്ങൾ കളം പിടിച്ചു കഴിഞ്ഞതിനാൽ വെറ്ററൻ സ്ട്രൈക്കർ റോബർട്ട് ലെവൻഡോവ്സ്കിയോട് സ്പാനിഷ് ക്ലബ് ബാർസിലോനയിൽനിന്നു ‘രക്ഷപ്പെടാൻ’ ഉപദേശം. ജർമൻ കോച്ച് ഹാൻസി ഫ്ലിക്കിനു കീഴിൽ യുവതാരങ്ങൾക്കു പ്രാമുഖ്യമുള്ള ബാർസ ടീമാകും അടുത്ത സീസണിൽ കളത്തിലിറങ്ങുക.

ബാർസിലോനയുടെ അക്കാദമിയായ ലാ മാസിയയിലൂടെയും മറ്റും വന്ന യുവതാരങ്ങളും സ്പാനിഷ് സംസാരിക്കുന്ന മറ്റു കളിക്കാരുമുള്ള ടീമിൽ പോളണ്ടുകാരൻ ലെവൻഡോവ്സ്കി ‘പോപ്പുലർ’ ആകില്ലെന്നാണു ഫുട്ബോൾ നിരീക്ഷകരുടെ വിലയിരുത്തൽ. യുവതാരങ്ങൾ ലെവൻഡോവ്സ്കിക്കു പാസ് നൽകാൻ പോലും മടിക്കുന്ന അവസ്ഥയുണ്ടായേക്കും.

സബ്സ്റ്റിറ്റ്യൂട്ടായി ബെഞ്ചിലിരിക്കേണ്ടിയും വന്നേക്കാം. അതിനാൽ ലെവൻഡോവ്സ്കി എത്രയും വേഗം ബാർസിലോന വിട്ട് സൗദി അറേബ്യൻ ലീഗ് പോലെ ‘കടുപ്പം’ കുറഞ്ഞ ഏതെങ്കിലും ഒരിടത്തേക്കു കളി മാറ്റുന്നതാകും നല്ലതെന്നാണ് ഉപദേശം. ക്രിസ്റ്റ്യാനോ റൊണാൾഡോ ഉൾപ്പെടെയുള്ള പ്രമുഖ താരങ്ങളുടെ പാത പിന്തുടരാൻ ലെവൻഡോസവ്സ്കിയെ ഉപദേശിക്കുന്നവരുണ്ട്. എന്നാൽ, താൻ ഈ സീസണിൽ ക്ലബ് മാറാൻ ഒരുക്കമല്ലെന്ന നിലപാടിലാണു മുപ്പത്തിയാറുകാരനായ ലെവൻഡോവ്സ്കി.

ഹാൻസി ഫ്ലിക്കിനു കീഴിൽ ബാർസിലോനയുടെ മുന്നേറ്റനിരയിൽ കാര്യമായ അഴിച്ചുപണികൾ അടുത്ത സീസണിൽ ഉണ്ടാകുമെന്നാണു സൂചനകൾ. ലെവൻഡോവ്സ്കിയുടെ സ്ഥാനത്തു ഫെറാൻ ടോറസിനെ കോച്ച് കളിപ്പിച്ചേക്കും. ഒപ്പം ഫോൾസ് നയൻ പൊസിഷനിൽ ‍ഡാനി ഒൽമോ വരാനും സാധ്യതയുണ്ട്. സ്പാനിഷ് സംസാരിക്കുന്ന ഈ കളിക്കാരുടെ നടുവിൽ ലെവൻഡോവ്സ്കി മിസ് ഫിറ്റായിരിക്കുമെന്നാണ് നിരീക്ഷകരുടെ പക്ഷം. അടുത്ത സീസണിൽ ലെവൻഡോവ്സ്കിയെ കോച്ച് സബ്സ്റ്റിറ്റ്യൂട്ട് ആക്കിയാൽ പോലും അതിശയിക്കാനില്ലത്രേ! ഏറക്കുറെ പരസ്യമായിക്കഴിഞ്ഞ ഈ ചർച്ചകളോട് ഇതുവരെ പ്രതികരിച്ചിട്ടില്ല ലെവൻഡോവ്സ്കി.

ജർമൻ ക്ലബ് ബയൺ മ്യൂണിക്കിൽനിന്ന് 2022ലാണ് ലെവൻഡോവ്സ്കി ബാർസിലോനയിലേക്കു ചുവടുമാറിയത്. 2019 മുതൽ 2021 വരെ ഹാൻസി ഫ്ലിക്കിനു കീഴിൽ ബയണിൽ കളിച്ചിട്ടുണ്ട് ലെവൻഡോവ്സ്കി. ബാർസിലോനയിൽ എത്തിയശേഷം ഇതുവരെ 103 മത്സരങ്ങളിലായി 69 ഗോളുകൾ ലെവൻഡോവ്സ്കി നേടിയിട്ടുണ്ട്.

English Summary:

Hansi Flick's Youth Focus: Why Robert Lewandowski Might Be a Misfit astatine Barcelona

Read Entire Article